നിക്ഷേപകര്‍ക്ക് മികച്ച നേട്ടവുമായി കെയ്ന്‍സ് ടെക്‌നോളജിയുടെ അരങ്ങേറ്റം

786 രൂപവരെ ഉയര്‍ന്ന ഓഹരി വില പിന്നീട് ഇടിയുകയായിരുന്നു

Update: 2022-11-22 06:35 GMT

മികച്ച നേട്ടവുമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ (Kaynes Technology India LTD). ഇഷ്യൂ വിലയില്‍ നിന്ന് 33 ശതമാനം നേട്ടത്തില്‍ 778 രൂപയിലാണ് ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. 587 രൂപയായിരുന്നു ഐപിഒ വില. ബിഎസ്ഇയില്‍ 775 രൂപയ്ക്കായിരുന്നു ലിസ്റ്റിംഗ്.

നവംബര്‍ 10 മുതല്‍ 14 വരെയായിരുന്നു കെയ്ന്‍സ് ടെക്‌നോളജി ഐപിഒ. 559-587 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്. 858 കോടി രൂപ സമാഹരിച്ച ഐപിഒ 34.16 ശതമാനം ആണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. നിലവില്‍ 21.13 ശതമാനം ഉയര്‍ന്ന് 711.05 രൂപയിലാണ് (12.00 PM) എന്‍എസ്ഇയില്‍ കെയ്ന്‍സിന്റെ ഓഹരികളുടെ വ്യാപാരം. 786 രൂപവരെ ഉയര്‍ന്ന ഓഹരി വില പിന്നീട് ഇടിയുകയായിരുന്നു.

ഇലക്ട്രോണിക്സ് സിസ്റ്റം ആന്റ് ഡിസൈന്‍ മാനുഫാക്ചറിംഗ് സര്‍വീസസ് രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെയ്ന്‍സ് ടെക്നോളജി. മൈസൂര്‍ ആസ്ഥാനമായ കമ്പനിക്ക് ഹരിയാന, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും നിര്‍മാണ യൂണീറ്റുകളുണ്ട്.

2021-22 സാമ്പത്തിക വര്‍ഷം 41.68 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 706.25 കോടി രൂപയുടെ വരുമാനവും ഇക്കാലയളവില്‍ നേടി. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 199.27 കോടിയുടെ വരുമാനവും 1046 കോടിയുടെ അറ്റാദായവും ആണ് കെയ്ന്‍സ് ടെക്നോളജി രേഖപ്പെടുത്തിയത്.

Tags:    

Similar News