ആറ് മാസത്തിനിടെ 53 ശതമാനം നേട്ടം, ഓഹരി വിപണിയില്‍ മിന്നും പ്രകടനമായി ഈ കേരള കമ്പനി

അഞ്ച് ദിവസത്തിനിടെ ഓഹരി വില ഒമ്പത് ശതമാനമാണ് ഉയര്‍ന്ന്

Update: 2022-06-06 08:03 GMT

ആറ് മാസത്തിനിടെ ഓഹരി വിപണിയില്‍ കുതിപ്പുമായി കേരള കമ്പനിയായ നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 53 ശതമാനത്തിന്റെ അഥവാ 117 രൂപയുടെ നേട്ടമുണ്ടാക്കിയ ഈ കമ്പനി 339.00 രൂപ എന്ന നിലയിലാണ് ഇന്ന് (06-06-2020, 12.25) വിപണിയില്‍ വ്യാപാരം നടത്തുന്നത്. അഞ്ച് ദിവസത്തിനിടെ മാത്രം ഓഹരി വിലയില്‍ ഒന്‍പത് ശതമാനം നേട്ടം സമ്മാനിച്ച നിറ്റ ജെലാറ്റിന്റെ ഓഹരി വില ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത് 79 ശതമാനമാണ്. ഒരു മാസത്തിനിടെ 12 ശതമാനം നേട്ടം. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്.

ജപ്പാന്റെ നിറ്റ ജെലാറ്റിന്റെ ഒരു അനുബന്ധ കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍ജിഐഎല്‍). മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന ജെലാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ആഗോള നിര്‍മാതാക്കളാണ് നിറ്റ. നിറ്റ ജെലാറ്റിന്‍ ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്‌ഐഡിസി) സംയുക്ത സംരംഭമായി ആരംഭിച്ച കേരള പ്രോട്ടീന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (കെസിപിഎല്‍) 2008ലാണ് ആഗോളതലത്തില്‍ നിറ്റയെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റിയത്.
ഒരു ഘട്ടത്തില്‍ കേരളത്തില്‍ അടച്ചുപൂട്ടല്‍ വക്കിലെക്കിയ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. കമ്പനിയുടെ അകത്തും പുറത്തും വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കൂടാതെ, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ച കമ്പനിയെ നേട്ടത്തിലാക്കി. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് പാദത്തിലെ ത്രൈമാസ അറ്റാദായത്തില്‍ 463.82 ശതമാനം വര്‍ധനവാണ് നിറ്റ ജെലാറ്റിന്‍ നേടിയത്. 8.69 കോടി രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1.54 കോടിയായിരുന്നു നിറ്റ ജെലാറ്റിന്റെ അറ്റാദായം. അറ്റ വില്‍പ്പന 2022 മാര്‍ച്ചില്‍ 25.97 ശതമാനം വര്‍ധിച്ച് മുന്‍കാലയളവിലെ 93.95 കോടിയില്‍നിന്ന് 118.35 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 100 ശതമാനം വളര്‍ച്ചയാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസത്തിനിടെ മാത്രം 50 ശതമാനത്തിന്റെ വര്‍ധന.


Tags:    

Similar News