വീണ്ടും ഐ.പി.ഒക്കാലം വരവായി; ₹25,000 കോടിയുടെ വന്‍ സമാഹരണ ലക്ഷ്യവുമായി ഹ്യുണ്ടായ്

ഓല ഇലക്ട്രിക്ക് ഉള്‍പ്പെടെ സെബിയുടെ അനുമതി ലഭിച്ച 18 കമ്പനികള്‍ അടുത്ത മാസങ്ങളില്‍ വിപണിയിലെത്തും

Update:2024-06-15 14:58 IST

Image : Canva

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും പ്രാരംഭ ഓഹരി വില്‍പ്പനകളുടെ (Initial Public Offer/IPO) പെരുമഴക്കാലം എത്തുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 30,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ഡസണിലധികം കമ്പനികളാണ് സെബിയുടെ (Securities and Exchange Board of India/SEBI) അനുമതി നേടി തയ്യാറായിരിക്കുന്നത്. ഇതിനൊപ്പം 25,000 കോടി രൂപയുടെ വമ്പന്‍ ഐ.പി.ഒയുമായി കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും  7,250 കോടി ലക്ഷ്യമിട്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓലയും കൂടി എത്താനൊരുങ്ങുകയാണ്.

കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സ്, അഫ്‌കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ്, സ്റ്റാന്‍ലി ലൈഫ് സ്റ്റൈല്‍സ്, വാറീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ്, ശിവ ഫാര്‍ചെം, ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, ഡി.ജെ ഡാര്‍ക്ള്‍ ലോജിസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ അടുത്ത മാസങ്ങളില്‍ ഐ.പി.ഒയുമായി വിപണിയിലെത്തും.
ഓലയ്ക്ക് അനുമതിയായി
ഇരുചക്ര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓലയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇരുചക്ര വാഹന മേഖലയില്‍ നിന്ന് വരുന്ന ആദ്യ ഐ.പി.ഒ ആയിരിക്കുമിത്. 7,250 കോടി രൂപയാണ് ഓല സമാഹരിക്കുക. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 5,500 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,750 കോടി രൂപയുടെ വില്‍പ്പനയുമാണ് ലക്ഷ്യമിടുന്നത്.
18 കമ്പനികള്‍ക്കാണ് സെബിയില്‍ നിന്ന് ഇതിനകം അനുമതി ലഭിച്ചത്. ഇവയെല്ലാം ചേര്‍ന്ന് 30,000 കോടി രൂപ സമാഹരിക്കും ഇതു കൂടാതെ 37 കമ്പനികള്‍ ഐ.പി.ഒയ്ക്കായി സെബിയെ സമീപിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുടെ ഐ.പി.ഒയാണ് വിപണിയില്‍ അവസാനം എത്തിയത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇക്‌സിഗോ ഐ.പി.ഒ നേടിയത്.
എല്‍.ഐ.സിയെ മറികടക്കാന്‍ ഹ്യുണ്ടായ്
ഇന്ത്യന്‍ വിപണി കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. 2022 മേയില്‍ നടന്ന എല്‍.ഐ.സിയുടെ 21,008 കോടി രൂപയുടെ ഐ.പി.ഒ ആയിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും വലത്.
ഐ.പി.ഒ വഴി മുന്നൂറ് കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) ആണ് ഹ്യുണ്ടായ് സമാഹരിക്കുക. 1.5 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയാണ് കമ്പനി ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിഭാഗം ഐ.പി.ഒയ്‌ക്കെത്തുന്നത്.
ഐ.പി.ഒയില്‍ പുതിയ ഓഹരികളുണ്ടാകില്ല. നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയല്‍ (ഒ.എഫ്.എസ്) മാത്രമാണ് ഉദ്ദേശിക്കുന്നത്. മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ ലിസ്റ്റഡ് കമ്പനികളുടെ നിരയിലേക്കാണ് ഹ്യുണ്ടായി എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഐ.പി.ഒയ്ക്കായി തയാറെടുക്കുന്ന ഹ്യൂണ്ടായ് ഉടന്‍ തന്നെ സെബിക്ക് ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചേക്കും.
Tags:    

Similar News