ലാഭമെടുപ്പില്‍ മുങ്ങി ഓഹരി സൂചികകള്‍; നിഫ്റ്റി 17000 ത്തിന് താഴെ
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു. ഐറ്റി ഒഴികെയുള്ള ഓഹരികളെല്ലാം ഇന്ന് വ്യാപകമായി വിറ്റഴിക്കപ്പെട്ടു.
സെന്‍സെക്‌സ് 889.40 പോയ്ന്റ് താഴ്ന്ന് 57011.74 പോയ്ന്റിലും നിഫ്റ്റി 263.20 പോയ്ന്റ് ഇടിഞ്ഞ് 16985.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 913 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2221 ഓഹരികളുടെ വില ഇടിഞ്ഞു. 76 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. വിപ്രോ, ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്‌നോളജീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഐറ്റി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ രണ്ടു ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ (3.84 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.09 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.57 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.15 ശതമാനം), കെഎസ്ഇ (0.54 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, എവിറ്റി, ഫെഡറല്‍ ബാങ്ക് തുടങ്ങി 23 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ഇന്‍ഡിട്രേഡ് (ജെആര്‍ജി) യുടെ വിലയില്‍ മാറ്റമുണ്ടായില്ല.