ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടം 3.73 ലക്ഷം കോടി രൂപ! ഓഹരി വിപണിയില്‍ സംഭവിക്കുന്നതെന്താണ്?

Update: 2020-09-24 12:52 GMT

വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ആറു വ്യാപര ദിനങ്ങളിലായി സെന്‍സെക്‌സിന് നഷ്ടമായത് 2850 പോയന്റിലേറെയാണ്. ആറു ദിവസം കൊണ്ട് നിക്ഷേപകനുണ്ടായ നഷ്ടം 11.3 ലക്ഷം കോടി രൂപ. ഇന്ന് ഒറ്റ ദിവസത്തെ മാത്രം നഷ്ടം 3.73 ലക്ഷം കോടി രൂപ!
സെന്‍സെക്‌സ് 1114.82 പോയ്ന്റ് ഇടിഞ്ഞ് 36,553.60 ലും നിഫ്റ്റി 326.30 പോയ്ന്റ് ഇടിഞ്ഞ് 10805.55 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
പ്രധാന ഓഹരികളടങ്ങിയ സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ എന്നിവ മാത്രമാണ് നേട്ടത്തില്‍. മാരുതി സുസുകി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ നഷ്ടത്തിലായി.

എന്താണ് ഈ ഇടിവിന് കാരണം?

കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, യുഎസ് ഉത്തേജകപാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നീ ഘടകങ്ങളാണ് നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റിയത്. അവര്‍ ഓഹരികള്‍ വിറ്റ് സുരക്ഷിത മാര്‍ഗങ്ങളിലേക്ക് മാറുകയാണ്.
മാര്‍ച്ചിലെ ഇടിവിനു ശേഷം ഇപ്പോഴത്തെ ഈ ആറു ദിവസത്തെ ഇടിവ് കൂടി ആയപ്പോള്‍ ഓഹരി വിപണിയിലെ പകുതിയോളം കമ്പനികളും താഴേക്ക് പോയിട്ടുണ്ട്. ബ്ലൂചിപ് കമ്പനികളായിരുന്നു സെന്‍സെക്‌സിനെ ഇതുവരെ ഉയര്‍ത്തിയിരുന്നത്. മറ്റ് പല കമ്പനികളുടേയും അവസ്ഥ മോശമാണ്. പലര്‍ക്കും ആന്തരികമായി തന്നെ പ്രശ്‌നങ്ങളുണ്ട്.

മാര്‍ക്കറ്റില്‍ ഇതുവരെ കണ്ടിരുന്ന ഉയര്‍ച്ചയ്ക്ക് കൃത്യമായ അടിസ്ഥാനമില്ലെന്ന് പല വിപണി വിദഗ്ധരും കുറച്ചു കാലമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  ഇതിനു കാരണമായി അവര്‍ ചൂണ്ടാക്കാട്ടിയത് പല കാരണങ്ങളാണ്. ഒന്ന് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ല, പിന്നെ കോവിഡ് എന്ന ആരോഗ്യ പ്രശ്‌നത്തിന് മെഡിക്കല്‍ പരിഹാരം കാണാന്‍ ഇതു വരെ സാധിച്ചിട്ടില്ല.
രാജ്യത്ത് നിലനില്‍ക്കുന്ന മാന്ദ്യത്തിനു പ്രധാന കാരണം സപ്ലൈ- ഡിമാന്‍ഡ് പ്രശ്‌നങ്ങളാണ്. സര്‍ക്കാരിന്റെ സഹായങ്ങളെല്ലാം സപ്ലൈ സൈഡിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഡിമാന്‍ഡ് സൈഡ് മെച്ചപ്പെടുത്താനുള്ള നടപടികളൊന്നും തന്നെ ഉണ്ടായിട്ടുമില്ല.  ജനങ്ങളുടെ കൈകളിലേക്ക് പണമെത്തുന്ന നടപടികളുണ്ടായെങ്കില്‍ മാത്രമേ ഡിമാന്‍ഡ് ഉയരൂ. കോവിഡ് വ്യാപനം മുന്‍പത്തേക്കാള്‍ വ്യാപകമാകുകയും സാമ്പത്തിക രംഗത്ത് മാറ്റങ്ങളൊന്നുമുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്

തകര്‍ച്ച തുടര്‍ന്നാക്കാം

മുന്‍നിരയില്‍ നില്‍ക്കുന്ന പത്തോ പതിനഞ്ചോ കമ്പനികളെയെടുത്താല്‍ ബ്ലൂചിപ് കമ്പനികളൊഴികെ ബാക്കി കമ്പനികളുടെയെല്ലാം ആന്തരിക ഘടന വളരെ ദുര്‍ബലമാണ്.
റിലയന്‍സിനെ പോലുള്ള കമ്പനികളിലേക്ക് വന്ന നിക്ഷേപങ്ങള്‍, റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചത്, ലിക്വിഡിറ്റി ഒക്കെയാണ് ഈ സാഹചര്യത്തിലും വിപണിയെ ഉയര്‍ത്തി നിര്‍ത്തിയത്. ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വന്‍ തോതില്‍ പണം ഒഴുക്കിയതെല്ലാം വന്ന് ചേര്‍ന്നത് ധനകാര്യ വിപണിയിലേക്കാണ്. മറ്റ് അസറ്റ് ക്ലാസുകളുടെയെല്ലാംല്ലാം പ്രകടനം വളരെ മോശമായതിനാല്‍ ആളുകള്‍ ഓഹരി വിപണിയിലേക്ക് ചേക്കേറി.

എന്നാല്‍ ഇപ്പോള്‍ ആ ലിക്വിഡിറ്റിക്ക് ഒരു കുറവു വരാന്‍ പോവകുയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് വരുന്നു, മാത്രമല്ല ലോക രാജ്യങ്ങളിലെയെല്ലാം സര്‍ക്കാരുകള്‍ ഉത്തേജക പാക്കേജുകളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. വിപണിയിലേക്കുള്ള പുതിയ പണത്തിന്റെ പ്രവാഹം അതിനാല്‍ തന്നെ കുറവാണ്.  ഒപ്പംകോവിഡിന് അടുത്തെങ്ങും വാക്‌സിന്‍ കണ്ടുപിടിക്കാനാകില്ലെന്ന ആശങ്കയും നിക്ഷേപകര്‍ക്കുണ്ട്. കമ്പനികള്‍ക്കാണെങ്കില്‍ അവരുടെ റിസള്‍ട്ട് വന്ന് കഴിഞ്ഞ ശേഷമുള്ള മുന്നോട്ടുപോക്ക് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചുള്ള കൃത്യമയൊരു രൂപമില്ല. ഇതെല്ലാം വിപണിയില്‍ ഇനിയും തകര്‍ച്ചയ്ക്കുള്ള സാഹര്യം സൃഷ്ടിക്കുന്നുണ്ടെന്ന് തന്നെയാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

സ്വര്‍ണത്തിലും തിരിച്ചടി

സാമ്പത്തിക അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വര്‍ണവും ഇപ്പോള്‍ വില തകര്‍ച്ച നേരിടുകയാണ്. അപ്രതീക്ഷിതമായി ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ വിപണിയെ ബാധിച്ചത്. അസംസ്‌കൃത എണ്ണ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില 40 ഡോളറിന് താഴെയെത്തി.

കരകയറാനാകാതെ കേരള കമ്പനികളുടെ ഓഹരികളും

കേരള കമ്പനികളില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ്, പാറ്റ്‌സ്പിന്‍, വണ്ടര്‍ലാ എന്നീ ഓഹരികള്‍ ഒഴികെ മറ്റെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ഏഴു ശതമാനത്തിലധികം വിലയിടിവ് രേഖപ്പെടുത്തിയ റബ്ഫിലയാണ് നഷ്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. എഫ് എസിടിയുടെ വില അഞ്ച് ശതമാനം ഇടിഞ്ഞു.
അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, കേരള ആയുര്‍വേദ എന്നീ ഓഹരികള്‍ നാല് ശതമാനത്തിനു മുകളില്‍ നഷ്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News