നേരിയ നേട്ടത്തോടെ സൂചികകള്‍; സിഗാച്ചി തിളക്കത്തില്‍

ഇന്ന് ലിസ്റ്റിംഗ് നടത്തിയ മൂന്ന് കമ്പനികളില്‍ ഏറെ തിളങ്ങിയത് സിഗാച്ചി ഇന്‍ഡ്‌സട്രീസ്

Update:2021-11-15 18:00 IST

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 32 പോയ്ന്റ് ഉയര്‍ന്ന് 60,719ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 15.47 പോയ്ന്റ് അഥവാ 1.6 ശതമാനം ഉയര്‍ന്ന് 18,109ലും ക്ലോസ് ചെയ്തു.

വിശാല വിപണി സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.2 ശതമാനം താഴ്ന്നു.
പുതുമുഖങ്ങളുടെ പ്രകടനം
പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക്, ഇഷ്യു പ്രൈസിനേക്കാള്‍ 17.3 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 980 രൂപയ്ക്ക് ഇഷ്യു ചെയ്ത കമ്പനിയുടെ ഓഹരി വില 1,201 രൂപയാണ്. 22.5 ശതമാനം നേട്ടം.

163 രൂപ ഇഷ്യു പ്രൈസ് ആയിരുന്ന സിഗാച്ചി ഇന്‍ഡസ്ട്രീസിന്റെ ഓഹരി അപ്പര്‍ ലിമിറ്റായ 604 രൂപയില്‍ തൊട്ടു. 270.5 ശതമാനത്തിന്റെ വര്‍ധന.

എസ്‌ജെഎസ് എന്റര്‍പ്രൈസസിന്റേത് തണുപ്പന്‍ ലിസ്റ്റിംഗായിരുന്നു. ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില ഇഷ്യു പ്രൈസിനേക്കാള്‍ അഞ്ചു ശതമാനം ഇടിഞ്ഞ് 512 രൂപയിലുമെത്തി.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 9.66 ശതമാനത്തോളം ഇടിഞ്ഞു. കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെ ഓഹരി വിലകളും ഇന്ന് താഴ്ന്നു.




 


Tags:    

Similar News