വിദേശനാണ്യ ശേഖരം കുറഞ്ഞു; വീഴ്ച 9-മാസത്തെ ഉയരത്തില്‍ നിന്ന്
കരുതല്‍ സ്വര്‍ണശേഖരത്തിലും ഇടിവ്
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഏപ്രില്‍ 21ന് സമാപിച്ച വാരത്തില്‍ 216.4 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 58,424.8 കോടി ഡോളറായാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ശേഖരം 165.7 കോടി ഡോളര്‍ ഉയര്‍ന്ന് 9-മാസത്തെ ഉയരമായ 58,641.2 കോടി ഡോളറില്‍ എത്തിയിരുന്നു.
2021 ഒക്ടോബറില്‍ കുറിച്ച 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. പിന്നീട് റഷ്യ-യുക്രെയിന്‍ യുദ്ധമുള്‍പ്പെടെ വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രൂപ സമ്മര്‍ദ്ദം നേരിടുകയും റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയേണ്ടി വരികയും ചെയ്തതോടെ ശേഖരം കുറയുകയായിരുന്നു.
കറന്‍സി ആസ്തിയും സ്വര്‍ണവും
വിദേശനാണ്യ ശേഖരത്തിലെ മുഖ്യവിഹിതമായ വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 214.6 കോടി ഡോളര്‍ കുറഞ്ഞ് 51,448.9 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 2.40 കോടി ഡോളര്‍ കുറഞ്ഞ് 4,615.1 കോടി ഡോളറിലെത്തി.