വിപണി വീണ്ടും ഇടിവില്‍, സെന്‍സെക്സ് 1,416 പോയ്ന്റ് താഴ്ന്നു
എട്ട് കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി, മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വിലയില്‍ 9.61 ശതമാനം ഇടിവ്
ആഗോള വിപണികളിലെ പതനം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. രക്തച്ചൊരിച്ചിലോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് കുത്തിയൊലിച്ചത് 6.75 ട്രില്യണ്‍ രൂപയാണ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1416 പോയ്ന്റ് അഥവാ 2.61 ശതമാനം ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ സൂചിക 52,669.5 എന്ന ഇന്‍ട്രാ-ഡേയിലെ താഴ്ന്ന നിലയിലെത്തി. ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂലധനം 255.77 ട്രില്യണില്‍ നിന്ന് 249.02 ട്രില്യണായി ഇടിഞ്ഞതിനാല്‍ നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് നഷ്ടമായത് 6.75 ട്രില്യണ്‍ രൂപയാണ്.
നിഫ്റ്റി 50 സൂചിക 431 പോയിന്റ് അഥവാ 2.65 ശതമാനം ഇടിഞ്ഞ് 15,809 ലാണ് ക്ലോസ് ചെയ്തത്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.6 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 2.3 ശതമാനം ഇടിഞ്ഞു.
മേഖലാടിസ്ഥാനത്തില്‍ എല്ലാ സൂചികകളും ചുവപ്പിലാണ് ഇന്ന് നീങ്ങിയത്. നിഫ്റ്റി ഐടി സൂചിക ഇന്ന് എന്‍എസ്ഇയില്‍ 6 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റല്‍, മീഡിയ സൂചികകളാണ് ഏറ്റവും മോശമായ മറ്റ് മേഖലകള്‍. അവയുടെ സൂചികകള്‍ 4 ശതമാനം വീതം താഴ്ന്നു. മറ്റെല്ലാ സൂചികകളും രണ്ട് ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുത്തിയൊലിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് എട്ട് കേരള കമ്പനികളാണ്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.59 ശതമാനം), ധനലക്ഷ്മി ബാങ്ക് (5.25 ശതമാനം), കേരള ആയുര്‍വേദ (4.96 ശതമാനം), കിറ്റെക്സ് (4.24 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.85 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്സിന്റെ ഓഹരി വിലയില്‍ ഇന്നും മാറ്റമുണ്ടായില്ല. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വിലയില്‍ 9.61 ശതമാനം ഇടിവുണ്ടായി. അതേസമയം, ആസ്റ്റര്‍ ഡി എം, എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി, ഫെഡറല്‍ ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍ എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.