റീറ്റെയ്ല്‍ ഡയറക്റ്റിലൂടെ സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ബോണ്ടുകള്‍; ഒരാഴ്ചയില്‍ എത്തിയത് 32000 രജിസ്‌ട്രേഷന്‍

സര്‍ക്കാര്‍ ബോണ്ടില്‍ നിക്ഷേപിക്കാനുള്ള ആര്‍ബിഐ സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതെങ്ങനെ.

Update: 2021-11-19 13:19 GMT

റീറ്റെയ്ല്‍ ഡയറക്റ്റിലേക്ക് ആറ് ദിവസത്തില്‍ എത്തിയത് 32000 രജിസ്‌ട്രേഷന്‍. സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കി റിസര്‍വ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്‌ഫോം റീറ്റെയ്ല്‍ ഡയറക്ട് പ്രധാനമന്ത്രി ഇക്കഴിഞ്ഞ വാരമാണ് അവതരിപ്പിച്ചത്. പുതിയ പ്ലാറ്റ്ഫോംവഴി ഡിജിറ്റലായി വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും.

ഇതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ വിപണിയില്‍ റീറ്റെയ്ല്‍ പങ്കാളിത്തം ഉയരും. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, ഗവ.ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍, സര്‍ക്കാര്‍ ബോണ്ട് തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ വന്നു ചോരുക.
അതേസമയം നിക്ഷേപം സുരക്ഷിതമായിരിക്കാമെങ്കിലും, അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ആരംഭിക്കാന്‍ സാധ്യതയുള്ള അപ്‌സൈക്കിള്‍ പലിശനിരക്ക് അപകടസാധ്യതയുള്ളതിനാല്‍, നിക്ഷേപകര്‍ മാര്‍ക്കറ്റ്-ടു-മാര്‍ക്കറ്റ് നഷ്ടത്തെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് പോര്‍ട്ട്‌ഫോളിയോ ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നേട്ടങ്ങള്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവര്‍ഷത്തിനുമുകളിലുള്ളവ ഗവണ്‍മെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. 91 ദിവസം മുതല്‍ 40 വര്‍ഷംവരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. നിലവില്‍ 10 വര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 6.5ശതമാനവും മൂന്നുവര്‍ഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 5.1ശതമാനവുമാണ്.
സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്ന ബോണ്ടുകളായതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും. ഓഹരി നിക്ഷേപത്തിനപ്പുറം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകളില്‍ നിക്ഷേപം നടത്താം.
ഓഹരിക നിക്ഷേപത്തെപോലെയല്ല, നഷ്ടസാധ്യത കുറവാണ്. സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം. ആദായം ഉറപ്പായും ലഭിക്കും. അതേസമയം, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകും.
മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നിരക്ക് അല്ലെങ്കില്‍ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും.
കാലാവധിയെത്തുംമുമ്പ് എക്സ്ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം.
എക്സ്ചേഞ്ചിലെ ഇടപാടില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയാണ് ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തില്‍ ഗില്‍റ്റ് ഫണ്ട് എന്നപേരിലാണ് പുതിയ നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്.
നിക്ഷേപം നടത്താന്‍ :
കെവൈസി നടപടിക്രമം പാലിച്ച് റീറ്റെയില്‍ ഡയറക്ട് അക്കൗണ്ട് തുടങ്ങാം. ഓണ്‍ലൈനായി അതിന് സൗകര്യമുണ്ടാകും.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ 3.30വരെയാണ് ഇടപാടുകള്‍ നടത്താനാകുക.
വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം.
പാന്‍, കെവൈസി രേഖകള്‍, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.
എന്‍ആര്‍ഐക്കാര്‍ക്കും നിക്ഷേപം നടത്താം.


Tags:    

Similar News