ജി.ഡി.പി തിളക്കത്തില്‍ കുതിക്കാന്‍ വിപണി; വിദേശ സൂചനകള്‍ പോസിറ്റീവ്; യു.എസ് വിലക്കയറ്റം പ്രതീക്ഷ പോലെ; വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്
നികുതിപിരിവിലെ വലിയ കുതിപ്പിന്റെ ബലത്തില്‍ തിളങ്ങുന്ന ജി.ഡി.പി വളര്‍ച്ചയുടെ കണക്ക് ഇന്നലെ പുറത്തുവന്നു. ഇത് ഇന്നു വിപണിയെ ആവേശം കൊള്ളിക്കേണ്ടതാണ്. എല്ലാ ഏജന്‍സികളുടെയും വിദഗ്ധരുടെയും നിഗമനങ്ങളെ മറി കടക്കുന്നതായി മൂന്നാം പാദത്തിലെ 8.4 ശതമാനം വളര്‍ച്ച. ഇതോടൊപ്പം കഴിഞ്ഞ രണ്ടു പാദങ്ങളിലെയും രണ്ടു വര്‍ഷങ്ങളിലെയും വളര്‍ച്ച എസ്റ്റിമേറ്റുകളും തിരുത്തി. തിരുത്തലിലെ കൂട്ടലും കിഴിക്കലും ഇക്കൊല്ലത്തെ വളര്‍ച്ച നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ജനുവരിയിലെ കാതല്‍ വ്യവസായ വളര്‍ച്ച നിരാശപ്പെടുത്തുന്നതായി.
ഇന്നലെ യു.എസ് വിലക്കയറ്റ, തൊഴില്‍ കണക്കുകള്‍ പ്രതീക്ഷ പോലെ വന്നത് യു.എസ് വിപണിയെ ഉയര്‍ത്തി. ഏഷ്യന്‍ വിപണികളും ഇന്നു കുതിപ്പിലാണ്. അതും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കും.
വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,172ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,210ലേക്കു കയറി. ഇന്ത്യന്‍ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. യു.എസ് വിപണി വ്യാഴാഴ്ച മിതമായ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിലക്കയറ്റ, തൊഴില്‍ കണക്കുകള്‍ പ്രതീക്ഷ പോലെ വന്നു. വിലക്കയറ്റ സൂചികയായ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ജനുവരിയില്‍ 2.8 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിച്ചു. ഇതു പ്രതീക്ഷയുമായി യോജിച്ചു പോകുന്നു. വ്യക്തികളുടെ വരുമാനത്തില്‍ ഒരു ശതമാനം വര്‍ധന ഉണ്ട്. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകളില്‍ നേരിയ വര്‍ധന ഉണ്ടായി. വിപണിയെ നേട്ടത്തില്‍ ഉറപ്പിക്കാന്‍ ഇതു സഹായിച്ചു.
ഡൗ ജോണ്‍സ് സൂചിക 47.37 പോയിന്റ് (0.12%) ഉയര്‍ന്ന് 38,996.40ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 26.51 പോയിന്റ് (0.52%) കയറി 5096.27ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 14418 പോയിന്റ് (0.90%) കയറി 16,091.90ല്‍ എത്തി. ഇതു റെക്കോഡ് നിലയാണ്.
വിപണി ക്ലോസ് ചെയ്ത ശേഷം ഡെല്‍ അടക്കം ടെക് കമ്പനികളുടെ റിസല്‍ട്ട് വന്നതു പ്രതീക്ഷയിലും മികച്ചതായി. നിര്‍മിത ബുദ്ധിയിലെ ആവേശം സെര്‍വര്‍ വില്‍പന വര്‍ധിപ്പിച്ചു. ഡെല്‍ ഓഹരികള്‍ 20 ശതമാനം കുതിച്ചു.
ന്യൂയോര്‍ക്ക് കമ്യൂണിറ്റി ബാങ്കോര്‍പില്‍ ആഭ്യന്തര കുഴപ്പങ്ങളെ തുടര്‍ന്ന് ഓഹരി ക്ലോസിംഗിനു ശേഷമുള്ള വ്യാപാരത്തില്‍ 20 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ സി.ഇ.ഒയെ മാറ്റി ചെയര്‍മാന്‍ ആ ചുമതലയും ഏറ്റെടുത്തു. ജനുവരി ഒന്നിനു ശേഷം ഈ ബാങ്കിന്റെ ഓഹരി 50 ശതമാനം താഴ്ന്നു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.07ഉം എസ് ആന്‍ഡ് പി 0.09ഉം നാസ്ഡാക് 0.08ഉം ശതമാനം താഴ്ചയിലാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.254 ശതമാനമായി താഴ്ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ 1.75 ശതമാനം കയറി. ചൈനീസ് വിപണി തുടക്കത്തില്‍ താണു.
ഇന്ത്യന്‍ വിപണി
വ്യാഴാഴ്ച ഇന്ത്യന്‍ വിപണി തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടത്തിലായിരുന്നു. അനിശ്ചിതത്വം വിപണിയെ വിഴുങ്ങിയ നിലയായിരുന്നു. സാമ്പത്തിക കണക്കുകള്‍ സംബന്ധിച്ച ആശങ്ക പ്രകടമായി.
സെന്‍സെക്‌സ് 195.42 പോയിന്റ് (0.27%) കയറി 72,500.30ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 31.65 പോയിന്റ് (0.14%) ഉയര്‍ന്ന് 21,982.80ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 157.75 പോയിന്റ് (0.34%) കയറി 46,120.90ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.51 ശതമാനം കയറി 48,335.70ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.64 ശതമാനം ഉയര്‍ന്ന് 15,976.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാഴാഴ്ച വിദേശനിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വാങ്ങി. ക്യാഷ് വിപണിയില്‍ നിന്ന് 3568.11 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 230.21 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
നിഫ്റ്റി വീണ്ടും മുന്നേറ്റ പാതയിലായി എന്നാണു പലരും വ്യാഖ്യാനിക്കുന്നത്. 22,230-22,250 തടസമേഖലയാകും എന്നും കരുതുന്നു. നിഫ്റ്റിക്ക് ഇന്ന് 21,890ലും 21,765ലും പിന്തുണ ഉണ്ട്. 22,050ലും 22,170ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി
വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില നാമമാത്രമായി ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.62 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനം 78.47ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.53ഉം ഡോളറിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച സ്വര്‍ണം ഔണ്‍സിന് 2043.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2,046.10 ഡോളറിലേക്കു കയറി. കേരളത്തില്‍ വ്യാഴാഴ്ചയും പവന് വിലമാറ്റമില്ലാതെ 46,080 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കൂടിയേക്കും.
ഡോളര്‍ സൂചിക വ്യാഴാഴ്ച 104.15ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.07ലാണ്. ഡോളര്‍ ഇന്നലെ 82.91 രൂപയിലേക്കു താണു ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ കയറിയിറങ്ങി. ബിറ്റ്‌കോയിന്‍ 64,000 വരെ കയറിയിട്ടു താണു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 60,900 ഡോളറിലാണ്.
ജി.ഡി.പി കണക്ക് തിളങ്ങുന്നു; വിശ്വാസ്യതയില്‍ ചോദ്യങ്ങള്‍
ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ച 8.4 ശതമാനം ഉണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ). 2023-24ലെ വളര്‍ച്ച നിഗമനം 7.6 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും ഒന്നും രണ്ടും പാദങ്ങളിലെയും വളര്‍ച്ചക്കണക്കുകള്‍ തിരുത്തിയുമാണ് എന്‍.എസ്.ഒയുടെ പുതിയ തിളക്കമേറിയ എസ്റ്റിമേറ്റ്. ഇത് അത്ര കണ്ടു വിശ്വാസ്യമാണോ എന്ന സംശയം പല ധനശാസ്ത്രജ്ഞരും ഉന്നയിച്ചിട്ടുണ്ട്.
2021-22ലെ വളര്‍ച്ച 9.1 ശതമാനത്തില്‍ നിന്ന് 9.7 ശതമാനമാക്കി. 2022-23ലേത് 7.2 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറച്ചു. ജനുവരി ആദ്യം 2023-24ലെ വളര്‍ച്ച പ്രതീക്ഷ 7.3 ശതമാനമായാണ് എന്‍.എസ്.ഒ നിര്‍ണ്ണയിച്ചത്. അത് 7.6 ശതമാനം ആക്കി.
ഒന്നാം പാദ വളര്‍ച്ച 7.8ല്‍ നിന്ന 8.2 ശതമാനമായും രണ്ടാം പാദത്തിലേത് 7.6ല്‍ നിന്ന് 8.1 ശതമാനമായും ഉയര്‍ത്തി. വാര്‍ഷിക വളര്‍ച്ച 7.6 ശതമാനമാകാന്‍ നാലാം പാദത്തില്‍ 5.7 ശതമാനം വളര്‍ച്ച ഉണ്ടായാല്‍ മതി.
കഴിഞ്ഞ വര്‍ഷത്തെ മൊത്ത മൂല്യവര്‍ധന (ജി.വി.എ) ഏഴില്‍ നിന്ന് 6.7 ശതമാനമായി താഴ്ത്തി. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന മൂല്യ വര്‍ധന 6.9 ശതമാനമാണ്. ഒന്നാം പാദത്തില്‍ 8.2ഉം രണ്ടാം പാദത്തില്‍ 7.7ഉം ശതമാനം മൂല്യവര്‍ധന ഉണ്ട്. മൂന്നാം പാദത്തില്‍ 6.5 ശതമാനം മാത്രമാണു വര്‍ധന.
കാര്‍ഷിക വരുമാനം 0.8 ശതമാനം കുറഞ്ഞു എന്നാണു നിഗമനം. ഫാക്ടറി ഉല്‍പാദനം 8.5ഉം നിര്‍മാണ മേഖല 10.7ഉം ഖനനം 8.1ഉം ശതമാനം വര്‍ധിച്ചു. സ്വകാര്യ ഉപഭോഗവും മൂലധന സമാഹരണവും കുറഞ്ഞതായാണ് കണക്ക്
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 29, വ്യാഴം)
സെന്‍സെക്‌സ്30 72,500.30 +0.27%
നിഫ്റ്റി50 21,982.80 +0.14%
ബാങ്ക് നിഫ്റ്റി 46,120.90 +0.34%
മിഡ് ക്യാപ് 100 48,335.70 +0.51%
സ്‌മോള്‍ ക്യാപ് 100 15,976.20 +0.64%
ഡൗ ജോണ്‍സ് 30 38,996.40 +0.12%
എസ് ആന്‍ഡ് പി 500 5096. 27 +0.52%
നാസ്ഡാക് 16,091.90 +0.90%
ഡോളര്‍ ($) 82.91 -0.01
ഡോളര്‍ സൂചിക 104.15 +0.17
സ്വര്‍ണം (ഔണ്‍സ്) $ 2043.60 +$08.70
സ്വര്‍ണം (പവന്‍) 46,080 00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.62 +$0.36