രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ ഓട്ടോ ഓഹരി ഇതാണ്

രാജ്യത്തെ പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സെപ്തംബര്‍ അവസാനിച്ച ത്രൈമാസത്തില്‍ പുതുതായി നിക്ഷേപം നടത്തിയത് ഈ കമ്പനിയിലാണ്

Update: 2020-10-22 11:14 GMT

രാജ്യത്തെ ഓഹരി നിക്ഷേപകര്‍ എന്നും ഉറ്റുനോക്കുന്ന, 'ബിഗ് ബുള്‍' രാകേഷ് ജുന്‍ജുന്‍വാല സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ നിക്ഷേപം നടത്തിയ കമ്പനികളുടെ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ആറുമാസത്തിനിടെ ജുന്‍ജുന്‍വാലയുടെ നെറ്റ്‌വര്‍ത്തില്‍ 45 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ മുന്‍നിര നിക്ഷേപകനായ ജുന്‍ജുന്‍വാല ഇതാദ്യമായി ടാറ്റ മോട്ടോഴ്‌സില്‍ ഓഹരി നിക്ഷേപം വര്‍ധിപ്പിച്ചിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ മറ്റ് പ്രമുഖ കമ്പനികളായ ടൈറ്റാന്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, റാലീസ് ഇന്ത്യ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജുന്‍ജുന്‍വാല സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ 1.29 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതാണ് വിവരം. ഒരു ശതമാനത്തിലേറെ ഓഹരികള്‍ കൈവശമുള്ള നിക്ഷേപകരുടെ വിവരങ്ങളാണ് കമ്പനികള്‍ പുറത്തുവിടുക. ഇതാദ്യമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ, ഈ പട്ടികയില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പേര് കടന്നുവരുന്നത്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ടാറ്റ മോട്ടോഴ്‌സ് ഓഹരി വിലയില്‍ 33 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാല വാട്ടര്‍ ട്രീറ്റ്‌മെന്റ് കമ്പനിയായ VA Tech Wabag ലാണ് പുതുതായി നിക്ഷേപം നടത്തിയിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള കാലയളവില്‍ ഈ കമ്പനിയുടെ ഓഹരി വിലയില്‍ 75 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബര്‍ 30 വരെ രേഖ ജുന്‍ജുന്‍വാല വിഎ ടെക്കിന്റെ 8.04 ശതമാനം ഓഹരികളാണ് വാങ്ങിയിരിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എന്‍സിസിയില്‍ ഓഹരി നിക്ഷേപം ജുന്‍ജുന്‍വാല വര്‍ധിപ്പിച്ചു. 11.45 ശതമാനത്തില്‍ നിന്ന് 12.14 ശതമാനമായാണ് കൂട്ടിയത്. ജൂണ്‍ 30 മുതല്‍ എന്‍സിസിയുടെ ഓഹരി വിലയില്‍ 16 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

അഗ്രോ ടെക് ഫുഡ്‌സ്, ഡെല്‍റ്റ കോര്‍പ്പ്, ജൂബിലന്റ് ലൈഫ് സയന്‍സസ്, ടിവി18 ബ്രോഡ്കാസ്റ്റ്, ലുപിന്‍ എന്നിവയിലും രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം വര്‍ധിപ്പിച്ചു. ഇതില്‍ ടിവി 18 ബ്രോഡ്കാസ്റ്റിന്റെ ഓഹരി വില ജൂണ്‍ 30 മുതലുള്ള കാലയളവില്‍ 17 ശതമാനം താഴ്ന്നു. ബാക്കി ഓഹരികളില്‍ പലതും ഇക്കാലയളവില്‍ 43 ശതമാനം വരെ വില വര്‍ധന രേഖപ്പെടുത്തി.

ഫെഡറല്‍ ബാങ്കില്‍ കുറച്ചു

അതിനിടെ എസ്‌കോര്‍ട്ട്‌സ്, ഫെഡറല്‍ ബാങ്ക്, പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി നിക്ഷേപം ജൂണ്‍ - സെപ്തംബര്‍ ത്രൈമാസത്തില്‍ ജുന്‍ജുന്‍വാല കുറച്ചു.

മാര്‍ച്ചില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നെറ്റ് വര്‍ത്ത് 9,169 കോടി രൂപയായിരുന്നുവെങ്കില്‍ ഇന്നത്തെ (വ്യാഴം) കണക്ക് പ്രകാരം 13,272 കോടി രൂപയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News