മെറ്റല്‍, പവര്‍ ഓഹരികള്‍ തിളങ്ങി, നിറം മങ്ങി ഐറ്റി ഓഹരി; സൂചികകളില്‍ നേരിയ മുന്നേറ്റം
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും നേട്ടമുണ്ടാക്കി
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയെങ്കിലും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 86.61 പോയ്ന്റ് ഇടിഞ്ഞ് 54395.23 പോയ്ന്റിലും നിഫ്റ്റി 4.60 പോയ്ന്റ് ഇടിഞ്ഞ് 16216 പോയ്ന്റിലുമാണ് ഇന്ന് വ്യ്പാരം അവസാനിപ്പിച്ചത്.
2035 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1297 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 155 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര & മഹീന്ദ്ര, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എന്നാല്‍ ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബിപിസിഎല്‍, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി, പവര്‍ സെക്ടറല്‍ സൂചികകള്‍ 1-4 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐറ്റി സൂചികയില്‍ 3 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5-1 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരളത്തിന്റെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിന്റെയും ഓഹരി വില ഇന്ന് ഉയര്‍ന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (7.44 ശതമാനം), കേരള ആയുര്‍വേദ ( 4.98 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ ( 4.90 ശതമാനം), നിറ്റ ജലാറ്റിന്‍ ( 4.05 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.76 ശതമാനം) തുടങ്ങി 19 കേരള കമ്പനി ഓഹരികളും നേട്ടമുണ്ടാക്കിയപ്പോള്‍ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), വണ്ടര്‍ലാ ഹോളിഡേയ്‌സ്, കെഎസ്ഇ, ധനലക്ഷ്മി ബാങ്ക്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവ് ഉണ്ടായി.