രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ഇടിവ്

കേരള കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 13.7 ശതമാനം ഇടിഞ്ഞു

Update: 2022-05-18 11:36 GMT

ഇന്നലെ കുതിച്ചുയര്‍ന്നെങ്കിലും രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി നേരിയ ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യപകുതിയില്‍ പച്ചയില്‍ മുന്നേറിയ വിപണി ഉച്ചയ്ക്ക് ശേഷം ചാഞ്ചാട്ടത്തിലേക്ക് വീണു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 110 പോയ്ന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 54,209 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 16,240 ലും ക്ലോസ് ചെയ്തു.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.33 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി റിയാലിറ്റി 1.75 ശതമാനവും പിഎസ്യു ബാങ്ക് സൂചികകള്‍ 1.6 ശതമാനവും ഇടിഞ്ഞ് വലിയ നഷ്ടം നേരിട്ടു. ഫ്എംസിജിയും ഫാര്‍മയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
പരദീപ് ഫോസ്‌ഫേറ്റിന്റെ ഐപിഒ രണ്ടാം ദിവസമായ ഇന്ന് 50 ശതമാനത്തില്‍ സബ്‌സ്‌ക്രിപ്ഷനാണ് നേടിയത്. ഇതുവരെ 90 ശതമാനത്തോളം സബ്സ്‌ക്രിപ്ഷനുള്ള റീട്ടെയില്‍ നിക്ഷേപകരാണ് മുന്നിലുള്ളത്. എഥോസ് ഇഷ്യൂവിന്റെ ആദ്യ ദിവസം തന്നെ 20 ശതമാനത്തിലധികം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗം ഏകദേശം 47 ശതമാനമാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.
കേരള കമ്പനികളുടെ പ്രകടനം
വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ 12 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 13.7 ശതമാനം താഴ്ന്നു. 33.95 രൂപ ഇടിഞ്ഞ് 213.60 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എസിടി (4.98 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.40 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.04 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.12 ശതമാനം) എന്നിവയാണ് ഇന്ന് വലിയ നഷ്ടം നേരിട്ട ഓഹരികള്‍.




 


Tags:    

Similar News