കുതിച്ചു മുന്നേറി കിറ്റെക്‌സ് ഓഹരി വില, ഒറ്റ ദിവസം കൊണ്ട് വര്‍ധന 23 രൂപ

ഏഷ്യന്‍ ഓഹരി വിപണികളെ പിടിച്ചുലച്ച് കോവിഡ് ഡെല്‍റ്റ വൈറസ്

Update: 2021-07-09 12:33 GMT

കേരള സര്‍ക്കാരുമായി തുറന്ന പോര് നടത്തുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് ഓഹരി വില ഇന്ന കുതിച്ചുമുന്നേറി. ഒറ്റ ദിവസം കൊണ്ട് 23 രൂപയാണ് കൂടിയത്. ഒരാഴ്ച കൊണ്ട് എട്ട് ശതമാനത്തോളമായിരുന്നു വില വര്‍ധനയെങ്കില്‍ ഇന്ന് കിറ്റെക്‌സ് ഓഹരി വില 19.72 ശതമാനം കൂടി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിക്ഷേപം നടത്താന്‍ കിറ്റെക്‌സിന് ലഭിച്ച ക്ഷണം നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പ് നിര്‍മാണമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് നിര്‍മാതാക്കളില്‍ ഒന്നാണ് കിറ്റെക്‌സ്. Gerber, Carter's, Walmart, Target, Amazon തുടങ്ങിയവരെല്ലാം കിറ്റെക്‌സിന്റെ പ്രമുഖ ഇടപാടുകാരാണ്. ലിറ്റില്‍ സ്റ്റാര്‍ എന്ന സ്വന്തം ബ്രാന്‍ഡും കമ്പനിക്കുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദന ശേഷി 4,32,000 യൂണിറ്റുകളാണ്.

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ കിറ്റെക്‌സിന്റെ 3500 കോടി നിക്ഷേപം വരുന്ന പദ്ധതി ആകര്‍ഷിക്കാന്‍ വേണ്ടി ഇപ്പോള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ഒപ്പം ബംഗ്ലാദേശ് സര്‍ക്കാരും കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനം വിലയിരുത്തിയാല്‍, ഏഷ്യന്‍ വിപണികളെ ബാധിച്ച കോവിഡ് ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ ഭീതി ഇവിടെയും പ്രതിഫലിച്ചു. ഒപ്പം ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറായതും വിപണിയെ താഴ്ത്തി. സെന്‍സെക്‌സ് 182.75 പോയ്ന്റ് താഴ്ന്ന് 52,386 ല്‍ ക്ലോസ് ചെയ്തു. സൂചിക കമ്പകളിലെ വമ്പന്മാരായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ് എന്നിവയുടെ ഓഹരി വിലകളുടെ താഴ്ചയാണ് നഷ്ടത്തിന് ആക്കം കൂട്ടിയത്. നിഫ്റ്റി 38.10 പോയ്ന്റ് ഇടിഞ്ഞ് 15,686 പോയ്ന്റിലെത്തി.

എന്നാല്‍ ഇന്നും വിശാല വിപണി ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് 139 പോയ്ന്റ് ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ കാപ് 99 പോയ്ന്റ് വര്‍ധന രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കിറ്റെക്‌സിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് ഇന്ന്് എടുത്തുപറയാവുന്ന ഒന്ന്. നിറ്റ ജലാറ്റിന്റെ ഓഹരി വിലയില്‍ എട്ടുശതമാനത്തോളം വര്‍ധനയുണ്ടായി. ഇന്ന് ഒരു ദിവസം കൊണ്ട് കമ്പനിയുടെ ഓഹരി വില 17 രൂപ കൂടി. ജിയോജിത് ഓഹരി വില മൂന്നര ശതമാനത്തിലേറെ ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നു. സിഎസ്ബി ഓഹരി വില രണ്ടുരൂപ കൂടി. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമില്ല.




 


 




Tags:    

Similar News