ലാഭമെടുക്കലും വാങ്ങലും ശക്തം, ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ മറ്റൊരു ദിനം
ഇന്ത്യന്‍ ഫണ്ടുകള്‍ ലാഭമെടുക്കാന്‍ തിരക്കുകൂട്ടിയപ്പോള്‍ താഴേയ്ക്ക് പോയ ഓഹരി സൂചികകളെ പിന്നീടുയര്‍ത്തിയത് വ്യാപാര അവസാന മണിക്കൂറുകളിലെ വാങ്ങിക്കൂട്ടലുകള്‍
ഒരു ഭാഗത്ത് ലാഭമെടുക്കാന്‍ തിടുക്കം. മറുഭാഗത്ത് നിക്ഷേപം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ഇതായിരുന്നു സംഭവിച്ചത്. ഓഹരി സൂചികകള്‍ ഉയര്‍ന്ന തലത്തിലെത്തിയപ്പോള്‍ ലാഭമെടുക്കാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ ഫണ്ടുകള്‍. അതേസമയം, ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യത്തിന് മങ്ങലുമില്ല. വിദേശ പണം ഒഴുകിയെത്തുന്നത് വന്‍തോതില്‍ വാങ്ങലിന് കാരണമായപ്പോള്‍, സൂചികകള്‍ തലേദിവസത്തേതില്‍ നിന്നും അധികം മാറ്റമില്ലാത്ത തലത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് വെറും 20 പോയ്ന്റ്, അഥവാ 0.04 ശതമാനമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. 51,309ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി വെറും മൂന്ന് പോയ്ന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 15,106.5ലും.
അതേസമയം ബിഎസ്ഇ സ്‌മോള്‍, മിഡ് കാപ് സൂചികകള്‍ തലേദിവസത്തേക്കാള്‍ ഉയര്‍ച്ച രേഖപ്പെടുത്തി. മിഡ്കാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നപ്പോള്‍ മിഡ് കാപ് 0.4 ശതമാനം ഉയര്‍ന്നു.
സ്വകാര്യ ബാങ്കുകള്‍, മെറ്റല്‍, ചില ഇന്‍ഫ്രാ ഓഹരികള്‍ എന്നിവയില്‍ ലാഭമെടുക്കല്‍ പ്രകടമായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്നലെ മികച്ച റിസള്‍ട്ട് പുറത്തുവിട്ട മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇന്ന് ഏഴ് ശതമാനത്തോളം ഉയര്‍ന്നു. റബ്ഫിലയുടെ ഓഹരി വില അഞ്ച് ശതമാനത്തിലേറെ വര്‍ധിച്ചു. കെഎസ്ഇ ഓഹരിയുടെ വില നാലര ശതമാനത്തിലേറെയാണ് കൂടിയത്. കേരള ആയുര്‍വേദ ഓഹരി വിലയും നാല് ശതമാനത്തോളം ഉയര്‍ന്നു.
സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകള്‍ ഇന്ന് താഴ്ച്ചയാണ് രേഖപ്പെടുത്തിയത്.