തുടര്‍ച്ചയായ അഞ്ചാം ദിനവും താഴ്ന്ന് ഓഹരി സൂചികകള്‍
കേരള ഓഹരികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
കോവിഡ് വൈറസ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങളും ആഗോള വിപണിയില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും ആഭ്യന്തര വിപണിയെ പിന്നോട്ട് നയിച്ചു. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി സൂചികകള്‍ താഴ്ന്നു. സെന്‍സെക്‌സ് 1145.44 പോയ്ന്റ് താഴ്ന്ന് 49744.32 പോയ്ന്റിലും നിഫ്റ്റി 306.10 പോയ്ന്റ് താഴ്ന്ന് 14675.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1030 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1942 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഐറ്റിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം, അദാനി പോര്‍ട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കി. മെറ്റല്‍ സൂചികയൊഴികെ ബാക്കിയെല്ലാ മേഖലകളും ഇന്ന് താഴ്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗത്തിനും നേട്ടമുണ്ടാക്കാനായില്ല. ഏഴ് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തിലെത്താനായത്. 5.52 ശതമാനം നേട്ടവുമായി ഇതില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് മുന്നിലുണ്ട്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.75 ശതമാനം), നിറ്റ ജലാറ്റിന്‍ (1.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (0.94 ശതമാനം). പാറ്റസ്പിന്‍ ഇന്ത്യ (0.20 ശതമാനം), കിറ്റെക്‌സ് (0.14 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക്, എവിറ്റി നാച്വറല്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 21 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.