പ്രതികൂല ഘടകങ്ങൾ കൂടുന്നു; ജി.ഡി.പി വളർച്ച നിരാശാജനകം; കാലാവസ്ഥ ഭീഷണിയായി; ക്രൂഡ് കയറ്റം തുടരുന്നു
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി ഇന്നു ബിഎസ്ഇ സൂചികകളിൽ നിന്നു മാറ്റപ്പെടും. ജിയോ ഫിൻ തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു വ്യാപാരം നടത്തി
വിദേശത്തും സ്വദേശത്തും അനിശ്ചിതത്വങ്ങൾ വളരുന്നു. അതു വിപണികളിൽ ഇന്നലെ പ്രതിഫലിച്ചു. ഇന്നും ആ വഴിക്കു വിപണികൾ നീങ്ങാം. പ്രതീക്ഷയിലും കുറഞ്ഞ ജിഡിപി വളർച്ച, കാലവർഷപ്പിഴവ് കാർഷികോൽപാദനത്തിൽ വരുത്തുന്ന ഇടിവ്, വർധിക്കുന്ന വിലക്കയറ്റം, കാതൽ മേഖലയുടെ മോശം പ്രകടനം, വരുന്ന പാദത്തിൽ ജിഡിപി വീണ്ടും കുറയാനുള്ള സാധ്യത, തെരഞ്ഞെടുപ്പ് നേരത്തേ ആക്കുമെന്ന അഭ്യൂഹം - എല്ലാം വിപണിയുടെ കയറ്റത്തിനു തടസമാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,414.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,425 ലേക്കു കയറിയിട്ടു 19,413 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് അൽപം താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. യൂറോസോൺ വിലക്കയറ്റം പ്രതീക്ഷിച്ചതിലും ഉയർന്ന് ( 5.3 ശതമാനം) നിൽക്കുന്നതാണ് യൂറോപ്യൻ വിപണികളെ താഴ്ത്തിയത്. ക്രെഡിറ്റ് സ്വീസെയെ ഏറ്റെടുത്ത യുബിഎസ് പ്രതീക്ഷിച്ചതിലും ഇരട്ടി ലാഭം ഉണ്ടാക്കി.
യുഎസിൽ സൂചികകൾ ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് ഇന്നലെ 168.33 പോയിന്റ് (0.48%) ഇടിഞ്ഞ് 34,721.91ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.21 പോയിന്റ് (0.16%) താഴ്ന്ന് 4507.66 ൽ അവസാനിച്ചു. അതേ സമയം നാസ്ഡാക് 15.66 പോയിന്റ് (0.11%) കയറി 14,034.97 ൽ ക്ലോസ് ചെയ്തു. ഇന്നു വരുന്ന യുഎസ് തൊഴിൽ കണക്കാണു വിപണിയെ നിർണായകമായി സ്വാധീനിക്കുക. തൊഴിൽവർധന കുറയുമെന്നാണു പ്രതീക്ഷ.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്നദിശകളിലായി. ഓസ്ട്രേലിയൻ വിപണി അര ശതമാനം താണു. ജപ്പാനിൽ നിക്കെെ 0.50 ശതമാനം കയറി. കൊറിയൻ വിപണി 0.25 ശതമാനം ഉയർന്നു ചുഴലിക്കൊടുങ്കാറ്റ് മൂലം ഹോങ് കോങ് വിപണിക്ക് ഇന്ന് അവധിയാണ്.
ചൈനീസ് ഫാക്ടറി പ്രവർത്തന സൂചിക താഴ്ന്നത് വ്യവസായവളർച്ച കുറഞ്ഞതായി കാണിക്കുന്നു. പാർപ്പിട നിർമാണ മേഖലയെ ഉത്തേജിപ്പിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ വ്യവസ്ഥകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. പലിശനിരക്കും കുറച്ചേക്കും. ഏതായാലും ചൈനീസ് വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തലേ ദിവസത്തേതു പോലെ ഇന്നലെയും ആവേശത്തോടെ തുടങ്ങി, പക്ഷേ പിന്നീടു കുത്തനേ ഇടിഞ്ഞു. ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.
സെൻസെക്സ് 255.84 പോയിന്റ് (0.39%) താഴ്ന്ന് 64,831.41 ലും നിഫ്റ്റി 93.65 പോയിന്റ് (0.48%) ഇടിഞ്ഞ് 19,253.80 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഇന്നലെ 243.45 പോയിന്റ് (0.55% ) നഷ്ടത്തിൽ അവസാനിച്ചു.
വിശാല വിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.11 ശതമാനം കയറി 39,118.65-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.81 ശതമാനം ഉയർന്ന് 12,243.65ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ ഇന്നലെ ക്യാഷ് വിപണിയിൽ 2973.10 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4382.76 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്കു 19,350-19,500 ലെ പ്രതിരോധം മറികടക്കാൻ കഴിയുന്നില്ലെന്ന് വീണ്ടും തെളിയിച്ചു. 19,200 ലെ പിന്തുണ നിലനിർത്താനായില്ലെങ്കിൽ 18,900-19,000 മേഖലയിലെ പിന്തുണ പരീക്ഷിക്കും വിധം നിഫ്റ്റി താഴുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്നു നിഫ്റ്റിക്ക് 19,225ലും 19,125 ലും പിന്തുണ ഉണ്ട്. 19,350 ഉം 19,450 ഉം തടസങ്ങളാകാം.
ജിയോ ഫിൻ
ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി ഇന്നു ബിഎസ്ഇ സൂചികകളിൽ നിന്നു മാറ്റപ്പെടും. ജിയോ ഫിൻ തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു വ്യാപാരം നടത്തി. ഇന്നലെ അഞ്ചു ശതമാനം ഉയർന്ന് 242.5 രൂപയിലാണു ബിഎസ്ഇയിൽ ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചികകളിൽ നിന്ന് തിങ്കളാഴ്ചയാകും ജിയോ ഫിൻ ഒഴിവാക്കുക.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ പാെതുവേ താഴ്ചയിലായി. ചെമ്പ് 1.03 ശതമാനം താഴ്ന്ന് ടണ്ണിന് 8358.80 ഡോളറിൽ എത്തി. അലൂമിനിയം 0.31 ശതമാനം ഉയർന്നു ടണ്ണിന് 2211.51 ഡോളറിലായി. ടിൻ 0.15 ശതമാനം ഉയർന്നു. ലെഡ് 0.3 ശതമാനവും സിങ്ക് 0.54 ശതമാനവും നിക്കൽ 0.17 ശതമാനവും താഴ്ന്നു.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ കയറ്റം തുടരുന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് 1.2 ശതമാനം ഉയർന്ന് 86.86 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.60 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 87 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 83.79 ഡോളറിലേക്ക് ഉയർന്നു.
ഇന്നലെ സ്വർണത്തിന്റെ കയറ്റം തുടർന്നില്ല. പക്ഷേ ഇന്നു കയറ്റത്തിലാണ്. വ്യാഴാഴ്ച സ്വർണം ഔൺസിന് 2.40 ഡോളർ താഴ്ന്ന് 1940.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1943.10 ഡോളറിലേക്കു കയറി.
കേരളത്തിൽ ഇന്നലെ പവൻവില 120 രൂപ കയറി രൂപയിൽ എത്തി.
രൂപ ഇന്നലെയും തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയിട്ട് പിന്നീടു ദുർബലമായി. ഡോളർ അഞ്ചു പൈസ കയറി 82.78 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ കയറി. വ്യാഴാഴ്ച സ്യൂചിക 103.62ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.59 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ ഇടിവ് തുടർന്നു. ഇന്നലെ അഞ്ചു ശതമാനം താഴ്ന്നു. ക്രിപ്റ്റോ കറൻസി സ്പോട്ട് ഇടിഎഫ് തുടങ്ങുന്നതിനുള്ള അപേക്ഷകൾ ഒക്ടോബറിലേ തീർപ്പാക്കൂ എന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സൂചിപ്പിച്ചതാണ് ഇടിവിലേക്കു നയിച്ചത്. ബിറ്റ്കോയിൻ ഇന്നു രാവിലെ 25,600 ഡോളറിനടുത്താണ്.
ജി.ഡി.പി കണക്കിൽ തെളിയുന്ന അപായങ്ങൾ
ഒന്നാം പാദ ജിഡിപി വളർച്ചയുടെ കണക്ക് നിരാശപ്പെടുത്തുന്നതായി. സേവന മേഖലയുടെ കുതിപ്പും സർക്കാരിന്റെ വർധിച്ച മൂലധനച്ചെലവും കൂടി എന്തോ വലിയ കാര്യങ്ങൾ നേടി എന്ന അവകാശവാദമാെക്കെ പൊളിഞ്ഞു. ചെെനയേക്കാൾ കൂടിയ, ലോകത്തിലെ ഏറ്റവും വേഗം കൂടിയ വളർച്ച എന്ന അവകാശവാദം മാത്രം നിലനിൽക്കുന്നു. ചെെന പഴയ ചെെനയല്ല, പഴയതിന്റെ നിഴൽ മാത്രമാണെന്നതു തൽക്കാലം മറക്കാം.
7.8 ശതമാനമാണ് സ്ഥിരവിലയിൽ ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ച. ഇപ്പോഴത്തെ വിലയിൽ എട്ടു ശതമാനം വളർച്ച ഉണ്ട്. എട്ടു ശതമാനം വളരുമെന്നാണു റിസർവ് ബാങ്ക് മൂന്നാഴ്ച മുൻപ് പറഞ്ഞത്. അതു നടന്നില്ല. ചില സ്വകാര്യ ഏജൻസികൾ 8.5 ശതമാനം വരെ പ്രവചിച്ചു. വിവിധ സർവേകളിൽ 7.7-7.8 ശതമാനമായിരുന്നു ശരാശരി നിരക്ക്. അതു മാത്രം ശരിയായി. അതല്ല പ്രശ്നം. ജിഡിപി വളർച്ചയുടെ ഘടകങ്ങൾ ഓരോന്നായി പരിശാേധിച്ചാൽ സ്ഥിതി ഒട്ടും തൃപ്തികരമല്ല.
മെച്ചപ്പെട്ടത് കൃഷിയും ധനകാര്യവും മാത്രം
കാർഷിക മേഖലയിൽ വളർച്ച 3.5 ശതമാനമാണ്. ഇതു തലേ വർഷത്തെ 2.4 ശതമാനത്തേക്കാൾ ഗണ്യമായി കൂടുതലാണ്. കാർഷികേതര മേഖലകളിൽ വളർച്ച കാണിച്ച ഏക വിഭാഗം ധനകാര്യസേവന, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സർവീസ് വിഭാഗമാണ്. 8.5 ൽ നിന്നു 12.2 ശതമാനത്തിലേക്ക് ഈ മേഖലയുടെ വളർച്ച കയറി.
ബാക്കി മേഖലകളെല്ലാം ക്ഷീണമാണു കാണിക്കുന്നത്. ഖനനവളർച്ച 9.5-ൽ നിന്ന് 5.8 ശതമാനമായി. ഫാക്ടറി ഉൽപാദന വളർച്ച 6.1 ൽ നിന്ന് 4.7 ശതമാനമായി. നിർമാണ മേഖലയുടെ വളർച്ച 16 ൽ നിന്ന് 7.9 ശതമാനമായി. വൈദ്യുതി മേഖലയുടെ വളർച്ച 14.9-ൽ നിന്ന് 2.9 ശതമാനത്തിലേക്കു വീണു. വ്യാപാര - ഗതാഗത-ഹോട്ടൽ - കമ്യൂണിക്കേഷൻ മേഖലയുടേത് 25.7 ൽ നിന്ന് 9.2 ശതമാനത്തിലേക്കു കൂപ്പുകുത്തി. സർക്കാർ ചെലവും പ്രതിരോധവും ഉൾപ്പെട്ട മേഖലയുടെ വളർച്ച 21.3 ൽ നിന്ന് 7.9 ശതമാനത്തിലേക്ക് വീണു.
ഒരു വർഷം മുൻപ് 2022 ൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ഉള്ള വളർച്ച സ്വാഭാവികമായും കൂടുതലായിരുന്നു എന്ന വാദമാകാം ഈ താഴ്ചയെ ന്യായീകരിക്കാൻ ഉന്നയിക്കുക. അതു പക്ഷേ, അത്ര ശക്തമായ ന്യായമല്ല.
മൂലധന നിക്ഷേപം കൂടിയോ?
സ്ഥാവര മൂലധനനിക്ഷേപം 12.98 ലക്ഷം കോടിയിൽ നിന്ന് 14.01 ലക്ഷം കോടി രൂപയേ ആയിട്ടുള്ളൂ. ജിഡിപിയിൽ 34.7 ശതമാനം എന്ന അനുപാതം കൂട്ടാനായില്ല. സ്വകാര്യ ഉപഭോഗം തുകയിൽ വർധന കാണിച്ചെങ്കിലും ജിഡിപിയുടെ 58.3 ശതമാനത്തിൽ നിന്ന് 57.3 ശതമാനമായി കുറഞ്ഞു. കയറ്റുമതി 24.4 ൽ നിന്ന് 20.9 ശതമാനമായി കുറഞ്ഞു.
വരുന്ന പാദങ്ങളിൽ കാലവർഷപ്പിഴവും വിലക്കയറ്റവും വളർച്ചയെ വലിച്ചു താഴ്ത്തും എന്ന സൂചനകൾ പ്രബലമാണ്. അതിനിടെ ദുർബലമായ ഒന്നാം പാദ വളർച്ച ഒട്ടും ആത്മവിശ്വാസം പകരുന്നില്ല.
കാതൽ മേഖലയിലും ക്ഷീണം
ജൂലൈയിലെ എട്ടു കാതൽ വ്യവസായങ്ങളുടെ വളർച്ച എട്ടു ശതമാനമാണെന്ന് ഇന്നലെ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ജൂണിലെ 8.3 ശതമാനം വളർച്ചയിലും കുറവാണിത്. മാത്രമല്ല മൊത്തം ഉൽപാദനം രണ്ടു ശതമാനം ഇടിയുകയും ചെയ്തു.
കാതൽ വ്യവസായങ്ങളുടെ ഏപ്രിൽ- ജൂലൈയിലെ വളർച്ച 6.4 ശതമാനം മാത്രം. തലേ വർഷം ആദ്യ നാലു മാസത്തെ വളർച്ച 11.5 ശതമാനമായിരുന്നു. വ്യവസായ ഉൽപാദന സൂചികയിൽ 42 ശതമാനം പങ്ക് കാതൽ മേഖലയ്ക്കുണ്ട്.
അദാനി: പുതിയ ആരോപണത്തിൽ നഷ്ടം 37,000 കോടി രൂപ
പുതിയ ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ നാലു ശതമാനം വരെ താണു. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 37,000 കോടി രൂപയോളം താഴ്ന്നു.
ഗൗതം അദാനിയുടെ സഹാേദരൻ വിനോദിന്റെ ബിസിനസ് പങ്കാളികൾ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ഫണ്ടുകളിലൂടെ ഗ്രൂപ്പ് കമ്പനികളിൽ ഓഹരികൾ വാങ്ങിയും വിറ്റും വില കൃത്രിമമായി ഉയർത്തി എന്നാണ് ആരാേപണം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്കു രേഖാമൂലം തെളിവ് നൽകുന്നതാണു പുതിയ റിപ്പോർട്ട്. കൃത്രിമമായി വില ഉയർത്തി നിർത്തി കമ്പനികളുടെ മൂല്യവും തന്റെ സമ്പത്തും പെരുപ്പിച്ചു കാണിക്കുകയും അതുപയോഗിച്ച് അമിതമായ ബാങ്കു വായ്പകളും മറ്റും സമ്പാദിക്കുകയും ചെയ്തു എന്നാണ് ആരോപണങ്ങൾ വ്യക്തമാക്കുന്നത്.
ഈ ആരോപണങ്ങളുടെ പേരിൽ പുതിയ അന്വേഷണമോ നിയമനടപടികളോ ഉണ്ടാകാനിടയില്ല. പഴയ ആരോപണങ്ങൾ മാത്രം, എല്ലാം അടിസ്ഥാനരഹിതം എന്ന അദാനി ഗ്രൂപ്പിന്റെ വിശദീകരണം സ്വീകരിക്കാനാകും സർക്കാർ ഉദ്ദേശിക്കുക.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 31, വ്യാഴം)
സെൻസെക്സ് 30 64,831.41 -0.39%
നിഫ്റ്റി 50 19,253.80 -0.48%
ബാങ്ക് നിഫ്റ്റി 43,989.15 -0.55%
മിഡ് ക്യാപ് 100 39,118.65 +0.11%
സ്മോൾ ക്യാപ് 100 12,243.65 +0.81%
ഡൗ ജോൺസ് 30 34,721.91 -0.48%
എസ് ആൻഡ് പി 500 4507.66 -0.16%
നാസ്ഡാക് 14,034.97 +0.11%
ഡോളർ ($) ₹82.78 +0.05
ഡോളർ സൂചിക 103.62 +0.46
സ്വർണം(ഔൺസ്) $1940.60 -$02.40
സ്വർണം(പവൻ) ₹44,120 +₹120.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $86.86 +$1.00