ഐറ്റി, ഓട്ടോ ഓഹരികള്‍ തുണച്ചു സൂചികകളില്‍ മുന്നേറ്റം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി

Update: 2021-12-28 11:54 GMT

ഐറ്റി, ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍, തുടര്‍ച്ചയായ രണ്ടാം സെഷനിലും മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 477.24 പോയ്ന്റ് ഉയര്‍ന്ന് 57897.48 പോയ്ന്റിലും നിഫ്റ്റി 147 പോയ്ന്റ് ഉയര്‍ന്ന് 17233.30 പോയ്ന്റിലും ക്ലോസ് ചെയ്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും ആഗോള വിപണിയുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണിയും നേട്ടമുണ്ടാക്കുകയായിരുന്നു.
2519 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 773 ഓഹരികളുടെ വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. 99 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഏഷ്യന്‍ പെയ്ന്റ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റന്‍ കമ്പനി, അള്‍ട്രാ ടെക് സിമന്റ്, സണ്‍ ഫാര്‍മ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് കാലിടറി.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, ഐറ്റി, പി എസ് യു ബാങ്ക്, സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.9-1.4 ശതമാനം നേട്ടമുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 25 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 5.94 ശതമാനം നേട്ടവുമായി എഫ്എസിടി മുന്നില്‍ നില്‍ക്കുന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), എവിറ്റി (4.77 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.76 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.29 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.74 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.50 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.64 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കേരള ആയുര്‍വേദ എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.



 



Tags:    

Similar News