ഐപിഒയില്‍ കുതിപ്പുമായി 2020, ഈ വര്‍ഷം കാത്തിരിക്കുന്നത് നിരവധി കമ്പനികള്‍

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്‌സ് വഴി 4095 ദശലക്ഷം ഡോളറാണ് വിവിധ കമ്പനികള്‍ സമാഹരിച്ചതെന്ന് റിപ്പോര്‍ട്ട്

Update: 2021-01-27 12:09 GMT

കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കാര്യത്തില്‍ 2020 ല്‍ ഉണ്ടായത് വലിയ കുതിച്ചു ചാട്ടം. 43 ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്‌സ് (ഐപിഒ) വഴി കമ്പനികള്‍ സമാഹരിച്ചത് 4095.99 ദശലക്ഷം ഡോളര്‍ (ഏകദേശം 30,000 കോടി രൂപ) ആണെന്ന് 'ഇവൈ ഇന്ത്യ ഐപിഒ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് : ക്യു 4 2020' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവയില്‍ 15 ഐപിഒ നടന്നിരിക്കുന്നത് ബിഎസ്ഇ, എന്‍എസ്ഇ മാര്‍ക്കറ്റുകളിലാണ്. ഏകദേശം 4070 ദശലക്ഷം ഡോളര്‍ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. എസ്എംഇ വിപണികളില്‍ അരങ്ങേറ്റം കുറിച്ച കമ്പനികള്‍ 28 എണ്ണമാണ്. 25.99 ദശലക്ഷം ഡോളറാണ് ഇതിലൂടെ സമാഹരിച്ചത്.
പത്ത് ഐപിഒകളുമായി ഡിസംബറില്‍ അവസാനിച്ച പാദമാണ് 2020 ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2019 നാലാം പാദത്തില്‍ അഞ്ച് ഐപിഒകളും 2020 മൂന്നാം പാദത്തില്‍ നാല് ഐപിഒകളും നടന്നു. അതായത് 2019 നാലാം പാദത്തേതിനേക്കാള്‍ 100 ശതമാനവും 2020 മൂന്നാം പാദത്തിലേതിനേക്കാള്‍ 150 ശതമാനവും വര്‍ധന.
2020 നാലാം പാദത്തില്‍ നടന്ന ഐപിഒകളില്‍ 869 ദശലക്ഷം ഡോളറിന്റെ ഐപിഒ നടത്തിയ ഗ്ലാന്‍ഡ് ഫാര്‍മയാണ് മുന്നില്‍. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവയാണ് ഐപിഒ നടത്തിയവയില്‍ ഏറിയ പങ്കും.
2021 ല്‍ കാത്തിരിക്കുന്നത് നിരവധി കമ്പനികള്‍
ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, ഇന്‍ഡിഗോ പെയ്ന്റ്‌സ്, ഹോംഫസ്റ്റ് ഫിനാന്‍സ് കമ്പനി, സ്റ്റോവ് ക്രാഫ്റ്റ് (പീജിയണ്‍ അപ്ലയന്‍സസ്) എന്നിവ 2021 ന്റെ തുടക്കത്തില്‍ തന്നെ, ഈ മാസം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളാണ്. കേരള കമ്പനികളായ കല്യാണ്‍ ജൂവലേഴ്‌സ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്, എല്‍ഐസി, ഇ കോമേഴ്‌സ് വമ്പനായ ഫ്‌ളിപ്പ്കാര്‍ട്ട്, സോമാറ്റോ, പോളിസി ബസാര്‍ ഡോട്ട് കോം, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി പ്രമുഖ കമ്പനികളും ഐപിഒയ്ക്ക് ഒരുങ്ങുന്നുണ്ട്.


Tags:    

Similar News