റെക്കോർഡിൽ നിന്ന് എങ്ങോട്ട് - വോട്ടിംഗ് മെഷീൻ പറയും; ഫലം രാവിലെ അറിയാം; വിദേശികൾ വീണ്ടും വാങ്ങലുകാരായി

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,580 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

Update:2024-06-04 07:54 IST

എക്സിറ്റ് പോളിന്റെയും ജിഡിപിയുടെയും ആവേശം ഇന്ത്യൻ വിപണിയെ റെക്കോർഡ് ഉയരങ്ങളിലേക്കു കയറ്റി. ഇന്ത്യൻ ഓഹരികളുടെ മൊത്തം വിപണിമൂല്യം അഞ്ചു ലക്ഷംകോടി ഡോളർ കടന്നു. അതു തുടരുമോ ഇല്ലയോ എന്ന് ഇന്നു തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ അറിയാം. രാവിലെ വ്യാപാരം തുടങ്ങുമ്പോൾ തന്നെ ഫലത്തിന്റെ ചിത്രം വ്യക്തമാകും എന്നാണു പ്രതീക്ഷ.

ഇന്നലെ യൂറോപ്യൻ വിപണി ഉയർന്നപ്പോൾ യുഎസ് വിപണി ഭിന്ന ദിശകളിലായി. യുഎസ് ഓഹരിവിപണി ഉയർന്നില്ലെങ്കിലും പലിശ കുറയ്ക്കലിൽ പ്രത്യാശ വച്ച് കടപ്പത്ര വിപണിയിലും സ്വർണവിപണിയിലും ചലനങ്ങൾ ഉണ്ടായി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,514 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,580 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശവിപണികള്‍

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും ഉയർന്നു ക്ലോസ് ചെയ്തു. ബ്രിട്ടീഷ് ഔഷധകമ്പനി ജി.സ്.കെ 9.5 ശതമാനം വരെ ഇടിഞ്ഞു. നെഞ്ചുവേദനയ്ക്കുള്ള സാൻടാക് എന്ന ഔഷധം കാൻസർ ഉണ്ടാക്കുന്നു എന്ന ആരോപണം സംബന്ധിച്ചു കേസ് വിചാരണ നടത്തും എന്ന റിപ്പോർട്ടാണു കാരണം.

യുഎസ് വിപണികൾ ഇന്നലെയും ഭിന്നദിശകളിലായി. ഡൗ താഴ്ന്നപ്പോൾ എസ് ആൻഡ് പിയും നാസ്ഡാകും ചെറിയ നേട്ടം കാണിച്ചു. ഫാക്ടറികളിലെ ഉൽപാദന സൂചിക ദുർബലമായത് പലിശ കുറയ്ക്കൽ സാധ്യത വർധിപ്പിച്ചതായി ബോണ്ട്, സ്വർണ വിപണികൾ കണക്കാക്കി. എന്നാൽ ഓഹരിവിപണി അനുകൂലമായി പ്രതികരിച്ചില്ല. മേയിലെ തൊഴിൽ കണക്ക് വെള്ളിയാഴ്ച പുറത്തുവരും. അതാകും വിപണി ഗൗരവമായി കണക്കിലെടുക്കുക.

ആപ്പിൾ ഓഹരി ഒരു ശതമാനത്തോളം ഉയർന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളറിനടുത്തെത്തി. ജനുവരി തുടക്കത്തിലെ നിലവാരത്തിലേക്ക് ഓഹരി തിരിച്ചു കയറി. എൻവിഡിയ വിപണിമൂല്യത്തിൽ മൈക്രോസോഫ്റ്റിന്റെ തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നു കരുതിയത് ഉണ്ടായില്ല.

ഡൗ ജോൺസ് സൂചിക 115.29 പോയിന്റ് (0.30%) താഴ്ന്ന് 38,571.03ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 5.89 പോയിന്റ് (0.11%) ഉയർന്ന് 5283.40 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 93.65 പോയിന്റ് (0.56%) കയറി 16,828.67 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ നേട്ടത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.09 ഉം ശതമാനം കയറി നിൽക്കുന്നു. പത്തു വർഷ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 4.392 ശതമാനമായി താണു. പലിശനിരക്കു കുറയുമെന്ന പ്രതീക്ഷയിലാണിത്.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ചയിലാണ്.

ഇന്ത്യന്‍ വിപണി

തിങ്കളാഴ്ച ഇന്ത്യൻ വിപണി പറന്നു എന്നു പറയുന്നതാകും ശരി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പിൽ വിപണി കൂട്ടിച്ചേർത്തതു 14 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം. ബിഎസ്ഇയിലെ ഓഹരികളുടെ മൊത്തം മൂല്യം 425.92 ട്രില്യൺ (ലക്ഷം കോടി) രൂപ അഥവാ 5.13 ട്രില്യൺ ഡോളർ ആയി. എക്സിറ്റ് പോളും ജിഡിപി കണക്കും പകർന്ന ആവേശത്തിൽ രാവിലെ മൂന്നര ശതമാനത്തിലധികം കുതിച്ചാണു വിപണി തുടക്കം കുറിച്ചത്. എന്നാൽ ആ നിലവാരത്തിനു താഴെയായി ക്ലോസിംഗ്.

വിദേശനിക്ഷേപകർ രണ്ടു മാസത്തെ സമീപനം മാറ്റി വാങ്ങലിനു തിരക്കുകൂട്ടി. ഷോർട്ട് കവറിംഗും ഉണ്ടായിരുന്നു.

ഇന്നലെ എല്ലാ മേഖലകളും കയറ്റത്തിലായിരുന്നു. ബാങ്കുകൾ(4.07%), പൊതുമേഖലാ ബാങ്കുകൾ (8.4%), ഓയിൽ-ഗ്യാസ് (6.81%), റിയൽറ്റി (5.95%), ധനകാര്യ കമ്പനികൾ (4.04%) എന്നിവ കുതിപ്പിനു മുന്നിൽ നിന്നു. ഐടി (0.39%), ഫാർമ (0.36%), ഹെൽത്ത് (0.45%) മേഖലകൾ ദുർബല കയറ്റമേ കാണിച്ചുള്ളൂ.

പൊതുമേഖലാ ഓഹരികളാണ് ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയത്. മിക്കവയും ആറു മുതൽ 12 വരെ ശതമാനം ഉയർന്നു.

അദാനി ഗ്രൂപ്പ് ഓഹരികൾ കുതിച്ചു. ഗ്രൂപ്പ് വിപണിമൂല്യം 20 ലക്ഷം കോടി രൂപയ്ക്കടുത്ത് എത്തി. റിലയൻസ് മാസങ്ങൾക്കു ശേഷം 3000 രൂപയ്ക്കു മുകളിൽ ക്ലോസ് ചെയ്തു.

76,583.29 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 76,738.89 വരെയും 23,337.90 ൽ തുടങ്ങിയ നിഫ്റ്റി 23,338.70 വരെയും കയറിയിട്ടാണു കുറച്ചു താഴ്ന്നു ക്ലോസ് ചെയ്തത്.

സെൻസെക്സ് 2507.47 പോയിന്റ് (3.39%) കുതിച്ച് 76,468.78 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 733.20 പോയിന്റ് (3.25%) ഉയർന്ന് 23,263.90 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 1996 പോയിന്റ് (4.07%) ഉയർന്ന് 50,979.95 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 3.19% കയറി 53,353.35 ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 2.41% ഉയർന്ന് 17,098.70 ൽ അവസാനിച്ചു.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 6850.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1913.98 കോടി രൂപയുടെ ഓഹരികളും വാങ്ങി.

തെരഞ്ഞെടുപ്പു ഫലമാണ് ഇന്നു വിപണിയെ നിയന്ത്രിക്കുക. എക്സിറ്റ് പോളുകൾ ശരിവയ്ക്കപ്പെട്ടാൽ ഒരു മിനി കുതിപ്പ് പ്രതീക്ഷിക്കാം. മറിച്ചായാൽ വിപണി ഇടിയും.

ഇന്നു നിഫ്റ്റിക്ക് 23,115 ലും 23,050 ലും പിന്തുണ ഉണ്ട്. 23,325-ഉം 23,400 ഉം തടസങ്ങൾ ആകാം.

സ്വർണം വീണ്ടും കയറുന്നു

യുഎസ് ഫെഡ് ഇനി പലിശ കൂട്ടുകയില്ലെന്നും നാലാം പാദത്തിൽ നിരക്കു കുറയ്ക്കുമെന്നും ഉള്ള ധാരണ വീണ്ടും പ്രബലമായി. ഇതോടെ സ്വർണവില വീണ്ടും കയറ്റം തുടങ്ങി. ഇന്നലെ ഒരു ശതമാനം കയറി ഔൺസിന് 2351.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2348 ഡോളറിലേക്കു താണു.

കേരളത്തിൽ സ്വർണം പവന് 320 രൂപ കുറഞ്ഞ് 52,880 രൂപ ആയി. ഇന്നു വില ഗണ്യമായി കൂടാം.

വെള്ളിവില ഔൺസിന് 30.53 ഡോളറായി ഉയർന്നു. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 97,000 രൂപയിൽ തുടർന്നു.

ഡോളർ സൂചിക തിങ്കളാഴ്ച 104.14 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104 ലാണ്.

രൂപ തിങ്കളാഴ്ച വലിയ നേട്ടം ഉണ്ടാക്കി. ഡോളർ 32 പൈസ താണ് 83.14 രൂപയായി. ഇന്നലെ രാവിലെ ഡോളർ 82.95 രൂപ വരെ ഇടിഞ്ഞതാണ്. ഇന്നും രൂപ നേട്ടം ഉണ്ടാക്കാമെന്നാണു രാജ്യാന്തര സൂചന.

ക്രൂഡ് ഓയിൽ വലിയ ഇടിവിലായി. ഒപെക് പ്ലസ് യോഗം ഉൽപാദനം കൂട്ടാൻ സഹായിക്കുന്ന തീരുമാനം എടുത്തതാണു കാരണം. ഒറ്റ ദിവസം കൊണ്ടു വില മൂന്നു ശതമാനം ഇടിഞ്ഞു. ഉൽപാദന നിയന്ത്രണം 2025 ലും തുടരുമെങ്കിലും ചില രാജ്യങ്ങൾ സ്വമേധയാ നടത്തിയ ഉൽപാദനം കുറയ്ക്കൽ പിൻവലിക്കും എന്നതാണു പുതിയ തീരുമാനം. ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങൾക്കു പുറമേ റഷ്യ അടക്കമുള്ള മിത്രരാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ്. ബ്രെന്റ് ഇനം ക്രൂഡ് 78.36 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താണ് 78.12 ഡോളറിൽ എത്തി. ഡബ്ള്യുടിഐ 74.02 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 79.08 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ പൊതുവേ താഴ്ചയിലായിരുന്നു. എന്നാൽ ചെമ്പ് വീണ്ടും 10,000 ഡോളറിനു മുകളിൽ കയറി. ചെമ്പും നിക്കലും മാത്രമാണ് ഇന്നലെ കയറിയത്. ചെമ്പ് 1.04 ശതമാനം ഉയർന്ന് ടണ്ണിന് 10,016.79 ഡോളറിൽ എത്തി. അലൂമിനിയം 1.97 ശതമാനം താണ് 2661.50 ഡോളറായി.

ക്രിപ്റ്റോ കറൻസികൾ ഉയർന്നു തുടരുന്നു. ബിറ്റ്കോയിൻ 69,000 ഡോളറിനു മുകളിലാണ്. ഈഥർ 3750 ഡോളറിലേക്കു താഴ്ന്നു.

വിപണിസൂചനകൾ

(2024 ജൂൺ 1, തിങ്കൾ)

സെൻസെക്സ് 30 76,468.78 +3.39%

നിഫ്റ്റി50 23,263.90 +3.25%

ബാങ്ക് നിഫ്റ്റി 50,979.95 +4.07%

മിഡ് ക്യാപ് 100 53,353.35 +3.19%

സ്മോൾ ക്യാപ് 100 17,098. 70 +2.41%

ഡൗ ജോൺസ് 30 38,571.00 -0.30%

എസ് ആൻഡ് പി 500 5283.40 +0.11%

നാസ്ഡാക് 16,828.70 +0.56%

ഡോളർ($) ₹83.14 -₹0.32

ഡോളർ സൂചിക 104.14 -0.53

സ്വർണം (ഔൺസ്) $2351.50 +$23.80

സ്വർണം (പവൻ) ₹52,880 -320

ക്രൂഡ് (ബ്രെന്റ്) ഓയിൽ $78.36 -$02.51

Tags:    

Similar News