ഫാര്‍മ രംഗത്തെ എക്കാലത്തെയും വലിയ ഐപിഒയ്ക്ക് ഒരുങ്ങി ഈ കമ്പനി

ഇന്ത്യ കഴിഞ്ഞാല്‍ യുഎസ്എ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന വിപണികള്‍

Update: 2022-09-16 11:38 GMT

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള (IPO) ഡ്രാഫ്റ്റ് പേപ്പര്‍ സെബിക്ക് സമര്‍പ്പിച്ച് മാന്‍കൈന്‍ഡ് ഫാര്‍മ (Mankind Pharma). ഓഫര്‍ ഫോര്‍ സെയിലിലൂടെ 40,058,844 ഓഹരികളാണ് വില്‍ക്കുന്നത്. പ്രമുഖ കോണ്ടം ബ്രാന്‍ഡായ മാന്‍ഫോഴ്‌സിന്റെ നിര്‍മാതാക്കളാണ് മാന്‍കൈന്‍ഡ് ഫാര്‍മ.

700 മില്യണ്‍ ഡോളറിന് മുകളിലായിരിക്കും ഐപിഒയിലൂടെ കമ്പനി സമാഹരിക്കുക. ഫാര്‍മ രംഗത്തെ എക്കാലത്തെയും വലിയ ഐപിഒയ്ക്കാണ് മാന്‍കൈന്‍ഡ് ഫാര്‍മ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 നവംബറില്‍ നടന്ന ഗ്ലാന്‍ഡ് ഫാര്‍മയുടെ (869 മില്യണ്‍ ഡോളര്‍) ഐപിഒയ്ക്ക് ആണ് ഫാര്‍മ മേഖലയില്‍ നിലവിലെ റെക്കോര്‍ഡ്. ഉല്‍പ്പന്നനിര മെച്ചപ്പെടുത്താനാവും ഐപിഒയിലൂടെ സമാഹരിക്കുന്ന തുക മാന്‍കൈന്‍ഡ് ഉപയോഗിക്കുക.

ലിസ്റ്റഡ് കമ്പനിയായ പനേഷ്യ ബയോടെക്കിന്റെ (Panacea Biotec) ഇന്ത്യയിലെയും നേപ്പാളിലെയും ഫോര്‍മുലേഷന്‍ ബ്രാന്‍ഡുകളെ മാന്‍കൈന്‍ഡ് ഏറ്റെടുത്തത് ഈ വര്‍ഷം ആദ്യമാണ്. 1,872 കോടി രൂപയുടേതായിരുന്നു ഇടപാട്. കഴിഞ്ഞ ഏപ്രിലില്‍ അഗ്രിടെക്ക് മേഖലയിലേക്കും കമ്പനി (Mankind Agritech Pvt Ltd) പ്രവേശിച്ചിരുന്നു. 2-3 വര്‍ഷം കൊണ്ട് 200 കോടിയുടെ നിക്ഷേപമാണ് അഗ്രിടെക്ക് രംഗത്ത് കമ്പനി ലക്ഷ്യമിടുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 7,594.7 കോടി രൂപയായിരുന്നു മാന്‍കൈന്‍ഡ് ഫാര്‍മയുടെ വരുമാനം. ഇന്ത്യ കഴിഞ്ഞാല്‍ യുഎസ്എ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവയാണ് മാന്‍കൈന്‍ഡിന്റെ പ്രധാന വിപണികള്‍.

Tags:    

Similar News