വിപണിയില്‍ ഇന്നും ഇടിവ്, സെന്‍സെക്‌സ് 372 പോയ്ന്റ് താഴ്ന്നു

പാറ്റ്സ്പിന്‍ ഇന്ത്യയുള്‍പ്പെടെ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2022-07-13 11:42 GMT

ശുഭപ്രതീക്ഷകളുമായി നേട്ടത്തോടെ വിപണി വ്യാപാരം തുടങ്ങിയെങ്കിലും യുഎസിലെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇടിവിലേക്ക് വീണു. യുഎസിലെ ജൂണിലെ പണപ്പെരുപ്പം മെയ് മാസത്തില്‍ രേഖപ്പെടുത്തിയ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 8.6 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി ഉയരുമെന്നാണ് ആഗോള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് നിരക്കുകള്‍ ഉയര്‍ത്തുന്നത് തുടരാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമെന്ന വിലയിരുത്തലുകളുണ്ട്.

ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 372 പോയ്ന്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 53,514 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 91 പോയ്ന്റ് അഥവാ 0.57 ശതമാനത്തിലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികയില്‍ എച്ച്യുഎല്‍, ഏഷ്യന്‍ പെയ്ന്റ്സ്, കൊട്ടക് ബാങ്ക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, നെസ്ലെ എന്നിവയുടെ ഓഹരി വില 2 ശതമാനം വരെ ഉയര്‍ന്നു. 30 കമ്പനികളില്‍ 16 ഓഹരികളും നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ടെക് എം, വിപ്രോ, ടൈറ്റന്‍ എന്നിവയുടെ ഓഹരി വിലയില്‍ 1-3 ശതമാനം വരെ ഇടിവുണ്ടായി.
വിശാല വിപണിയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടന്ന് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.32, 0.04 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍ ബാങ്ക് & ഫിനാന്‍ഷ്യല്‍സ്, ഓയ്ല്‍ എന്നിവ 1 ശതമാനം താഴ്ന്നു. അതേസമയം, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ 1 ശതമാനം വീതം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.14 ശതമാനം), സിഎസ്ബി ബാങ്ക് (2.20 ശതമാനം), നിറ്റ ജലാറ്റിന്‍ (2.59 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.07 ശതമാനം) തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിറ്റെക്സ്, കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 




Tags:    

Similar News