₹45,000 കടന്ന് പവന്‍ വില; പുതിയ റെക്കോഡിന് തൊട്ടരികെ സ്വര്‍ണം, 3 ദിവസത്തില്‍ ഉയര്‍ന്നത് ₹1,160

മേയ് 22 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില

Update:2023-10-20 12:33 IST

Image : Canva

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 5,640 രൂപയും പവന് 560 രൂപ കൂടി 45,120 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി പവന് 1,160 രൂപയുടെ കയറ്റമാണുണ്ടായത്.

ആഗോള വിപണിയില്‍ സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1,948 ഡോളറായിരുന്ന രാജ്യാന്തര വില 1,979.39 ഡോളറിലെത്തി. രാവിലെ 1,977 ഡോളറിലായിരുന്നു. കയറ്റം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്നു. പിന്നീടാണ് കയറ്റിറക്കങ്ങളിലൂടെ നിലവിലെ വിലയിലേക്ക് എത്തിയത്.

കേരളത്തിലും ആഗോള വിപണിയുടെ പ്രതിഫലനങ്ങളാണ് ഉണ്ടായത്. ഈ വര്‍ഷം  ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനാണ്. പവന് 45,760 രൂപയായിരുന്നു അന്ന്. പിന്നീട് 45,000 രൂപ നിരക്കില്‍ മേയ് 22 വരെ തുടര്‍ന്ന സ്വര്‍ണം തിരികെയിറങ്ങി. എന്നാല്‍ നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ താമസിയാതെ സ്വര്‍ണം പുതിയ റെക്കോര്‍ഡ് കുറിച്ചേക്കാം.

18 കാരറ്റ് സ്വര്‍ണത്തിനും ഏതാനും ദിവസങ്ങളായി വിലക്കയറ്റമാണ്. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,683 രൂപയായി. വെള്ളി വിലയില്‍ ഇന്നും വര്‍ധന ഉണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയുമാണ് വില.

Read This : സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ? കേള്‍ക്കാം വിദഗ്ധരുടെ വാക്കുകള്‍

ഒരു പവന് ഇന്നെത്ര നല്‍കേണ്ടി വരും?

പവന്‍ വില ഇന്ന് 45,120 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 55,000 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവലറികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.

Tags:    

Similar News