ഇടിവില്‍ തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 617 പോയ്ന്റ് താഴ്ന്നു
ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്
തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 617 പോയ്ന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 56,580ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 187 പോയ്ന്റ് അഥവാ 1.09 ശതമാനം ഇടിഞ്ഞ് 16,985 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരുഘട്ടത്തില്‍ ഇരുസൂചികകളും യഥാക്രമം ഇന്‍ഡ്രാ ഡേയിലെ ഏറ്റവും താഴന്ന് നിലയായ 56539, 16888 എന്ന നിലയിലെത്തി. ചരക്ക് വില ഉയരുന്നതും കോവിഡ് ഭീതിയുമാണ് വിപണിയെ ഇന്നും താഴ്ചകളിലേക്ക് വലിച്ചിട്ടത്.
ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് എന്നിവ മാത്രമാണ് നിഫ്റ്റി സൂചികയില്‍ 2 ശതമാനം വരെ ഉയര്‍ന്ന് നേട്ടമുണ്ടാക്കിയത്. കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ എന്നിവ 6.5 ശതമാനം വരെ ഇടിഞ്ഞു.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ജൂബിലന്റ് ഫുഡ്വര്‍ക്ക്സ്, കമ്മിന്‍സ് ഇന്ത്യ, ഒബ്റോയ് റിയല്‍റ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍, ബിര്‍ള ടയേഴ്സ് എന്നിവ 5 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ഇടിഞ്ഞതോടെ വിശാല വിപണി സൂചികകള്‍ 1.8 ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക മാത്രമാണ് 0.44 ശതമാനം ഉയര്‍ന്ന് പോസിറ്റീവോടെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയാലിറ്റി സൂചിക നാല് ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി തുടര്‍ച്ചയായി രണ്ടാം ദിവസവും ചുവപ്പില്‍ നീങ്ങിയപ്പോള്‍ ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. എവിറ്റി (4.49 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.66 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (1.73 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.84 ശതമാനം), കിറ്റെക്സ് (1.57 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.80 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.