ഒമിക്രോണ്‍ ഭീതിയില്‍ വിപണി, സൂചികകളില്‍ ഇന്നും ഇടിവ്
കേരള കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
ഒമിക്രോണ്‍ വകഭേദത്തില്‍ പകച്ച് വിപണി. തുടര്‍ച്ചയായ രണ്ടാം സെഷനിലും സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 1189.73 പോയ്ന്റ് ഇടിഞ്ഞ് 55822.01 പോയ്ന്റിലും നിഫ്റ്റി 371.00 പോയ്ന്റ് ഇടിഞ്ഞ് 16614.20 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
621 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2604 ഓഹരികളുടെ വിലയിടിഞ്ഞു. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ സിപ്ല, എച്ച് യു എല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. റിയല്‍റ്റി, ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ സൂചികകളില്‍ 3-4 ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ മൂന്നു ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 0.34 ശതമാനം നേട്ടമാണ് കമ്പനി നേടിയത്. സിഎസ്ബി ബാങ്ക് , ഹാരിസണ്‍സ് മലയാളം, നിറ്റ ജലാറ്റിന്‍, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, എഫ്എസിടി, കിറ്റെക്‌സ്, ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അപ്പോളോ ടയേഴ്‌സ്, കെഎസ്ഇ തുടങ്ങി 28 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല.