ഒരു വര്‍ഷത്തേക്ക് ഫ്രീ ചിക്കന്‍, എന്‍എഫ്ടിയുമായി കെഎഫ്‌സി
ബക്ക്ഈത്ത് എന്ന് പേരിട്ടിരിക്കുന്ന കളക്ഷന്‍ ഓപ്പണ്‍സീ പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്
എന്‍എഫ്ടി (Non-Fungible Token ) കളക്ഷനുമായി പ്രമുഖ റസ്റ്റോറന്റ് ശൃംഖല കെഎഫ്‌സി. ഇന്ത്യയിലെ 150 നഗരങ്ങളിലായി 600 റസ്റ്റോറന്റുകള്‍ എന്ന നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എന്‍എഫ്ടി അവതരിപ്പിക്കുന്നത്. ബക്ക്ഈത്ത് (buckETH) എന്ന് പേരിട്ടിരിക്കുന്ന കളക്ഷന്‍ കെഎഫ്‌സിയുടെ പ്രശസ്തമായ ബക്കറ്റിനെ അനുസ്മരിപ്പിക്കുന്നതാണ്.
Also Read: നികുതി നല്‍കേണ്ടാത്ത എന്‍എഫ്ടികള്‍; ഭാവിയുടെ രേഖകളായി മാറുന്ന ഒരുകൂട്ടം ഡിജിറ്റല്‍ ഫയലുകള്‍
ഓപ്പണ്‍സീ പ്ലാറ്റ്‌ഫോമിലെത്തുന്ന എന്‍എഫ്ടി തയ്യാറാക്കിയത് ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കമ്പനി ബ്ലിങ്ക് ഡിജിറ്റലിന്റെ സഹകരണത്തോടെയാണ്. കെഎഫ്‌സിക്ക് സാന്നിധ്യമുള്ള 150 നഗരങ്ങളെ അനുസ്മരിപ്പിക്കുന്ന 150 എന്‍എഫ്ടികളാണ് ബക്ക്ഈത്ത് കളക്ഷനില്‍ ഉള്ളത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്യാംപെയിന്റെ ഭാഗമായി കെഎഫ്‌സി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് എന്‍എഫ്ടി സമ്മാനമായി ലഭിക്കും. കൂടാതെ വിജയിക്ക് ഒരുവര്‍ഷത്തേക്ക് കെഎഫ്‌സി ചിക്കന്‍ സൗജന്യമായിരിക്കും.
ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച് സൂക്ഷിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എന്‍എഫ്ടികള്‍. ഡിജിറ്റല്‍ ആര്‍ട്ട്, ഫോട്ടോസ്, വീഡിയോ/ ഓഡിയോ, വിര്‍ച്വല്‍ ഗെയിമിംഗ് ഐറ്റംസ്, ഭൗതിക ആസ്തികളുടെ ഉടമസ്ഥാവകാശം തുടങ്ങിയവയൊക്കെ എന്‍എഫ്ടി ആക്കി മാറ്റാം. അടുത്തിടെ ക്രിപ്‌റ്റോ വിപണി നേരിട്ട തിരിച്ചടി എന്‍എഫ്ടികളെയും ബാധിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രതിദിനം 2 ലക്ഷം എന്‍എഫ്ടി യൂണീറ്റുകളുടെ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് അവയുടെ എണ്ണം 94 ശതമാനത്തോളം ആണ് ഇടിഞ്ഞത്.