എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളുടെ മോശം പ്രകടനം തുടരുമോ?
കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഓഹരിയുടെ പ്രകടനം നിരീക്ഷിച്ചാല്‍ അത് നിക്ഷേപകര്‍ക്ക് നേട്ടമൊന്നും നല്‍കിയിട്ടില്ല
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില ഇന്ന് (20-09-2023) ബി.എസ്.ഇയിലെ വ്യാപാരത്തില്‍ 4% ഇടിഞ്ഞ് 1,564 രൂപയില്‍വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഓഹരി വില ഇടിഞ്ഞതോടെ ഇതിന്റെ വിപണി മൂല്യം ഒരു ദിവസം കൊണ്ട് ഏകദേശം 49,000 കോടി രൂപ കുറഞ്ഞു. മുന്‍ സെഷനിലെ 12.34 ലക്ഷം കോടിയില്‍ നിന്ന് ഇന്ന് ബി.എസ്.ഇയില്‍ വിപണി മൂല്യം ഏകദേശം 11.85 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഓഹരിയുടെ മോശം പ്രകടനം തുടരുമോ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ട് എച്ച്.ഡി.എഫ്.സി ബാങ്ക് വിശകലന വിദഗ്ധര്‍ക്ക് മുന്നില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് നഷ്ടം. 2021 ഫെബ്രുവരിയില്‍, സ്റ്റോക്ക് ഏകദേശം 1,600 രൂപ എന്ന നിലയിൽ വ്യാപാരം നടന്നിരുന്ന ഓഹരി ഇന്ന് രണ്ടര വര്‍ഷത്തിന് ശേഷവും ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നത്.
ഓഹരിയിടിവിന് കാരണങ്ങളേറെ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നോമുറ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ 'വാങ്ങുക' എന്നതില്‍ നിന്നും 'ന്യൂട്രല്‍' എന്നതിലേക്ക് ഡൌൺഗ്രേഡ് ചെയ്തിരുന്നു. ആസ്തികളിലെ നേട്ടവും (return on assets) വായ്പാ വളര്‍ച്ചാ സമ്മര്‍ദ്ദവും കാണുന്നതിനാല്‍ അടുത്ത 12 മാസങ്ങളില്‍ ഓഹരികളില്‍ കാര്യമായ ഉയര്‍ച്ച കാണില്ലെന്ന് നോമുറ പറഞ്ഞു.
ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായുള്ള (HDFC) എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലയനത്തിന് ശേഷം ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം നേരിയ തോതിൽ ഉയരാന്‍ സാധ്യതയുണ്ടെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസന്‍ വൈദ്യനാഥന്‍ വിശകലന വിദഗ്ധരോട് പറഞ്ഞിരുന്നു. കൂടാതെ മാര്‍ജിനുകള്‍ കുറയുമെന്നും മാനേജ്മെന്റ് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ചു കമ്പനിയെ ട്രാക്ക് ചെയ്യുന്ന 47 അനലിസ്റ്റുകളില്‍ 44 പേര്‍ 'വാങ്ങുക' എന്നും മൂന്ന് പേര്‍ 'ഹോള്‍ഡ്' ചെയ്യുക എന്നുമാണ് നിർദേശിച്ചിരിക്കുന്നത്.