ജിഡിപിയിൽ അപ്രതീക്ഷിത കുതിപ്പ്: വിപണിക്ക് ആവേശമാകുമാേ?
ധനകമ്മി കുറഞ്ഞു; കാതൽ മേഖലയിൽ തിരിച്ചടി; യുഎസ് കടപരിധി ധാരണ പാസായി
പ്രതീക്ഷകളും കണക്കുകൂട്ടലുകളും മറികടന്ന ജിഡിപി വളർച്ച. ബജറ്റ് പ്രതീക്ഷകളേക്കാൾ മെച്ചപ്പെട്ട ധനകാര്യ നില. വിപണിക്ക് അത്യുത്സാഹം കാണിക്കാവുന്ന കണക്കുകൾ ഇന്നലെ പുറത്തു വന്നു. എന്നാൽ ബാഹ്യ ആശങ്കകൾ ഈ ഉത്സാഹത്തിനു മങ്ങൽ ഏൽപ്പിക്കുമെന്ന സൂചനയാണുള്ളത്. അമേരിക്കൻ കടപരിധി വോട്ടെടുപ്പ് ഇന്നു രാവിലേക്കു നീണ്ടതു പാശ്ചാത്യ വിപണികളെ ഇന്നലെ നഷ്ടത്തിലാക്കി. എങ്കിലും വോട്ടെടുപ്പ് വിജയിച്ചതോട ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. അത് ഇന്ത്യൻ വിപണിയെ സഹായിക്കേണ്ടതാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധൻ രാത്രി ഒന്നാം സെഷനിൽ 18,664-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,595 ലേക്കു താണു. ഇന്നു രാവിലെ 18,620 വരെ എത്തി. ഇന്ത്യൻ വിപണി ആവേശമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഒന്നു മുതൽ രണ്ടു വരെ ശതമാനം നഷ്ടത്തിലാണു ക്ലാേസ് ചെയ്തത്. യുഎസ് കടപരിധി വോട്ടെടുപ്പിനെ പറ്റിയുള്ള ആശങ്കയായിരുന്നു പ്രധാന കാരണം. യൂറാേപ്പിലെ വലിയ പ്രോപ്പർട്ടി കമ്പനിയായ എസ്ബിബി പാപ്പരത്തത്തിന്റെ വക്കിലായി. എസ്ബിബി ഓഹരി ഇന്നലെ 27 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി തുടക്കം മുതൽ കടപരിധി സംബന്ധിച്ച വോട്ടെടുപ്പിൽ ആശങ്ക പുലർത്തി. യുഎസിൽ കഴിഞ്ഞ മാസം താെഴിലവസരങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വർധിച്ചത് പലിശ വർധന തുടരുമെന്ന നിഗമനം ബലപ്പെടുത്തി.
ഡൗ ജോൺസ് ഇന്നലെ 134.51 പോയിന്റ് (0.41%) താഴ്ന്നപ്പോൾ എസ് ആൻഡ് പി 25.69 പോയിന്റ് (0.61%) ഇടിഞ്ഞു. നാസ്ഡാക് 82.14 പോയിന്റ് (0.63%) താഴ്ന്നു.കട പരിധി ധാരണ ഇന്ത്യൻ സമയം ഇന്നു രാവിലെ വോട്ടിനിട്ട് പാസാക്കി.
വോട്ട് കഴിഞ്ഞപ്പോൾ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.10 ശതമാനം കയറിയപ്പോൾ നാസ്ഡാക് 0.15 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.18 ശതമാനം കയറി. ഏഷ്യൻ സൂചികകൾ ഇന്നു രാവിലെ ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണിയും ഉയർന്നു. എന്നാൽ കൊറിയൻ ഓഹരികൾ താഴ്ന്നു. ചെെനീസ്, ഹോങ്കോങ് വിപണികളും തുടക്കത്തിൽ താഴ്ന്നു. ചൈനയുടെ വ്യവസായ വളർച്ച കുറയുമെന്ന കണക്കുകൾ ഇന്നലെയും ചെെനീസ് വിപണിയെ താഴ്ത്തിയതാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്ന നിലയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു കൂടുതൽ താഴ്ന്നിട്ട് ക്ലോസിംഗിനു മുൻപ് കുറേ നഷ്ടം കുറച്ചു. സെൻസെക്സ് 62,401 വരെയും നിഫ്റ്റി 18,483 വരെയും താഴ്ന്നതാണ്. സെൻസെക്സ് 346.89 പോയിന്റ് (0.55%) ഇടിഞ്ഞ് 62,622.24 ലും നിഫ്റ്റി 99. 45 പോയിന്റ് (0.53%) താഴ്ന്ന് 18,534.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.37 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.03 ശതമാനവും ഉയർന്നു.
ഓയിൽ -ഗ്യാസ്, മെറ്റൽ, ബാങ്ക്, ധനകാര്യ സേവന മേഖലകൾ ഇന്നലെ നഷ്ടത്തിലായി. ഓട്ടോ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ് എന്നീ മേഖലകൾ നേട്ടമുണ്ടാക്കി. റിലയൻസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയവ ഇന്നലെ വലിയ ഇടിവിലായി.
ബുള്ളുകളെ നിസ്സഹായരാക്കുന്നതായിരുന്നു ഇന്നലത്തെ വിപണി. എങ്കിലും നിഫ്റ്റി 18,500 നു മുകളിൽ ക്ലോസ് ചെയ്തത് പ്രതീക്ഷ പകരുന്നതായി ചില നിക്ഷേപ വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്കു 18,495 ലും 18,420 ലും സപ്പോർട്ട് ഉണ്ട്. 18,585 ലും 18,660 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഓഹരിവാങ്ങൽ വർധിപ്പിച്ചു. അതേസമയം സ്വദേശി ഫണ്ടുകൾ വിൽപന കൂട്ടി. വിദേശികൾ ഇന്നലെ 3405.9 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 2528.52 കോടിയുടെ ഓഹരികൾ വിറ്റു.
ലോഹവിപണിയിൽ അലൂമിനിയം ഒഴികെ എല്ലാ ലോഹങ്ങളും ഇടിഞ്ഞു. അലൂമിനിയം 1.1 ശതമാനം കയറി ടണ്ണിന് 2243.35 ഡോളറിൽ എത്തി. ചെമ്പ് 1.29 ശതമാനം താണ് 8016.20 ഡോളർ ആയി. ലെഡ്, നിക്കൽ, സിങ്ക്, ടിൻ എന്നിവ ഒന്നര മുതൽ നാലു വരെ ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയിലും സ്വർണവും
ചെെനയുടെ വ്യവസായ വളർച്ച മന്ദീഭവിക്കുന്നതും യൂറോപ്പിലെ ഒരു വലിയ റിയൽ എസ്റ്റേറ്റ് കമ്പനി പാപ്പരത്തത്തിന്റെ വക്കിൽ എത്തിയതുമാണ് വ്യാവസായിക ലോഹങ്ങളെ താഴ്ത്തിയത്. മിക്ക രാജ്യങ്ങളിലും ക്രൂഡ് ഓയിൽ സ്റ്റോക്ക് കൂടിയതോടെ വില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 1.2 ശതമാനം താണ് 72.66 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 67.72 ഡോളർ ആയി.
യുഎസിൽ താെഴിലവസരങ്ങൾ പ്രതീക്ഷയിലധികം വർധിച്ചതു സ്വർണത്തെ ഉയർത്തി. 1974 ഡോളറിലേക്കു കയറിയ സ്വർണം 1966.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1963-1965 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില 320 രൂപ വർധിച്ച് 44,680 രൂപയിൽ എത്തി. ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 27,300 ലേക്കു താണു. ഡോളർ എട്ടു പൈസ കയറി 82.75 രൂപ ആയി. ഡോളർ സൂചിക അൽപം താഴ്ന്ന് 104.15 ൽ എത്തി. ഇന്നു രാവിലെ 104.23 ലാണ്.
ജിഡിപിയിൽ അപ്രതീക്ഷിത കുതിപ്പ്
റിസർവ് ബാങ്കിന്റെയും തങ്ങളുടെയും നിഗമനങ്ങളെ മറികടന്നുള്ള ജിഡിപി വളർച്ചയുടെ കണക്കുകളാണു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ഇന്നലെ പുറത്തുവിട്ടത്.
2022 - 23 ൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപന്നം (ജിഡിപി) 7.2 ശതമാനം വളർന്നു. 2011-12 ലെ വിലനിലവാരത്തിൽ (സ്ഥിര വിലയിൽ) 160.06 ലക്ഷം കോടി രൂപയാണു ജിഡിപി. ഇപ്പോഴത്തെ (തന്നാണ്ടിലെ) വിലയിൽ 272.41 ലക്ഷം കോടി. തന്നാണ്ടു വിലയിലെ വളർച്ച 16.1 ശതമാനമുണ്ട്.
പ്രതീക്ഷയിലും അധികമാണെങ്കിലും വളർച്ച കഴിഞ്ഞ വർഷത്തെ 9.1 ശതമാനത്തിലും കുറവാണ്. കഴിഞ്ഞ വർഷത്തെ ഉയർന്ന വളർച്ച അതിനു തലേ വർഷം (2020-21) കോവിഡ് നിയന്ത്രണങ്ങൾ മൂലം ജിഡിപി 5.9 ശതമാനം ചുരുങ്ങിയ സാഹചര്യത്തിലായിരുന്നു.
കഴിഞ്ഞ നാലു വർഷത്തെ ജിഡിപിയും വളർച്ച നിരക്കും ഇങ്ങനെയാണ്:
2019-20 145.35 ലക്ഷം കോടി +3.7%
2020-21 136.87 ലക്ഷം കോടി - 5.9%
2021-22 149.26 ലക്ഷം കോടി + 9.1%
2022 -23 160.06 ലക്ഷം കോടി + 7.2%
കോവിഡിനു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 10.5 ശതമാനം മാത്രം വർധനയേ 2022-23 ലെ ജിഡിപിയിൽ ഉള്ളൂ എന്നർഥം. കഴിഞ്ഞ മൂന്നുവർഷത്തെ ശരാശരി വാർഷിക വളർച്ച 3.3 ശതമാനം മാത്രം. കോവിഡും തുടർ വർഷങ്ങളും രാജ്യത്തിന് ഏൽപിച്ച ആഘാതത്തിൽ നിന്ന് ഇനിയും മോചനമായിട്ടില്ലെന്നു ചുരുക്കം.
നാലാം പാദത്തിൽ വളർച്ച അപ്രതീക്ഷിതമായി കൂടി 6.1 ശതമാനമായി. എല്ലാവരുടെയും നിഗമനങ്ങൾക്കപ്പുറമായി അത്. സേവന മേഖല 6.9 ശതമാനം വളർന്നതാണ് ഉയർന്ന വളർച്ചയ്ക്ക് അടിസ്ഥാനം. ജിഡിപിയുടെ 60 ശതമാനത്തിലധികം സേവന മേഖലയുടെ സംഭാവനയാണ്. കാർഷിക മേഖല 5.5 ശതമാനം വളർന്നു. 2019 - നു ശേഷമുള്ള ഏറ്റവും ഉയർന്ന പാദ വളർച്ചയാണിത്. ഫാക്ടറി ഉൽപാദന വളർച്ച 4.5 ശതമാനം മാത്രം. ജനങ്ങളുടെ ഉപഭോഗം വർധിച്ചതും മൂലധനസ്വരൂപണം ഉയർന്നതും ജിഡിപി കണക്കിലെ എടുത്തു പറയേണ്ട കാര്യങ്ങളാണ്.
ധനകമ്മിയിൽ നേരിയ താഴ്ച
കഴിഞ്ഞ ധനകാര്യ വർഷം കേന്ദ്ര സർക്കാരിന്റെ ധനകമ്മി ബജറ്റിൽ കണക്കാക്കിയതിലും കുറവായി. 17.55 ലക്ഷം കോടി രൂപയാണ് പുതുക്കിയ ബാറ്റിൽ കണക്കാക്കിയത്. ഇന്നലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് കമ്മി 17.3 ലക്ഷം കോടി രൂപയാണെന്നു കാണിച്ചു. വരുമാനം അൽപം കൂടുകയും ചെലവ് അൽപം കുറയുകയും ചെയ്തു. ജിഡിപി യുടെ 6.4 ശതമാനം കണക്കാക്കിയ കമ്മി 6.36 ശതമാനമായി കുറഞ്ഞു. കേന്ദ്രത്തിന്റെ നികുതി വരുമാനം 15.2 ശതമാനം വർധിച്ചു. എന്നാൽ നികുതിയിതര വരുമാനം 17.8 ശതമാനം കുറഞ്ഞു.
കാതൽ മേഖലയിൽ ഉൽപാദനം കുറഞ്ഞു
പുതിയ ധനകാര്യ വർഷത്തിനു തിളക്കം കുറഞ്ഞ തുടക്കം. കാതൽമേഖലാ വ്യവസായങ്ങളുടെ ഏപ്രിലിലെ വളർച്ച 3.5 ശതമാനമായി കുറഞ്ഞു. ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വൈദ്യുതി, ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനത്തിലാണു കാര്യമായ കുറവ്. രാസവളം, സ്റ്റീൽ, സിമന്റ് എന്നിവയുടെ ഉൽപാദനം കുതിച്ചു. വ്യവസായ പ്രവർത്തനങ്ങൾ കുറഞ്ഞതാണ് വൈദ്യുതി ഉൽപാദനം കുറയാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു.
മാർച്ചിനെ അപേക്ഷിച്ച് 8.5 ശതമാനം കുറവാണു കാതൽ മേഖലയുടെ ഏപ്രിലിലെ പ്രകടനം. വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിൽ 40 ശതമാനം പങ്ക് കാതൽ മേഖലയുടേതാണ്. മാർച്ചിൽ ഐഐപി 1.1 ശതമാനം കുറഞ്ഞതാണ്.
വിപണി സൂചനകൾ
(2023 മേയ് 31, ബുധൻ)
സെൻസെക്സ് 30 62,622.24 -0.55%
നിഫ്റ്റി 50 18,534.40 -0.53%
ബാങ്ക് നിഫ്റ്റി 44,128.15 -0.69%
മിഡ് ക്യാപ് 100 33,761.30 +0.37%
സ്മോൾക്യാപ് 100 10,166.10 +1.03%
ഡൗ ജോൺസ് 30 32,908.30 -0.41%
എസ് ആൻഡ് പി 500 4179.83 -0.61%
നാസ്ഡാക് 12,935.30 -0.63%
ഡോളർ ($) ₹82.75 +08 പൈസ
ഡോളർ സൂചിക 104.15 -0.18
സ്വർണം(ഔൺസ്) $1960.30 +$16.30
സ്വർണം(പവൻ ) ₹44,680 +₹320.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $72.66 -$0.88