ജുന്‍ജുന്‍വാലയുടെ നിക്ഷേപമുള്ള പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി ഐപിഓയ്ക്ക് ഒരുങ്ങുന്നു
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ സജീവസാന്നിധ്യമായ കമ്പനി 2,000 കോടി രൂപ സമാഹരിക്കുന്നതിനായാണ് പദ്ധതിയിടുന്നത്.;
ജുന്‍ജുന്‍വാല, വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍ എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഐപിഓയ്ക്ക് ഒരുങ്ങുന്നു. ഈ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ കുറഞ്ഞത് 2,000 കോടി രൂപ സമാഹരിക്കുന്നതിനായിട്ടാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
'റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് കരട് ഈ മാസം അവസാനത്തോടെ ഫയല്‍ ചെയ്യാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഇത് ചിലപ്പോള്‍ ജൂണ്‍ ആദ്യമോ രണ്ടാം ആഴ്ചയോ ആയി മാറിയേക്കാമെന്നും ചിലരെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ആദ്യ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാവായി 2006 ല്‍ സ്ഥാപിതമായ സ്റ്റാര്‍ ഹെല്‍ത്ത് ആരോഗ്യം, വ്യക്തിഗത അപകടം, വിദേശ യാത്രാ ഇന്‍ഷുറന്‍സ് എന്നിവ നല്‍കുന്നു. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റിബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുള്‍പ്പെടെ 10-12 ഓളം നിക്ഷേപ ബാങ്കുകള്‍ ഈ ഐപിഒയ്ക്കായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്യുന്ന നാലാമത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് ദാതാക്കളാകും സ്റ്റാര്‍.
മറ്റ് ലിസ്റ്റുചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് എന്നിവയുള്‍പ്പെടുന്നു.