വിപണി താഴോട്ട്; വാഹനമേഖലയ്ക്കു ദൗര്‍ബല്യം, ഐ.ടി ഒഴികെ എല്ലാം നഷ്ടത്തില്‍
ചെറിയ നേട്ടത്തില്‍ തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി
ചെറിയ നേട്ടത്തില്‍ തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി. ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. നിഫ്റ്റി വാഹനസൂചിക മൂന്നും റിയല്‍റ്റി സൂചിക രണ്ടരയും ശതമാനം താഴ്ന്നു.
വ്യാപാരം ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 0.60 ശതമാനം വരെ നഷ്ടത്തിലായി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു.
മൂന്നാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായതിനെ തുടര്‍ന്നു ബജാജ് ഓട്ടോ ഓഹരി പത്തു ശതമാനത്തോളം ഇടിഞ്ഞു. ഉത്സവകാല വില്‍പനയില്‍ ഉണര്‍വില്ലെന്ന കമ്പനിയുടെ, അറിയിപ്പും വിപണി മനോഭാവം നെഗറ്റീവ് ആക്കി. നൈജീരിയന്‍ കറന്‍സിയുടെ മൂല്യം 50 ശതമാനത്തോളം ഇടിഞ്ഞത് കമ്പനിക്കു കയറ്റുമതിയില്‍ തിരിച്ചടിയായി.
വാഹന കമ്പനികള്‍ പൊതുവേ നഷ്ടത്തിലാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നും മാരുതി രണ്ടരയും ഹീറോ മോട്ടോ കോര്‍പ് മൂന്നും ടിവിഎസ് മോട്ടോര്‍ നാലും ഐഷര്‍ നാലും ശതമാനം ഇടിഞ്ഞു. വാഹന വ്യവസായം ഇക്കൊല്ലം ഒറ്റയക്ക വളര്‍ച്ചയേ കാണിക്കൂ എന്നാണ് അനലിസ്റ്റുകള്‍ കണക്കു കൂട്ടുന്നത്.
ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നു മൂന്നു ശതമാനം കൂടി താണു.
വരുമാനം ഏഴു ശതമാനം കുറഞ്ഞ പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരി മൂന്നു ശതമാനം താഴ്ന്നു.
മൂന്നാം പാദ വരുമാനവും അറ്റാദായവും ഗണ്യമായി വര്‍ധിപ്പിച്ച ക്രിസില്‍ ഓഹരി ഏഴു ശതമാനം കുതിച്ചു.
ചൈന പാര്‍പ്പിട മേഖലയുടെ പുനരുജ്ജീവനത്തിനു പ്രഖ്യാപിച്ച നടപടികള്‍ അപര്യാപ്തമാണെന്നു വിപണി വിലയിരുത്തി. ചൈനീസ് റിയല്‍റ്റി, കണ്‍സ്ട്രക്ഷന്‍ ഓഹരികള്‍ ഇടിഞ്ഞു. ഇത് ഏഷ്യന്‍ വിപണികള്‍ക്കും ക്ഷീണമായി.
രൂപ ഇന്നു ചെറിയ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കൂടി 84.01 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.04 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2679 ഡോളറിലായി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 160 രൂപ കൂടി 57,280 രൂപ എന്ന റെക്കോര്‍ഡ് വിലയില്‍ എത്തി.
ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കയറിയിറങ്ങി. ബ്രെന്റ് ഇനം 74.40 ഡോളറിലാണ്.