അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപമുയര്‍ത്തി എല്‍.ഐ.സി
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ കമ്പനികളിലാണ് എല്‍.ഐ.സിയുടെ നിക്ഷേപം
ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനു പിന്നാലെ കൂപ്പുകുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം വര്‍ധിപ്പിച്ച് എല്‍.ഐ.സി. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ആദാനി ഗ്രൂപ്പിലെ നാല് കമ്പനികളിലെ ഓഹരി നിക്ഷേപം എല്‍.ഐ.സി ഉയര്‍ത്തിയിട്ടുണ്ട്.
ഓഹരിമൂല്യത്തിലും അക്കൗണ്ടിംഗിലും കൃത്രിമം കാണിക്കുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ജനുവരിയിലെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്നതാണ് കൗതുകകരമായ വസ്തുത. കൂടാതെ അദാനി എന്റര്‍പ്രൈസസിലും അദാനി ട്രാന്‍സ്മിഷനിലും എല്‍.ഐ.സി നിക്ഷേപം നടത്തിയിട്ടുണ്ട്.
മാര്‍ച്ച് പാദത്തിലെ നിക്ഷേപം
അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷപം 1.28 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 1.36 ശതമാനമാക്കിയപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസിലെ നിക്ഷേപം 6.02 ശതമാനമാക്കി. ഡിസംബറില്‍ ഇത് 5.96 ശതമാനമായിരുന്നു.
അതേസമയം അദാനി പവര്‍, അദാനി വില്‍മര്‍, എന്‍.ഡി.ടി.വി എന്നിവയിലെ നിക്ഷേപം ഒരു ശതമാനമോ അതില്‍ താഴെയോ ആയി നിലനിര്‍ത്തിയിരിക്കുകയാണ്. ഡിസംബറില്‍ 6.41 ശതമാനം നിക്ഷേപം നടത്തിയിരുന്ന എ.സി.സിയിലെ മാര്‍ച്ച് പാദത്തിലെ നിക്ഷേപ കണക്കുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.
ചെറുകിട നിക്ഷേപകരും ഓഹരി പങ്കാളിത്തം കൂട്ടി
എല്‍.ഐ.സി മാത്രമല്ല ചെറുകിട നിക്ഷേപകരും തിരുത്തല്‍ നാളുകളില്‍ കൂട്ടത്തോടെ അദാനിക്കൊപ്പം ചേര്‍ന്നു. അദാനിഗ്രൂപ്പിലെ എട്ട് കമ്പനികളിലും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നു.
എന്‍.ഡി.ടി.വി, അംബുജ സിമന്റ്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് റീറ്റെയില്‍ നിക്ഷേപകര്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഇടിവില്‍ വാങ്ങും
എല്‍.ഐ.സി പൊതുവേ കോണ്‍ട്രേറിയന്‍ നിക്ഷേപ രീതി പിന്തുടരുന്നതാണ് കണ്ടു വരുന്നത്. അതായത് വിപണി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ വിറ്റ്് ലാഭമെടുക്കുകയും വിപണി ഇടിയുമ്പോള്‍ ഓഹരി വാങ്ങുകയും ചെയ്യും.
എല്‍.ഐ.സി നിക്ഷേപം നടത്തിയശേഷവും അദാനി ഗ്രൂപ്പ് കമ്പനികള്‍ നഷ്ടം തുടരുകയായിരുന്നു. ഏഴ് ലക്ഷം കോടിയ്ക്ക് താഴെയെത്തിയ വിപണി മൂല്യം തിരിച്ചു കയറിയത് യു.എസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നാലുകമ്പനികളിലുമായി 15,450 കോടി രൂപയുടെ നിക്ഷേപം നടത്തിയ ശേഷമാണ്.