സെന്‍സെക്‌സ് 95 പോയ്ന്റ് താഴ്ന്നു; സ്‌മോള്‍, മിഡ് കാപ് ഓഹരികളില്‍ ഉണര്‍വ്

Update: 2020-09-03 11:57 GMT

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിച്ചുയരുകയോ കുത്തനെ കൂപ്പുകുത്തുകയോ ചെയ്തില്ല. ചാഞ്ചാട്ടത്തിന്റെ തോത് വളരെ കുറവായിരുന്നു. ഇന്നലത്തേതിനേക്കാള്‍ 95 പോയ്ന്റ് ഇടിവോടെ, അഥവാ 0.24 ശതമാനം താഴ്ന്ന് 38.991ല്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഐസിഐസിഐ ബാങ്ക് രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ടൈറ്റാന്‍ ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നു.

നിഫ്റ്റിയില്‍ 7.5 പോയ്ന്റിന്റെ കുറവാണുണ്ടായത്. അതായത് 0.065 ശതമാനം ഇടിവോടെ 11,527 ല്‍ ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു. സ്‌മോള്‍കാപ് സൂചിക 0.74 ശതമാനവും ഉയര്‍ന്നു.

നിക്ഷേപം വരാനിടയുണ്ടെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വൊഡഫോണ്‍ ഐഡിയ ഓഹരി വില 27 ശതമാനം ഉയര്‍ന്നു.

നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐറ്റി സൂചിക 1.5 ശതമാനം ഉയരുകയും ചെയ്തു.

ആഗോളസമ്പദ് വ്യവസ്ഥയിലെ ഉണര്‍വിന്റെ സൂചനകളുടെ ചുവടുപിടിച്ച് രാജ്യാന്തര ഓഹരി വിലകളില്‍ മുന്നേറ്റമുണ്ടായി. എണ്ണ വില ഒരു മാസത്തിനിടയിലെ താഴ്ന്ന തലത്തിലേക്ക് എത്തി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് പതിമൂന്നോളം കേരള കമ്പനികള്‍ ഇന്നലത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ഓഹരി വിലകള്‍ നേരിയ തോതില്‍ വര്‍ധിച്ചപ്പോള്‍ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിലകള്‍ താഴ്ന്നു.

എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലയില്‍ താഴ്ച സംഭവിച്ചപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ വിലയില്‍ നേട്ടമുണ്ടായി. റബ്ഫില ഇന്റര്‍നാഷണലിന്റെ വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News