ചുവപ്പില്‍നിന്ന് പച്ചയിലേക്ക് കുതിച്ച് വിപണി, സെന്‍സെക്‌സ് 697 പോയ്ന്റ് ഉയര്‍ന്നു

അഞ്ച് ദിവസത്തിനിടെ 25 ശതമാനത്തിന്റെ നേട്ടവുമായി കേരള കമ്പനിയായ വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്

Update: 2022-03-22 12:33 GMT

വ്യാപാരത്തിന്റെ പകുതി വരെ ചുവപ്പില്‍ തുടര്‍ന്ന വിപണി ഐടി, ഓട്ടോ ഓഹരികളുടെ ബലത്തില്‍ തിരിച്ചുകയറി. ചൊവ്വാഴ്ച ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.22 ശതമാനം അഥവാ 696.81 പോയ്ന്റ് ഉയര്‍ന്ന് 57,989.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് 1,059 പോയ്ന്റ് ഉയര്‍ന്നു. നിഫ്റ്റി 198 പോയിന്റ് അഥവാ 1.16 ശതമാനം ഉയര്‍ന്ന് 17,315.5 ലാണ് ക്ലോസ് ചെയ്തത്. സൂചിക 17,006 എന്ന ഇന്‍ട്രാ-ഡേയിലെ ഏറ്റവും താഴ്ന്ന നിലയിലും 17,334 എന്ന ഉയര്‍ന്ന നിലയിലും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്റ്റോക്കിലും ഐടി, ഓട്ടോ ഓഹരികളിലും ശക്തമായ വാങ്ങലുകളുണ്ടായതാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്.

സെന്‍സെക്സില്‍ 2.5 ശതമാനം ഉയര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം സമ്മാനിച്ചു. ടെക് എം, ടാറ്റ മോട്ടോഴ്സ്, ബിപിസിഎല്‍, ഐടിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടിസിഎസ്, കൊട്ടക് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് 1-4 ശതമാനം വരെ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. എച്ച്യുഎല്‍, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ, സിപ്ല എന്നിവ 2 - 3 ശതമാനം വരെ ഇടിഞ്ഞു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.2 ശതമാനം വീതം ചെറിയ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും കേരള കമ്പനികളില്‍ 16 ഓഹരികളുടെ വിലകള്‍ മാത്രമാണ് ഉയര്‍ന്നത്. അപ്പോളോ ടയേഴ്സ് (0.80 ശതമാനം), എഫ്എസിടി (4.01 ശതമാനം), ഫെഡറല്‍ ബാങ്ക് (1.54 ശതമാനം), കേരള ആയുര്‍വേദ (1.89 ശതമാനം), കിറ്റെക്സ് (3.08 ശതമാനം), നിറ്റ ജലാറ്റിന്‍ (1.96 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (3.91 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.82 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റി, ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി. അതേസമയം, കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി കേരള കമ്പനിയായ വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരി വില 25.79 ശതമാനമാണ് ഉയര്‍ന്നത്.




 


Tags:    

Similar News