ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേരിയ ഇടിവ്, ടാറ്റ സ്റ്റീല്‍ ഏഴ് ശതമാനം താഴ്ന്നു
കേരള കമ്പനികളില്‍ ഏഴ് എണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
വാങ്ങലുകള്‍ ശക്തമായതിന് പിന്നാലെ ചാഞ്ചാടിയ ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് നഷ്ടം തിരിച്ചുപിടിച്ച് 54,857 എന്ന ഉയര്‍ന്ന നിലയിലേക്ക് കുതിച്ചെങ്കിലും 106 പോയ്ന്റ് താഴ്ന്ന് 54,364 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 62 പോയിന്റ് താഴ്ന്ന് 16,240 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. സണ്‍ ഫാര്‍മ, എന്‍ടിപിസി, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ശതമാനം ഉയര്‍ന്ന് നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയ്ന്റ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവ രണ്ട് ശതമാനം വീതവും നേട്ടമുണ്ടാക്കി.
വിശാല വിപണി കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍ ബിഎസ്ഇ മെറ്റല്‍ സൂചിക 5.6 ശതമാനം ഇടിഞ്ഞു. പവര്‍ സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. എനര്‍ജി, റിയാലിറ്റി സൂചികകള്‍ 2-3 ശതമാനം വീതം ഇടിഞ്ഞു.
വിപണിയിലെ അരങ്ങേറ്റക്കാരനായ റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയറിന്റെ (ആര്‍സിഎംഎല്‍) ഓഹരികള്‍ ബിഎസ്ഇയില്‍ 506 രൂപയിലാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. അതിന്റെ ഇഷ്യു വിലയായ 542 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനം ഇടിവോടെയാണ് ലിസ്റ്റിംഗ്.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ ഏഴ് എണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അപ്പോളോ ടയേഴ്‌സ് (2.51 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (6.56 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.92 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.08 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ വലിയ ഇടിവുണ്ടായി.