18000 തൊട്ട് നിഫ്റ്റി; 60,000 ല്‍ സെന്‍സെക്‌സ് സൂചികകളില്‍ മുന്നേറ്റം

വന്‍ മുന്നേറ്റവുമായി കിറ്റെക്‌സ്, സ്‌കൂബീ ഡേ... 21 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഉയര്‍ച്ച

Update: 2022-01-10 11:35 GMT

ദുര്‍ബലമായ ആഗോള വിപണിയും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ഓഹരി സൂചിക മുന്നേറി. സെന്‍സെക്‌സ് 650.98 പോയ്ന്റ് ഉയര്‍ന്ന് 60395.63 പോയ്ന്റിലും നിഫ്റ്റി 190.60 പോയ്ന്റ് ഉയര്‍ന്ന് 18003.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

പൊതുമേഖലാ ബാങ്ക്, ഐറ്റി, ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍ ഓഹരികളുടെ കരുത്തിലായിരുന്നു ഇന്ന് വിപണിയുടെ മുന്നേറ്റം.
2472 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 948 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. 88 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
യുപിഎല്‍, ഹീറോ മോട്ടോകോര്‍പ്, ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരിവില കൂടി. എന്നാല്‍ വിപ്രോ, നെസ്ലെ, ഡിവിസ് ലാബ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികള്‍ നിറം മങ്ങി.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക്, ഐറ്റി, ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ 1-3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.7-1 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കിറ്റെക്‌സിന്റെയും സഹോദര സ്ഥാപനമായ സ്‌കൂബീഡേയുടെയും ഓഹരി വിലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ദിവസമായിരുന്നു ഇന്ന്. കിറ്റെക്‌സ് ഓഹരി വിലയില്‍ 17.22 ശതമാനം വര്‍ധനയാണ് ഒറ്റ ദിവസം ഉണ്ടാക്കിയത്. 39.55 രൂപ ഉയര്‍ന്ന് 269.25 രൂപയിലെത്തി. സ്‌കൂബീഡേ ഗാര്‍മന്റ്‌സ് ഓഹരി വില 15.50 രൂപ വര്‍ധിച്ച് (10 ശതമാനം) 170.50 രൂപയിലുമെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ (ഒക്ടോബര്‍ - ഡിസംബര്‍) വരുമാനത്തില്‍ ഉണ്ടായ വന്‍ വര്‍ധനയാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില കൂടാന്‍ പ്രധാന കാരണം. 205 കോടി രൂപയാണ ത്രൈമാസ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 121 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 69 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്.
കേരള ആയുര്‍വേദ (8.61 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.98 ശതമാനം), ഫെഡറല്‍ ബാങ്ക് (4.54 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.54 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.44 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.36 ശതമാനം) തുടങ്ങി 21 കേരള കമ്പനികളുടെ ഓഹരി വിലയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി),
റബ്ഫില ഇന്റര്‍നാഷണല്‍, ആസ്റ്റര്‍ ഡി എം, എവിറ്റി, അപ്പോളോ ടയേഴ്‌സ് തുടങ്ങി എട്ട് കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.



 


Tags:    

Similar News