ആവേശത്തുടക്കം, 77,000 കടന്ന് സെന്‍സെക്‌സ്‌, പിന്നെ ചാഞ്ചാട്ടം; ആന്ധ്ര ഓഹരികള്‍ക്ക് ഇന്നും വന്‍ നേട്ടം

ആദായനികുതി ഇനത്തില്‍ 2,702 കോടി രൂപ തിരികെ ലഭിച്ചത് ഐ.ഡി.ബി.ഐ ബാങ്കിനെ ആറു ശതമാനം ഉയര്‍ത്തി

Update:2024-06-10 11:39 IST

Image by Canva

വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി റെക്കോര്‍ഡ് ഉയരത്തിലേക്ക് കയറി. താമസിയാതെ ലാഭമെടുത്തു മാറുന്നവരുടെ വില്പപന സമ്മര്‍ദത്തില്‍ വിപണി താഴ്ന്നു. പിന്നീടു ചാഞ്ചാട്ടമായി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 300ലധികം പോയിന്റ് മുന്നേറി സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 77,000 എന്ന നാഴികക്കല്ല് പിന്നിട്ട് 77,079ലെത്തി. നിഫ്റ്റി 110 പോയിന്റ് ഉയര്‍ന്ന് 23,411 എന്ന ഉയരവും കുറിച്ചു.

കഴിഞ്ഞ ദിവസം വലിയ കയറ്റം കാണിച്ച ഐ.ടി ഓഹരികള്‍ ഇന്നു താഴ്ചയിലായി. പ്രമുഖ കമ്പനികള്‍ ശരാശരി രണ്ടു ശതമാനം താഴ്ന്നു. എംഫസിസിലെ ഒരു വിദേശനിക്ഷേപസ്ഥാപനം 15.5 ശതമാനം ഓഹരി ബ്ലോക്ക് ഡീലില്‍ വിറ്റു. ഓഹരി നാലു ശതമാനം താണു.

2016-17 വര്‍ഷത്തെ ആദായനികുതി ഇനത്തില്‍ 2,702 കോടി രൂപ തിരികെ ലഭിച്ചത് ഐ.ഡി.ബി.ഐ ബാങ്കിനെ ആറു ശതമാനം ഉയര്‍ത്തി. ഭാരത് ഡൈനമിക്‌സ് മികച്ച നാലാം പാദഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം 25 ശതമാനം വരുമാന വര്‍ധനയും 20 ശതമാനം ലാഭമാര്‍ജിനും പ്രതീക്ഷിക്കുന്നു. 20,000 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിക്കുണ്ട്. ഓഹരി നാലു ശതമാനം ഉയര്‍ന്നിട്ടു താണു. വരുമാനം 1.9 ശതമാനം കുറഞ്ഞപ്പോള്‍ ലാഭം പകുതിയോളമായ പി.ടി.സി ഇന്ത്യ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
നായിഡു കരുത്തില്‍ അമരരാജ ബാറ്ററീസ്
ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവുമായി അടുപ്പമുള്ള അമരരാജാ ബാറ്ററീസ് ഇന്നും ഉയര്‍ന്നു. 1,538.60 എന്ന റെക്കേര്‍ഡ് വരെ കയറിയ ശേഷം ഓഹരി താണു. ഒരാഴ്ച കൊണ്ട് 30 ശതമാനമാണ് ഓഹരിക്കുണ്ടായ നേട്ടം. അമരാവതിയില്‍ ആന്ധ്രയുടെ തലസ്ഥാനം നിര്‍മിച്ചാല്‍ നേട്ടം ഉണ്ടാക്കാവുന്ന കെ.സി.പി ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 54 ശതമാനം ഉയര്‍ന്ന ഈ കമ്പനി സിമന്റ്, പഞ്ചസാര, ഹോട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. നായിഡു കുടുംബത്തിന്റെ കമ്പനിയായ ഹെരിറ്റേജ് ഫുഡ്‌സ് ഇന്നും 10 ശതമാനം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 60 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്.
ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ ജൂണ്‍ 15ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാത് ഓഹരി ഏഴു ശതമാനം കയറി. മാര്‍ക് ഡെസിഡെലീര്‍ എന്ന സ്വതന്ത്ര ഡയറക്ടര്‍ രാജി വച്ചതിനെ തുടര്‍ന്ന് സുസ്ലോണ്‍ എനര്‍ജി ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിയിലെ ഭരണത്തിനു നിലവാരവും സുതാര്യതയും കുറവാണെന്ന് ആരോപിച്ചു കൊണ്ടാണു രാജി. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു രാവിലെ ദുര്‍ബലമായി. ഡോളര്‍ 11 പൈസ കയറി 83.48 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.50 രൂപയായി. ഡോളര്‍ സൂചിക 105നു മുകളിലായതാണു കാരണം.
സ്വര്‍ണം ലോക വിപണിയില്‍ 2296 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 52,560 രൂപയില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ ചെറിയ ചാഞ്ചാട്ടത്തിലാണ്. ബ്രെന്റ് ഇനം 79.89 ഡോളര്‍ ആയി.
Tags:    

Similar News