ഓഹരി സൂചികകളില്‍ ഇടിവ്: കാരണം ഇതാണ്

നേരിയ നഷ്ടം രേഖപ്പെടുത്തി ഓഹരി സൂചികകള്‍

Update: 2021-12-29 12:10 GMT

രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാര ആരംഭം മുതല്‍ കയറി ഇറങ്ങി നിന്ന സൂചികകള്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി രംഗത്തുണ്ടെന്നതാണ് ഇന്നത്തെ വിപണി നല്‍കുന്ന ശുഭ സൂചന. ഒമിക്രോണ്‍ വകഭേദത്തിന് വ്യാപകശേഷി കൂടുതലാണെങ്കിലും മാരക സ്വഭാവം കുറവാണെന്ന നിരീക്ഷണമാവാം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വാങ്ങലുകാരായി വിപണിയില്‍ നിലനിര്‍ത്തിയത്. എന്നിരുന്നാലും വിപണിയിലെ ബുള്‍ റാലിയ്ക്ക് ഒമിക്രോണ്‍ തടയിട്ട പ്രതീതിയാണ് ഇന്നുണ്ടായത്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ വ്യാപനം ഓരോ നാലു ദിവസം കൂടുന്തോറും ഇരട്ടിയാകുകയാണ്. ഇത് ഇന്ത്യയിലെ മൂന്നാം കോവിഡ് തരംഗത്തിന്റെ സൂചനയാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതെല്ലാം ഓഹരി വിപണിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

സെന്‍സെക്‌സ് 90.99 പോയ്ന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 57,806.49ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 19.65 പോയ്ന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 17,213.60 ലെത്തി.

ഈ മാസം ഇതാദ്യമായി വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വില്‍പ്പനയേക്കാള്‍ കൂടുതല്‍ വാങ്ങലുകള്‍ നടത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്. വിപണിയെ താങ്ങി നിര്‍ത്തിയ ഒരു ഘടകവും അതായിരുന്നു.

വിശാല വിപണി മുഖ്യ സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി സ്‌മോള്‍കാപ് 0.59 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മിഡ്കാപ് 0.13 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
13 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിഞ്ഞു. സ്‌കൂബിഡേ ഓഹരി വില 6.45 ശതമാനം ഇടിവ് രേഖപ്പെടുത്തി. വണ്ടര്‍ല ഓഹരി വില രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരി വില ഇന്ന് 5.96 ശതമാനം കൂടി. സിഎസ്ബി ബാങ്ക് ഓഹരി വില 2.28 ശതമാനം ഉയര്‍ന്നു.




 


Tags:    

Similar News