വിപണിയില്‍ ഉണര്‍വ്, സെന്‍സെക്സ് 1.16 ശതമാനം ഉയര്‍ന്നു
ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി
ഇന്നലത്തെ നഷ്ടത്തിന് പിന്നാലെ തിരിച്ചുകയറി ഓഹരി വിപണി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നേട്ടത്തോടെ നീങ്ങിയ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 617 പോയ്ന്റ് അഥവാ 1.16 ശതമാനം ഉയര്‍ന്ന് 53,751ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 194 പോയ്ന്റ് അഥവാ 1.13 ശതമാനം ഉയര്‍ന്ന് 15,989 പോയ്ന്റിലുമെത്തി.
പ്രധാന ഓഹരികളില്‍ റിലയന്‍സില്‍ 0.8 ശതമാനം ഇടിവുണ്ടായെങ്കിലും ബജാജ് ഓഹരികള്‍, എച്ച്യുഎല്, ഏഷ്യന്‍ പെയ്ന്റ്സ്, മാരുതി, ടൈറ്റന്, കൊട്ടക് ബാങ്ക്, നെസ്ലെ എന്നിവയാണ് സെന്‍സെക്സ് സൂചികയെ മുന്നോട്ടുനയിച്ചത്. ആരോഗ്യകരമായ ഒന്നാംപാദ ഫലം പുറത്തുവന്നതിന് പിന്നാലെ ബജാജ് ഫിനാന്‍സ് 4.75 ശതമാനം ഉയര്‍ന്നു. റിലയന്‍സിന് പുറമെ ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, എല്‍ആന്‍ഡ് ടി എന്നിവയുടെ ഓഹരി വിലയിലാണ് കുറവുണ്ടായത്.
മേഖലാതലത്തില്‍ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 2-2.6 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 23 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ് (3.71 ശതമാനം), എവിറ്റി (1.82 ശതമാനം), സിഎസ്ബി ബാങ്ക് (1.95 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.10 ശതമാനം), ഫെഡറല്‍ ബാങ്ക് (1.00 ശതമാനം), കിറ്റെക്സ് (2.11 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.05 ശതമാനം), നിറ്റ ജലാറ്റിന്‍ (3.12 ശതമാനം), സ്കൂബീ ഡേ ഗാര്‍മന്റ്സ് (1.32 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.77 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.00 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് ഫിനാന്‍സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, കേരള ആയുര്‍വേദ എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.