ഐപിഒയ്ക്ക് തയാറെടുത്ത് മൊബിക്‌വിക്
സെപ്തംബറിനു മുമ്പ് ഐപിഒ നടത്താനാണ് ബില്യണ്‍ ഡോളര്‍ കമ്പനിയായ മൊബിക്‌വിക് ശ്രമിക്കുന്നത്
പ്രമുഖ ഡിജിറ്റല്‍ വാലറ്റ്, പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പ് ആയ വണ്‍ മൊബിക്‌വിക് സിസ്റ്റം ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഈ വര്‍ഷം സെപ്തംബറിനു മുമ്പ് ഐപിഒയിലൂടെ 200-250 ദശലക്ഷം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് മേയ് മാസത്തില്‍ ഐപിഒയ്ക്ക് വേണ്ടി കരട് പ്രസ്താവന തയാറാക്കും. ശതകോടി ഡോളര്‍ മൂല്യമാണ് കമ്പനിയുടെ മൂല്യം കണക്കാക്കുക. ഐപിഒയ്ക്ക് മുമ്പ് 700 ദശലക്ഷം ഡോളറിന്റെ ഫണ്ട് നേടിയെടുക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ടെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊബീല്‍ ഫോണ്‍ ടോപ്പ് അപ്പ്, യുട്ടിലിറ്റി ബില്‍ പേമെന്റ്‌സ് തുടങ്ങിയ സേവനങ്ങളിലൂടെ മൊബിക്‌വികിലൂടെ പ്രതിദിനം പത്തുലക്ഷം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 107 ദശലക്ഷം ഉപയോക്താക്കള്‍ കമ്പനിക്കുണ്ടെന്ന് പറയുന്നു. മൂന്നു ദശലക്ഷത്തിലേറെ മെര്‍ച്ചന്റ്‌സും കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായും കമ്പനി അവകാശപ്പെടുന്നു. സെകോയ കാപിറ്റല്‍, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
പിഡബ്ല്യുസി റിപ്പോര്‍ട്ട് പ്രകാരം 2022-23 ആകുമ്പോഴേക്കും രാജ്യത്ത് 163 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളിലെത്തും. ഗൂഗ്ള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയ്‌ക്കൊപ്പം ഫേസ്ബുക്കും വാട്ട്‌സ്ആപ്പുമടക്കം ഡിജിറ്റല്‍ പേമെന്റ്‌സ് മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.