ആവേശം തുടരാന്‍ നിക്ഷേപകര്‍; വിദേശ സൂചനകള്‍ പോസിറ്റീവ്; റിസര്‍വ് ബാങ്ക് നയം നാളെ; സമീപനം മാറ്റുമോ?

വിപണിമൂല്യം 30 ലക്ഷം കോടി കടന്നു ടാറ്റാ ഗ്രൂപ്പ്

Update:2024-02-07 08:13 IST

ഇന്നലെ ആവേശകരമായ നിലയില്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ വിപണി ഇന്നും ആവേശം നിലനില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു. പാശ്ചാത്യ സൂചനകളും ഏഷ്യന്‍ വിപണികളിലെ ചലനങ്ങളും ഇതിന് അനുകൂലമാണ്.

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം നാളെ പ്രഖ്യാപിക്കും. പണലഭ്യതയോടുള്ള സമീപനത്തില്‍ മാറ്റം വരുമോ എന്നാണു വിപണി നോക്കുന്നത്.

ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,122ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,126ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. ഡിസംബറില്‍ യൂറോ മേഖലയില്‍ റീറ്റെയ്ല്‍ വ്യാപാരം 1.1 ശതമാനം കുറഞ്ഞു. ജനുവരിയില്‍ ജര്‍മനിയിലെ ഫാക്ടറികള്‍ക്ക് ഓര്‍ഡറുകള്‍ 8.9 ശതമാനം വര്‍ധിച്ചു. ഇത് അപ്രതീക്ഷിത വളര്‍ച്ചയാണ്.

യു.എസ് വിപണി ചൊവ്വാഴ്ച കയറി. കമ്പനി റിസല്‍ട്ടുകളാണ് ഈ ദിവസങ്ങളില്‍ വിപണിയെ നയിക്കുന്നത്. സമൂഹമാധ്യമ കമ്പനി സ്‌നാപ് പ്രതീക്ഷയിലും കുറഞ്ഞ വരുമാനം നേടിയതു മൂലം 31 ശതമാനം ഇടിഞ്ഞു. നിര്‍മിതബുദ്ധി ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ നാലാം പാദത്തില്‍ വില്‍പന 20 ശതമാനം ഉയര്‍ന്ന പലാന്റിര്‍ കമ്പനിയുടെ ഓഹരി രണ്ടു ദിവസം കൊണ്ട് 50 ശതമാനം ഉയര്‍ന്നു.

ഡൗ ജോണ്‍സ് 141.24 പോയിന്റ് (0.37%) കയറി 38,521.40ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 11.42 പോയിന്റ് (0.23%) ഉയര്‍ന്ന് 4954.23ല്‍ അവസാനിച്ചു. നാസ്ഡാക് 11.32 പോയിന്റ് (0.07%) കൂടി 15,609.00ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.09ഉം എസ് ആന്‍ഡ് പി 0.14ഉം നാസ്ഡാക് 0.26ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.08 ശതമാനമായി കുറഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ഓസ്‌ട്രേലിയയില്‍ മുക്കാല്‍ ശതമാനം കയറി. എന്നാല്‍ ജപ്പാനില്‍ തുടക്കത്തിലെ നേട്ടം നഷ്ടമായി മാറി. കൊറിയയില്‍ വിപണി രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ഹോങ് കോങ് വിപണി ഒരു ശതമാനം ഉയര്‍ന്നു. എന്നാല്‍ ഷാങ്ഹായ് വിപണി താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിലായി. ഇന്നലെ ചൈനീസ് വിപണികള്‍ നാലു ശതമാനത്തോളം കയറിയിരുന്നു.

ഇന്ത്യന്‍ വിപണി

ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം അവസാനം വരെ നേട്ടം നിലനിര്‍ത്തി. എന്‍.ഡി.എ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിപണിയെ സഹായിച്ചു.

സെന്‍സെക്‌സ് 454.67 പോയിന്റ് (0.63%) നേട്ടത്തില്‍ 72,186.09ലും നിഫ്റ്റി 157.70 പോയിന്റ് (0.72%) കയറി 21,929.40ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 134.75 പോയിന്റ് (0.29%) താഴ്ന്ന് 45,690.80ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.19 ശതമാനം ഉയര്‍ന്ന് 48,984.65ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.79 ശതമാനം ഉയര്‍ന്ന് 16,449.35ല്‍ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 92.52 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1096.26 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപിച്ചു. ചൊവ്വാഴ്ചത്തെ കുതിപ്പ് നിഫ്റ്റിയെ 22,000-22,130 മേഖലയിലേക്കു കയറാന്‍ സഹായിക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,790ലും 21,660ലും പിന്തുണ ഉണ്ട്. 21,950ലും 22,090ലും തടസങ്ങള്‍ ഉണ്ടാകാം.

ഐ.ടി ഓഹരികളിലെ വലിയ കുതിപ്പാണ് ഇന്നലെ വിപണിയെ കയറ്റിയത്. നിഫ്റ്റി ഐ.ടി 2.92 ശതമാനം ഉയര്‍ന്നു. നാലു ശതമാനം കയറിയ ടി.സി.എസിന്റെ വിപണിമൂല്യം 15 ലക്ഷം കോടി രൂപ കടന്നു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം 30.4 ലക്ഷം കോടി രൂപയായി. റിലയന്‍സ് ഗ്രൂപ്പിന് 21.6 ലക്ഷം കോടി രൂപയാണു മൂല്യം. അദാനി ഗ്രൂപ്പിന്റേത് 15.6 ലക്ഷം കോടി മാത്രം.

പൊതുമേഖലാ എണ്ണ കമ്പനികളും ഇന്നലെ വലിയ കുതിപ്പിലായിരുന്നു. മിക്കവയും ആറു ശതമാനത്തിലധികം കയറി. ഓട്ടോ, ഫാര്‍മ കമ്പനികളും ഇന്നലെ നല്ല ഉയര്‍ച്ചയിലായിരുന്നു.

ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 78.76 ഡോളറില്‍ എത്തി. ഇന്നു രാവിലെ78.90 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 73.65 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 78.41 ഉം ഡോളറിലായി.

സ്വര്‍ണം, രൂപ, ക്രിപ്‌റ്റോ കറന്‍സി

സ്വര്‍ണം തിരിച്ചു കയറി. ചൊവ്വാഴ്ച ഔണ്‍സിന് 2036.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2035.50 ഡോളറിലാണ്. കേരളത്തില്‍ പവന്‍വില ചൊവ്വാഴ്ച 10 രൂപ കുറഞ്ഞ് 46,200 രൂപയില്‍ എത്തി. രാജ്യാന്തര വില കയറിയതിനാല്‍ ഇന്നു വീണ്ടും ഉയരാം.

ഡോളര്‍ സൂചിക ചൊവ്വാഴ്ച അല്‍പം താണ് 104.17ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.11 ലാണ്. ഡോളര്‍ ഇന്നലെ ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം 83.06 രൂപയില്‍ തന്നെ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 43,200 ഡോളറിനടുത്താണ്.

പേയ്ടിഎം മേധാവി ധനമന്ത്രിയെ കണ്ടു

പ്രതിസന്ധിയിലായ പേയ്ടിഎമിന്റെ ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചു. 10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്താനാണു മന്ത്രി പറഞ്ഞതെന്നാണു റിപ്പോര്‍ട്ട്. പേയ്ടിഎം മേധാവികള്‍ റിസര്‍വ് ബാങ്കിലും എത്തിയിരുന്നു.

പേയ്ടിഎം ഓഹരി ഇന്നലെ മൂന്നു ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. താഴ്ചയില്‍ വാങ്ങുന്നവര്‍ താല്‍പര്യമെടുത്തതാണു കാരണം. പേയ്ടിഎമിന്റെ ഒരു ശതമാനം ഓഹരി ഇന്നലെ ബള്‍ക്ക് കൈമാറ്റത്തില്‍ ഒരു ഫണ്ട് സ്ഥാപനം വാങ്ങി.

പേയ്ടിഎമിന്റെ പേമെന്റ് ബാങ്ക് ലൈസന്‍സ് റദ്ദാക്കുകയോ പേയ്ടിഎം ഡയറക്ടര്‍ ബാേര്‍ഡിനെ നീക്കം ചെയ്ത് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയോ ചെയ്യാനാണു റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതെന്നു റിപ്പോര്‍ട്ടുണ്ട്.

പേയ്ടിഎമിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന വിശദീകരണത്തെ തുടര്‍ന്ന് ജിയോ ഫിനാന്‍സ് ഓഹരി ആറു ശതമാനം താണു. തലേന്ന് 14 ശതമാനം ഉയര്‍ന്നതാണ്.

കമ്പനികള്‍, ഓഹരികള്‍

യെസ് ബാങ്കില്‍ 9.5 ശതമാനം ഓഹരി എടുക്കാന്‍ എച്ച്.ഡി.എഫ്.സി ബാങ്കിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതോടെ യെസ് ബാങ്ക് ഓഹരി 13 ശതമാനം ഉയര്‍ന്ന് 25.70 രൂപയായി. എസ്.ബി.ഐ അടക്കം പല ബാങ്കുകള്‍ക്കും യെസില്‍ ഗണ്യമായ ഓഹരി ഉണ്ട്. മോശം റിസല്‍ട്ടിനെ തുടര്‍ന്നു ധനലക്ഷ്മി ബാങ്ക് ഓഹരി നാലാം ദിവസവും അഞ്ചു ശതമാനം താണ് ലോവര്‍ സര്‍കീട്ടില്‍ എത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നലെ 1.35 ശതമാനം താണ് 36.95 രൂപയായി.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 06, ചൊവ്വ)

സെന്‍സെക്‌സ്30 72,186.09 +0.63%

നിഫ്റ്റി50 21,929.40 +0.72%

ബാങ്ക് നിഫ്റ്റി 45,690.80 -0.29%

മിഡ് ക്യാപ് 100 48,984.65 +1.19%

സ്‌മോള്‍ ക്യാപ് 100 16,449.35 +0.79%

ഡൗ ജോണ്‍സ് 30 38,521.40 +0.37%

എസ് ആന്‍ഡ് പി 500 4954.23 +0.23%

നാസ്ഡാക് 15,609.00 +0.07%

ഡോളര്‍ ($) ?83.06 +?0.00

ഡോളര്‍ സൂചിക 104.17 -0.28

സ്വര്‍ണം (ഔണ്‍സ്) $2036.40 +$10.50

സ്വര്‍ണം (പവന്‍) ?46,200 -?160.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $78.76 +$0.77

Tags:    

Similar News