റെക്കോര്‍ഡ് തൊട്ടു താഴോട്ടിറക്കം; സൂചികള്‍ ഇടിഞ്ഞു

വാരാന്ത്യത്തില്‍ വ്യാപാരത്തിനിടെ പുതിയ റെക്കോര്‍ഡിട്ട ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത് നഷ്ടത്തില്‍

Update: 2021-09-17 12:21 GMT

പറന്ന് മുന്നേറി പുതിയ ഉയരങ്ങള്‍ തൊട്ട ഇന്ത്യന്‍ ഓഹരി സൂചികകള്‍ ലാഭമെടുക്കലില്‍ ചാഞ്ചാടി നഷ്ടത്തോടെ ക്ലോസ് ചെയ്തു. മൂന്ന് ദിവസമായി കുതിപ്പ് തുടരുന്ന ഓഹരി സൂചികകള്‍ ഇന്നും വ്യാപാരത്തിനിടെ പുതിയ റെക്കോര്‍ഡ് തൊട്ടിരുന്നു. സെന്‍സെക്‌സ് സൂചിക 59,737 എന്ന തലത്തിലും നിഫ്റ്റി 17,793 എന്ന തലത്തിലുമെത്തി പുതിയ ഉയരം തൊടുകയായിരുന്നു.

സെന്‍സെക്‌സ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്ന് 721 പോയ്ന്റാണ് ഇടിഞ്ഞത്. ഇന്നലത്തേതിനേക്കാല്‍ 125 പോയ്ന്റ് താഴ്ന്ന് 59,016 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 44 പോയ്ന്റ് താഴ്ന്ന് 17,585ലും ക്ലോസ് ചെയ്തു.

എന്നിരുന്നാലും ഈ വാരത്തിലെ ഓഹരി സൂചികകളുടെ മൊത്തം പ്രകടനം നേട്ടത്തിലാണ്. ഇത് തുടര്‍ച്ചയായി നാലാം വാരമാണ് സൂചികകള്‍ നേട്ടത്തില്‍ അവസാനിക്കുന്നത്.

മുഖ്യ വിപണിയേക്കാള്‍ കൂടുതലായിരുന്നു വിശാല വിപണിയിലെ ഇടിവ്. ബിഎസ്ഇ മിഡ്കാപ് സൂചിക 1.14 ഇടിഞ്ഞപ്പോള്‍ സ്‌മോള്‍കാപ് സൂചിക 1.06 ശതമാനം ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റി പിഎസ് യു ബാങ്ക് സൂചികയാണ് ഇന്ന ഏറെ ഇടിഞ്ഞതില്‍ ഒന്ന്. ഇന്നലെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാഡ് ബാങ്ക് പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് മുന്നേറിയ ഓഹരികള്‍ ഇന്ന് ലാഭമെടുക്കലിനെ തുടര്‍ന്ന് താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
പത്ത് കേരള കമ്പനികളാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്.

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ താഴ്ന്നു. ആസ്റ്റര്‍ ഡിഎം നാല് ശതമാനത്തിലേറെ താഴ്ന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 3.30 ശതമാനം ഇടിഞ്ഞു. കേരള ആയുര്‍വേദ ഓഹരി വില അഞ്ച് ശതമാനത്തിലേറെ താഴ്ന്നു.




 


Tags:    

Similar News