ചുവപ്പില്‍ നീങ്ങി വിപണി, സെന്‍സെക്‌സ് 1.2 ശതമാനം ഇടിഞ്ഞു

ഒമ്പത് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്

Update: 2022-04-22 11:42 GMT

വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തില്‍നിന്ന് കരകയറുമെന്ന പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരാന്ത്യത്തില്‍ നിക്ഷേപകര്‍ കൂട്ടമായി വിറ്റതോടെ നഷ്ടത്തിന്റെ തോത് കൂടി. ഒരു ഘട്ടത്തില്‍ പോലും പച്ചയിലേക്ക് നീങ്ങാത്ത ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 714 പോയ്ന്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 57,197 പോയന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 221 പോയിന്റ് ഇടിഞ്ഞ് 17,172 ലാണ് ക്ലോസ് ചെയ്തത്. രണ്ട് സൂചികകളും യഥാക്രമം 57,135, 17,149 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഏകദേശം രണ്ട് ശതമാനം വീതം കുറഞ്ഞ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫാര്‍മ, മെറ്റല്‍ സൂചികകളാണ് ഇന്ന് കനത്ത നഷ്ടം നേരിട്ടത്. ഓട്ടോ, എഫ്എംസിജി, ഐടി സൂചികകള്‍ 0.6 ശതമാനം വീതം കുറഞ്ഞു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്‌മോള്‍ക്യാപ് സൂചികയും യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഇടിഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഓഹരി വില ഇരട്ടിയിലേറെ വര്‍ധിച്ച അദാനി പവര്‍ മാര്‍ക്കറ്റ് ക്യാപ് അടിസ്ഥാനത്തിലുള്ള 50 കമ്പനികളുടെ പട്ടികയില്‍ പ്രവേശിച്ചു. ഇന്ന് 4.98 ശതമാനത്തോളം ഉയര്‍ന്ന അദാനി പവര്‍ 259.10 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ ഒമ്പത് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മണപ്പുറം ഫിനാന്‍സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. 




 


Tags:    

Similar News