നിര്‍മ്മലയുടെ പ്രസംഗം വിപണിഗതിയെ നിയന്ത്രിക്കും; പേയ്ടിഎമ്മിനു തിരിച്ചടി; സാമ്പത്തിക സൂചകങ്ങള്‍ ഭിന്നദിശകളില്‍
പലിശമോഹം കെടുത്തി ഫെഡ്
വിപണി ഏതു വഴിക്ക് നീങ്ങുമെന്ന് നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ നിശ്ചയിക്കും. നികുതികളും ആനുകൂല്യങ്ങളും ക്ഷേമ നടപടികളും സംബന്ധിച്ച വിപണിയുടെ പ്രതീക്ഷകള്‍ നിര്‍മ്മല സഫലമാക്കുമോ എന്നാണ് വിപണി ശ്രദ്ധിക്കുക.
പലിശ കുറയ്ക്കല്‍ സംബന്ധിച്ച വിപണികളുടെ വ്യാമോഹത്തിന് യു.എസ് ഫെഡ് ഇന്നലെ വിരാമമിട്ടു. മാര്‍ച്ചില്‍ പലിശ കുറയ്ക്കില്ലെന്നു ഫെഡ് മേധാവി ജെറോം പവല്‍ പറഞ്ഞത് യു.എസ് വിപണിയെ ഇടിച്ചിട്ടു. ഇനി മേയ് മാസത്തില്‍ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലേക്കു വിപണി മാറി.
ഇന്ത്യന്‍ വിപണി ഇന്നു തുടക്കം എങ്ങനെയായാലും 11ന് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിന്റെ പിന്നാലെയാകും ഗതി.ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,797.50-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,830 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഗണ്യമായ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍ സ്റ്റോക്‌സ് 600 നാമമാത്ര നേട്ടം കുറിച്ചു. ശരീരഭാരം കുറയ്ക്കുന്ന വീഗോവി എന്ന മരുന്നിന്റെ വില്‍പന വിജയം ഡാനിഷ് കമ്പനി നോവോ നോര്‍ഡിസ്‌കിന്റെ ഓഹരിയെ മൂന്നു ശതമാനം ഉയര്‍ത്തി. ലാഭം കുറഞ്ഞതും പുതിയ സി.ഇ.ഒയെ പ്രഖ്യാപിച്ചതും റീറ്റെയ്‌ലര്‍ എച്ച് ആന്‍ഡ് എമ്മിന്റെ ഓഹരിയെ 12 ശതമാനം ഇടിച്ചു.
യു.എസ് വിപണി ഇന്നലെ വലിയ താഴ്ചയിലായി. പലിശക്കാര്യത്തില്‍ വിപണിയുടെ അതിമോഹം നടക്കില്ല എന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത് സൂചികകളെ താഴ്ത്തി. ഡൗ ജോണ്‍സ് 317.01 പോയിന്റ് (0.82%) താഴ്ന്ന് 38,150.30ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 79.32 പോയിന്റ് (1.61%) കുറഞ്ഞ് 4845.65 ല്‍ അവസാനിച്ചു. നാസ്ഡാക് 345.89 പോയിന്റ് (2.23%) ഇടിഞ്ഞ് 15,164.01ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.16ഉം എസ് ആന്‍ഡ് പി 0.29ഉം നാസ്ഡാക് 0.44ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.പലിശ കുറയ്ക്കല്‍ ഉടനേ ഉണ്ടാകില്ലെന്നു വ്യക്തമായതോടെ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 3.95 ശതമാനമായി താഴ്ന്നു.
ആമസോണ്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്‌ഫോംസ് എന്നിവ ഇന്നു നാലാം പാദ റിസല്‍ട്ടുകള്‍ പുറത്തുവിടും. ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ 5,600 കോടി ഡോളര്‍ വാര്‍ഷിക വേതന കരാര്‍ അന്യായമാണെന്നു കോടതി വിധിച്ചത് കമ്പനി ഓഹരിയെ 2.2 ശതമാനം താഴ്ത്തി കമ്പനി മുന്‍കാല പ്രാബല്യത്തോടെ കരാര്‍ മാറ്റണം. കേസില്‍ മസ്‌ക് അപ്പീല്‍ നല്‍കുന്നുണ്ട്.
ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലും ഓസ്‌ട്രേലിയയിലും സൂചികകള്‍ ഒരു ശതമാനം താണു. ദക്ഷിണ കൊറിയന്‍ സൂചിക മുക്കാല്‍ ശതമാനം കയറി. ചൈനീസ് വിപണി രാവിലെ ഒരു ശതമാനത്തിലധികം താഴ്ചയിലാണ്.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി തലേ ദിവസത്തെ നഷ്ടം മിക്കവാറും നികത്തി. ജനുവരിയില്‍ 28,220 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ച വിദേശനിക്ഷേപകര്‍ ഇന്നലെ വാങ്ങലുകാരായതും സഹായമായി.
സെന്‍സെക്‌സ് 612.21 പോയിന്റ് (0.86%) കയറി 71,752.11ലും നിഫ്റ്റി 203.60 പോയിന്റ് (0.95%) ഉയര്‍ന്ന് 21,522.10ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 629.05 പോയിന്റ് (1.39%) കുതിച്ച് 45,996.80ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.63 ശതമാനം കയറി 48,568.60 ല്‍ ക്ലോസ് ചെയ്തു.സ്‌മോള്‍ ക്യാപ് സൂചിക 2.25 ശതമാനം കുതിച്ച് 16,026.30 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1660.72 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2542.93 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു.
ബജറ്റ് ആവേശകരമായാലും ലാഭമെടുത്തു പിന്മാറുന്ന പ്രവണത വിപണിയില്‍ തുടരുമെന്നാണു വിലയിരുത്തല്‍. നിഫ്റ്റിക്ക് ഇന്ന് 21,525ലും 21,345ലും പിന്തുണ ഉണ്ട്. 21,750ലും 21,930ലും തടസങ്ങള്‍ ഉണ്ടാകും.
ക്രൂഡ്, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 81.71 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനം 76.45ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.30 ഡോളറിലായി.
സ്വര്‍ണം വീണ്ടും കയറി. ഇന്നലെ ഔണ്‍സിന് 2040.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2046.50 ഡോളറിലേക്കു വില ഉയര്‍ന്നു. യു.എസ് ഫെഡ് പലിശ നിരക്ക് ഉടനേ കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചതാണു കാരണം. കേരളത്തില്‍ ഇന്നലെ പവന്‍വില മാറ്റമില്ലാതെ 46,400 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക താഴ്ന്ന് 103.27ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.47 ലാണ്. ഡോളര്‍ ഇന്നലെ 83.04 രൂപയിലേക്കു താണു. തലേ ദിവസത്തേക്കാള്‍ ഏഴു പൈസ കുറവ്. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 42,100 ഡോളറിനടുത്താണ്.
പേയ്ടിഎം കുഴപ്പത്തില്‍
പേയ്ടിഎം പേമെന്റ്‌സ് ബാങ്കിന്റെ ഉടമകളായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഇന്നു വിപണിയില്‍ തിരിച്ചടി നേരിടും. ഫെബ്രുവരി 29നു ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതടക്കമുള്ള പേയ്ടിഎം സേവനങ്ങള്‍ റിസര്‍വ് ബാങ്ക് വിലക്കിയതാണു കാരണം. പ്രായോഗികമായി പേയ്ടിഎം പ്രവര്‍ത്തനങ്ങള്‍ക്കു വിലക്ക് വന്നു. റിസര്‍വ് ബാങ്ക് നല്‍കിവന്ന നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖകളും നിരന്തരമായി അവഗണിച്ച സാഹചര്യത്തിലാണു നടപടി. കമ്പനി വളരെയേറെ മാറ്റങ്ങള്‍ നടപ്പാക്കിയാലേ നിലവിലുള്ള സേവനങ്ങള്‍ തുടരാനാവൂ.
സാമ്പത്തിക സൂചകങ്ങള്‍
ബജറ്റിന്റെ തലേദിവസം വന്ന സാമ്പത്തിക സൂചകങ്ങള്‍ ഭിന്ന ദിശകളിലായി. ജി.എസ്.ടി പിരിവും കമ്മിയും ആവേശകരമായ ചിത്രം നല്‍കി. എന്നാല്‍ കാതല്‍ മേഖലയിലെ വ്യവസായങ്ങളുടെ വളര്‍ച്ച 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലായി.
ജനുവരിയിലെ ജി.എസ്.ടി പിരിവ് 9.3 ശതമാനം വര്‍ധിച്ച് 1.72 ലക്ഷം കോടി രൂപയായി. ഇത് കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിരിവാണ്.
ഡിസംബര്‍ വരെ ധനകമ്മി 9.82 ലക്ഷം കോടി രൂപയാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ കണക്കില്‍ കാണുന്നു. ഇതു വാര്‍ഷിക പ്രതീക്ഷയുടെ 55 ശതമാനമാണ്. കമ്മി ആദ്യം കണക്കാക്കിയതിലും കുറവാകാനുള്ള സാധ്യതയാണ് ഇതില്‍ കാണുന്നത്. ഇതിനകം നികുതിപിരിവ് വാര്‍ഷിക ലക്ഷ്യത്തിന്റെ 74.2 ശതമാനമായി. നികുതി പിരിവ് ലക്ഷ്യമിട്ടതിലും കൂടുതലാകും.
ഡിസംബറില്‍ കാതല്‍ മേഖലയുടെ വളര്‍ച്ച 3.8 ശതമാനം മാത്രമായി. ഒക്ടോബറില്‍ 12ഉം നവംബറില്‍ 7.9ഉം ശതമാനം വളര്‍ന്നതാണ്. വ്യവസായ ഉല്‍പാദന സൂചികയില്‍ 42 ശതമാനം ഭാഗം കാതല്‍ 6 മേഖലയുടേതാണ്.
വിപണിസൂചനകള്‍
(2024 ജനുവരി 31, ബുധന്‍)
സെന്‍സെക്‌സ്30 71,752.11 +0.86%
നിഫ്റ്റി50 21,725.70 +0.95%
ബാങ്ക് നിഫ്റ്റി 45,996.80 +1.39%
മിഡ് ക്യാപ് 100 48,568.80 +1.63%
സ്‌മോള്‍ ക്യാപ് 100 16,026.30 +2.25%
ഡൗ ജോണ്‍സ് 30 38,150.30 -0.82%
എസ് ആന്‍ഡ് പി 500 4845.65 -1.61%
നാസ്ഡാക് 15,164.01 -2.23%
ഡോളര്‍ ($) ?83.04 -?0.07
ഡോളര്‍ സൂചിക 103. 27 -0.13
സ്വര്‍ണം (ഔണ്‍സ്) $2040.70 +$03.10
സ്വര്‍ണം (പവന്‍) ?46,400 +?00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.71 -$0.69