പ്ലൈവുഡിന് പകരമായി എം.ഡി.എഫിന് പ്രിയമേറുന്നു, ഈ ഓഹരി കുതിക്കുമോ?
എം.ഡി.എഫ് വിപണിയില്‍ 27 ശതമാനം വിഹിതം, വികസന പദ്ധതികള്‍ നടപ്പാക്കുന്നു
പ്ലൈവുഡും അതിനെക്കാള്‍ മികച്ച എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍) ബോർഡുകളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ് (Greenpanel Industries Ltd). എം.ഡി.എഫ് വിഭാഗത്തില്‍ 6.6 ലക്ഷം ക്യൂബിക്ക് മീറ്റര്‍ ഉത്പാദന ശേഷി ഉണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ 2.31 ലക്ഷം ക്യൂബിക്ക് മീറ്റര്‍ ഉത്പാദന ശേഷിയുള്ള പുതിയ എം.ഡി.എഫ് കേന്ദ്രം സ്ഥാപിക്കുന്നു. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 600 കോടി രൂപ നേടാന്‍ സാധിച്ചു. ഈ പശ്ചാത്തലത്തില്‍ ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ട്:
1. നിര്‍മാണ മേഖലയില്‍ പ്ലൈവുഡിനെ അപേക്ഷിച്ചു എം.ഡി.എഫ് ബോര്‍ഡുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നത് കമ്പനിക്ക് നേട്ടമാകും. നിലവില്‍ എം.ഡി.എഫ് വിപണിയില്‍ 27 ശതമാനം വിഹിതം നേടിയിട്ടുണ്ട്. 600 കോടി രൂപ മൂലധന ചെലവില്‍ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കുന്നത് 2024-25ല്‍ മൂന്നാം പാദത്തില്‍ പ്രവര്‍ത്തന സജ്ജമാകും. പൂര്‍ണ ശേഷി വിനിയോഗിക്കുന്ന വേളയില്‍ 650 കോടി രൂപ വരുമാനം പുതിയ കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
2. 2020-21 മുതല്‍ 2022-23 കാലയളവില്‍ എം.ഡി.എഫ് ഇറക്കുമതി 36 ശതമാനം വര്‍ധിച്ചു. അമിതമായ ലഭ്യത വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിച്ചു. ഇറക്കുമതി ചെയ്യുന്ന എം.ഡി.എഫ് ബോര്‍ഡുകള്‍ക്ക് 2024 ഫെബ്രുവരി മുതല്‍ ബി.ഐ.എസ് മുദ്ര നിര്‍ബന്ധമാക്കിയത് അനാരോഗ്യകരമായ മത്സരം തടയാന്‍ സഹായിക്കും.
3. പ്ലൈവുഡ് ബിസിനസില്‍ അസംഘടിത മേഖലയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. പ്ലൈവുഡില്‍ നിന്നുള്ള വരുമാനം 9.7 ശതമാനം വര്‍ധിച്ചു, വില്‍പ്പന 11 ശതമാനം വര്‍ധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് വെല്ലുവിളിയായി. ചില ഉത്പന്നങ്ങളില്‍ വില വര്‍ധന നടപ്പാക്കേണ്ടി വന്നു.
4. എം.ഡി.എഫ് ബിസിനസില്‍ നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) മാര്‍ജിന്‍ 15.5 ശതമാനം നേടാന്‍ സാധിച്ചു. 2023-24ല്‍ ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിടുന്നു.
5. അറ്റ കടം 713 കോടി രൂപ കമ്പനിക്ക് കൈകാര്യം ചെയ്യാവുന്ന ബാധ്യതയാണ്. 750 കോടി രൂപയില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കും. ഫര്‍ണിച്ചര്‍ ഹാര്‍ഡ് വെയര്‍ പങ്കാളിത്ത ബിസിനസില്‍ കൂടുതല്‍ നിക്ഷേപം നടത്തും.
6. വുഡ് പാനല്‍ വ്യവസായം (പ്ലൈവുഡ്, എം.ഡി.എഫ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്) 2022-23 മുതല്‍ 2025-26 കാലയളവില്‍ കാലയളവില്‍ 7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും. ഭവന, വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ശക്തമായ വളര്‍ച്ച ഗ്രീന്‍പാനല്‍ പോലുള്ള കമ്പനികള്‍ക്ക് അനുകൂലമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില - 464 രൂപ
നിലവില്‍ - 378.85
Stock Recommendation by IDBI Capital.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)