നാല് ദിവസങ്ങള്‍ക്കൊടുവില്‍ വിപണി ഉണര്‍ന്നു, സെന്‍സെക്‌സ് 428 പോയ്ന്റ് കയറി

കേരള കമ്പനികളില്‍ സ്‌കൂബീ ഡേ ഗാര്‍മന്റ്സിന്റെയും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെയും ഓഹരിവില അഞ്ച് ശതമാനം വീതം ഇടിഞ്ഞു;

Update:2022-06-09 17:02 IST

നാല് ദിവസത്തെ ഇടിവുകള്‍ക്കുശേഷം വിപണിയില്‍ ആശ്വാസറാലി. ഊര്‍ജം, ഫാര്‍മ, എഫ്എംസിജി, ഐടി ഓഹരികളില്‍ വന്‍തോതിലുള്ള വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചതോടെയാണ് വിപണി മുന്നേറിയത്. രാവിലെ ചാഞ്ചാട്ടത്തോടെ നീങ്ങിയ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ഉച്ചയ്ക്കുശേഷം മുന്നേറി. സെന്‍സെക്സ് 427 പോയ്ന്റ് അഥവാ 0.78 ശതമാനം ഉയര്‍ന്ന് 55,320 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 122 പോയ്ന്റ് അഥവാ 0.74 ശതമാനം മുന്നേറി 16,478 ലും എത്തി. വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം വരെ ഉയര്‍ന്നു.

ഡോ.റെഡ്ഡീസ് ലാബ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടെക് എം, ഇന്‍ഫോസിസ്, ഓയില്‍ ഇന്ത്യ, കോണ്‍കോര്‍, ഐഇഎക്സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, പിഎന്‍ബി ഹൗസിംഗ്, സുസ്ലോണ്‍, സിഎഎംഎസ് എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍.
എന്‍ടിപിസി, എം ആന്റ് എം, അള്‍ട്രടെക്ക് സിമന്റ്, എച്ച്‌യുഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. മേഖലാതലത്തില്‍, നിഫ്റ്റി ഐടി സൂചിക ഒരു ശതമാനവും ഫാര്‍മ 1.2 ശതമാനവും എഫ്എംസിജി 0.5 ശതമാനം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 16 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.23 ശതമാനം), സിഎസ്ബി ബാങ്ക് (2.35 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.00 ശതമാനം), കിറ്റെക്സ് (2.76 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.86 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.06 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
സ്‌കൂബീ ഡേ ഗാര്‍മന്റ്സിന്റെ ഓഹരി വിലയില്‍ 5.07 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 5.06 ശതമാനവും ഇടിവുണ്ടായി. അപ്പോളോ ടയേഴ്സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ്എസിടി, കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ തുടങ്ങിയവയാണ് ഓഹരി വിപണിയില്‍ നഷ്ടം നേരിട്ട കേരള കമ്പനികള്‍.



 



Tags:    

Similar News