2025ല്‍ വിപണിയെ സ്വാധീനിക്കുന്നത് എന്തൊക്കെ? നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്; കൊട്ടക് മ്യൂച്വല്‍ ഫണ്ട് റിപ്പോര്‍ട്ട് പുറത്ത്
അച്ചടക്കത്തോടെയും ശ്രദ്ധയോടെയും നിക്ഷേപം നടത്താനുള്ള നല്ല അവസരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മൂലധനനിക്ഷേപത്തിലെ വളര്‍ച്ചയും നിര്‍മിതബുദ്ധി അടക്കം ടെക്‌നോളജി മേഖലയുടെ കുതിപ്പും ഗ്രാമീണ ഉപഭോഗവര്‍ധനയും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയെ നയിക്കുന്ന കാര്യങ്ങളാകും. കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി (കെ.എം.എ.എം.സി അഥവാ കൊട്ടക് മ്യൂച്വല്‍ ഫണ്ട്) 2025 ലെ വിപണി സാധ്യതകള്‍ സംബന്ധിച്ചു തയാറാക്കിയ മാര്‍ക്കറ്റ് ഔട്‌ലുക്ക് 2025ലെ പ്രധാന നിഗമനങ്ങളാണ് ഇവ. ധനകാര്യസേവന മേഖലയുടെ വളര്‍ച്ചയും വര്‍ധിച്ചു വരുന്ന ആരോഗ്യസേവന ചെലവുകളും വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റു കാര്യങ്ങളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം നിക്ഷേപകരുടെ ശ്രദ്ധയില്‍ വരേണ്ട നിക്ഷേപ ആശയങ്ങളും വിശാല സാമ്പത്തിക പ്രവണതകളും റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
അടുത്ത വര്‍ഷം വിപണിയെ സ്വാധീനിക്കുന്ന അഞ്ചു പ്രധാന വിഷയങ്ങള്‍:
1. സ്വകാര്യ നിക്ഷേപം 55.12 ലക്ഷം കോടിയാകും
രാജ്യത്തെ വലിയ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുന്ന ഒരു മൂലധനനിക്ഷേപചക്രം ആരംഭിച്ചു കഴിഞ്ഞു. പല വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ഇത്. കേന്ദ്രസര്‍ക്കാരും ലിസ്റ്റ് ചെയ്ത കമ്പനികളും നിക്ഷേപം വര്‍ധിപ്പിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്കം നില്‍ക്കാനാണു സാധ്യത. വിവിധ മേഖലകളിലെ കമ്പനികള്‍ക്കു ലഭിക്കുന്ന കരാറുകളുടെ വര്‍ധന ഈ ചക്രം സമ്പദ്ഘടനയുടെ നാനാമേഖലകളെയും ബാധിക്കുന്നതായി കാണിക്കുന്നു. 2017 ലെ നിലയിലേക്കു പുതിയ പദ്ധതികളുടെ എണ്ണം വന്നിട്ടുണ്ട്. സ്വകാര്യമേഖലയുടെ പ്രൊജക്ടുകള്‍ക്ക് മൊത്തം കണക്കാക്കുന്ന നിക്ഷേപം ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 55.12 ലക്ഷം കോടി രൂപയാണ്.
2. ധനകാര്യസേവന മേഖലയുടെ വ്യാപനം
ധനകാര്യസേവന മേഖല പല ഉപവിഭാഗങ്ങള്‍ ഉള്ള ഒന്നാണ്. ഓരോ വിഭാഗവും വ്യത്യസ്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ബാങ്കുകളിലെ വായ്പ നിക്ഷേപ വര്‍ധനകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നത് അറ്റ പലിശ മാര്‍ജിനിലെ സമ്മര്‍ദം കുറയ്ക്കും. മികച്ച ലാഭത്തോതും ഉയരുന്ന മൂലധനപര്യാപ്തതാ അനുപാതവും കൂടുതല്‍ മൂലധനത്തിന്റെ ആവശ്യകത കുറയ്ക്കുന്നു. വിശാലവിപണിയെ അപേക്ഷിച്ച് ബാങ്ക് മേഖലയുടെ മൂല്യനിര്‍ണയം (പി.ഇ അനുപാതം) യുക്തിസഹവും ദീര്‍ഘകാല ശരാശരിക്ക് അടുത്തു നില്‍ക്കുന്നതുമാണ്.
3. എ.ഐ ആവശ്യകത 15 മടങ്ങാകും
ക്ലൗഡ് സേവനങ്ങളിലടക്കം ഐടി സേവന മേഖലയിലെ ചെലവ് വര്‍ധിക്കും. നിര്‍മിതബുദ്ധി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ പുതുതലമുറ സേവനങ്ങള്‍ വിശലമാക്കിക്കൊണ്ട് ഇന്ത്യ ആഗോള ടെക്‌നോളജി ഭൂമികയില്‍ നിര്‍ണായക ശക്തിയായി മാറുകയാണ്. ജനറേറ്റീവ് നിര്‍മിതബുദ്ധിയുടെ വളര്‍ച്ചയാണ് ഈ മേഖലയിലെ വളര്‍ച്ചയുടെ പ്രധാന ചാലകം. 2027 ആകുമ്പോഴേക്ക് 2022ലേതിന്റെ 15 മടങ്ങാകും നിര്‍മിത ബുദ്ധിയുടെ ആവശ്യകത എന്നാണു നിഗമനം.
4. അണു കുടുംബങ്ങള്‍ കൂടി
കോവിഡിനു ശേഷം ഇന്ത്യയുടെ ഉപഭോഗമേഖല സമ്മിശ്ര തിരിച്ചുകയറ്റമാണു കാണിച്ചത്. പ്രീമിയം ഉല്‍പന്നങ്ങള്‍ക്കു മികച്ച വളര്‍ച്ച ഉണ്ടായപ്പോള്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കു ദുര്‍ബല വളര്‍ച്ച മാത്രം. ഇതുവരെ നഗരമേഖലകള്‍ ഉപഭോഗത്തില്‍ ഗ്രാമീണമേഖലയെ പിന്നിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രാമീണ മേഖല മികച്ച ഉണര്‍വ് കാണിക്കുന്നുണ്ട്. അംഗസംഖ്യ കുറഞ്ഞ ന്യൂക്ലിയര്‍ കുടുംബങ്ങള്‍ 2008ല്‍ 34 ശതമാനം ആയിരുന്നത് 2022ല്‍ 50 ശതമാനം ആയിട്ടുണ്ട്. ഇത് ഉപഭോഗ ശീലത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തും. അസംഘടിത മേഖലയില്‍ നിന്ന് സംഘടിത റീട്ടെയിലിലേക്ക് ഉപഭോഗം മാറുന്നതും ഈ മേഖലയിലെ വളര്‍ച്ച വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
5. ചികിത്സാ ചെലവ് കൂടും
ആളോഹരി വരുമാനം കൂടുന്നത് ആരോഗ്യസേവനത്തിനു ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കും. ജനസംഖ്യയില്‍ വൃദ്ധര്‍ കൂടുന്നത് ആഗോള തലത്തില്‍ തന്നെ ചികിത്സച്ചെലവ് കൂട്ടുന്ന കാര്യമാണ്. ഔഷധങ്ങളുടെയും വാക്‌സിനുകളുടെയും പ്രധാന ഉല്‍പാദക രാജ്യമായ ഇന്ത്യ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുന്ന നിലയിലാണ്. ചൈനയെ ഉപേക്ഷിച്ചു സപ്ലൈ ചെയിന്‍ ഭദ്രമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മികച്ച ബദലാണ് ഇന്ത്യ. കരാര്‍ അടിസ്ഥാനത്തില്‍ ഔഷധ വികസനവും നിര്‍മാണവും നടത്തുന്ന സ്ഥാപനങ്ങള്‍ക്കും (സി.ഡി.എ.ഒ) ഇവിടം അവസരമൊരുക്കുന്നു. ഗവേഷണത്തിനുള്ള തുകയും ഗണ്യമായി വര്‍ധിക്കുന്നുണ്ട്.
അച്ചടക്കത്തോടെ നിക്ഷേപിക്കാവുന്ന സമയം
ഈ വിപണി സാഹചര്യം സ്ഥിരവരുമാന (ഫിക്‌സഡ് ഇന്‍കം) നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നു. പോര്‍ട്ട് ഫോളിയോയില്‍ ഒരു ഭാഗം സ്ഥിരവരുമാന പദ്ധതികള്‍ ആക്കുന്നത് പോര്‍ട്ട്‌ഫോളിയായ്ക്ക് ഭദ്രത കൂട്ടുകയും നഷ്ടസാധ്യത കുറയ്ക്കുകയും ചെയ്യും. പലിശനിരക്കുകള്‍ പ്രതീക്ഷിക്കാവുന്ന ചാഞ്ചാട്ടങ്ങളോടെ കുറഞ്ഞുവരുന്ന കാലത്ത് ദീര്‍ഘകാല ഫണ്ടുകളില്‍ (12 മുതല്‍ 18 വരെ മാസം കാലാവധി) നിക്ഷേപിക്കുന്നത് ഭാവിയിലെ പലിശ കുറയ്ക്കലില്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിക്കും. 2025 ഡിസംബറിനകം റിസര്‍വ് ബാങ്ക് നിരക്ക് 50 മുതല്‍ 75 വരെ ബേസിസ് പോയിന്റ് (0.50 മുതല്‍ 0.75 വരെ ശതമാനം) കുറയ്ക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. കേന്ദ്രസംസ്ഥാനങ്ങളുടെ മൊത്തം കമ്മി അടുത്ത ധനകാര്യ വര്‍ഷം ഏഴു ശതമാനമായി കുറയുന്നതോടെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് വിദേശ ഏജന്‍സികള്‍ ഉയര്‍ത്താനിടയുണ്ട്. ഇപ്പോഴത്തെ വിപണിസാഹചര്യത്തില്‍ സുസ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥിരവരുമാന നിക്ഷേപങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടക്കത്തോടെയും ശ്രദ്ധയോടെയും നിക്ഷേപം നടത്താനുള്ള നല്ല അവസരമാണിതെന്നും കൊട്ടക് മഹീന്ദ്ര എ.എം.സിയുടെ മാനേജിംഗ് ഡയറക്ടര്‍ നിലേഷ് ഷാ പറഞ്ഞു.