വീണ്ടും ആവേശത്തിലേക്കു വിപണി; വിദേശ സൂചനകള്‍ പോസിറ്റീവ്; വില്‍പന സമ്മര്‍ദം തുടരും; ക്രൂഡ് വില 80 ഡോളറിനു താഴെ

രൂപ കൂടുതല്‍ ശക്തിപ്പെട്ടില്ലെങ്കില്‍ ഇന്നും സ്വര്‍ണവില കൂടാം

Update:2024-02-02 08:13 IST

ബജറ്റ് വിപണിയുടെ അമിതമോഹങ്ങള്‍ക്കനുസരിച്ചു വന്നില്ല. അതുകൊണ്ട് ഇന്നലെ ചാഞ്ചാടിയ വിപണി ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. ഇന്ന് ബജറ്റ് ചിന്തകള്‍ മാറ്റി വയ്ക്കുന്ന വിപണി യു.എസ് വിപണിയും ഫ്യൂച്ചേഴ്‌സും നല്‍കുന്ന ആവേശം ഉള്‍ക്കൊണ്ടേക്കും. ഏഷ്യന്‍ വിപണികളും ഇന്നു നല്ല കയറ്റത്തിലാണ്.

വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,914ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,900ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച ഗണ്യമായ നഷ്ടത്തിലാണ് അവസാനിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ പലിശനിരക്കില്‍ മാറ്റം പ്രഖ്യാപിച്ചില്ല. ബി.എന്‍.പി പാരിബ ബാങ്ക് വരുമാനം ലക്ഷ്യമിട്ടതിലും കുറയുകയും ലാഭപ്രതീക്ഷ കുറയ്ക്കുകയും ചെയ്തതു മൂലം ഓഹരിവില എട്ടു ശതമാനം ഇടിഞ്ഞു. അഡിഡാസിന്റെ വരവും ലാഭവും കൂടുകയും 2024ല്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുകയും ചെയ്‌തെങ്കിലും ഓഹരി ഇടിഞ്ഞു. കെയ്ന്‍ വെസ്റ്റിന്റെ യീസിയില്‍ നിന്നു പിന്മാറാനുളള തീരുമാനമാണു കാരണം.

യു.എസ് വിപണി ഇന്നലെ വലിയ നേട്ടം ഉണ്ടാക്കി. കഴിഞ്ഞ ദിവസം ഫെഡ് തീരുമാനത്തോടു പ്രതികരിച്ചതു കൂടിപ്പോയി എന്ന വിലയിരുത്തലാണു വ്യാഴാഴ്ച കണ്ടത്. ഡൗ ജോണ്‍സ് 365.54 പോയിന്റ് (0.97%) ഉയര്‍ന്ന് 38,519.84ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 60.54 പോയിന്റ് (1.25%) കയറി 4906.19ല്‍ അവസാനിച്ചു. നാസ്ഡാക് 197.63 പോയിന്റ് (1.30%) ഉയര്‍ന്ന് 15,361.64ല്‍ ക്ലോസ് ചെയ്തു.

ടെക് ഭീമന്മാരുടെ ഉണര്‍വില്‍ യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. എസ് ആന്‍ഡ് പി 0.55 ശതമാനം ഉയര്‍ന്നു. നാസ്ഡാക് ഒരു ശതമാനം കുതിച്ചു. ഡൗ സൂചിക നാമമാത്രമായി കയറി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 3.87 ശതമാനമായി താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഓസ്‌ട്രേലിയയിലും കൊറിയയിലും സൂചികകള്‍ ഒരു ശതമാനം കയറി. ജപ്പാനില്‍ നിക്കൈ സൂചികയും ഒരു ശതമാനം ഉയര്‍ന്നു. ഹോങ് കോങ് വിപണി ഒന്നര ശതമാനം കയറിയപ്പോള്‍ ചൈനീസ് വിപണി രാവിലെ ചെറിയനേട്ടത്തിലാണ്.

ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി ബജറ്റിലെ നിരാശ പ്രകടമാക്കി. നികുതിയിളവ് അടക്കം പ്രതീക്ഷിച്ച ഒന്നും ബജറ്റില്‍ ഉണ്ടായില്ല. വിദേശനിക്ഷേപകര്‍ വില്‍പന തുടരുകയും ചെയ്തു. ബജറ്റ് പ്രസംഗം തുടങ്ങുമ്പോള്‍ 21,832 പോയിന്റില്‍ നിന്ന നിഫ്റ്റി സൂചിക പിന്നീട് 21,658 വരെ താണു. സെന്‍സെക്‌സ് 72,151ല്‍ നിന്ന് 71,574 വരെ ഇടിഞ്ഞു.

സെന്‍സെക്‌സ് 106.81 പോയിന്റ് (0.15%) താഴ്ന്ന് 71,752.11ലും നിഫ്റ്റി 28.25 പോയിന്റ് (0.13%) കുറഞ്ഞ് 21,697.45ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 191.85 പോയിന്റ് (0.42%) ഉയര്‍ന്ന് 46,188.65ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.56 ശതമാനം താണ് 48,298.00 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.63 ശതമാനം ഉയര്‍ന്ന് 16,127.20ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1879.58 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 872.49 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു.

നിഫ്റ്റിക്ക് ഇന്ന് 21,660ലും 21,555ലും പിന്തുണ ഉണ്ട്. 21,795ലും 21,900ലും തടസങ്ങള്‍ ഉണ്ടാകാം. ഇന്നലെ 20 ശതമാനം ഇടിഞ്ഞ പേയ്ടിഎം ഇന്നും താണേക്കാം. ടാറ്റാ മോട്ടോഴ്‌സ് ഇന്നു മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും ലാഭം ഗണ്യമായി വര്‍ധിക്കുമെന്നാണു പ്രതീക്ഷ.

ക്രൂഡ്, സ്വര്‍ണം, ഡോളര്‍, രൂപ

ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞ് 80 ഡോളറിനു താഴെയായി. ബ്രെന്റ് ഇനം ക്രൂഡ് 79.32 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 74.33ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79ഉം ഡോളറിലായി.

സ്വര്‍ണം വീണ്ടും കയറി. ഇന്നലെ ഔണ്‍സിന് 2055.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2053.50 ഡോളറിലേക്കു താണു. കേരളത്തില്‍ ഇന്നലെ പവന്‍വില 120 രൂപ വര്‍ധിച്ച് 46,520 രൂപയില്‍ തുടര്‍ന്നു. രൂപ കൂടുതല്‍ ശക്തിപ്പെട്ടില്ലെങ്കില്‍ ഇന്നും സ്വര്‍ണവില കൂടാം.

ഡോളര്‍ സൂചിക താഴ്ന്ന് 103.05ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.04 ലാണ്. ഡോളര്‍ ഇന്നലെ 83.04 രൂപയിലേക്കു താണു. തലേ ദിവസത്തേക്കാള്‍ ഏഴു പൈസ കുറവ്. ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറ്റത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 43,250 ഡോളറിനടുത്താണ്.

ബജറ്റും വിപണിയും

ഇടക്കാല ബജറ്റില്‍ പറഞ്ഞ കാര്യങ്ങളേക്കാള്‍ പറയാത്ത കാര്യങ്ങളോടുള്ള പ്രതികരണമായി ഇന്നലെ ഇന്ത്യന്‍ വിപണിയുടേത്. റോഡ്, റെയില്‍വേ മേഖലകള്‍ക്കുള്ള മൂലധന വിഹിതം കാര്യമായി വര്‍ധിപ്പിക്കാത്തത് കരാര്‍ നിര്‍മാണ കമ്പനികളുടെ ഓഹരികളെ താഴ്ത്തി. ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് വരുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷയുണ്ട്.

തെരഞ്ഞെടുപ്പു വിജയത്തിന് നികുതിയിളവൊന്നും വേണ്ടെന്ന ആത്മവിശ്വാസം കാണിക്കുന്നതാണു ബജറ്റ് എന്നും വിപണി വിലയിരുത്തുന്നു. കമ്മി കുറച്ചു നിര്‍ത്തുന്നതിലും കടമെടുപ്പു കുറയ്ക്കുന്നതിലും വിപണിക്കു സന്തോഷമുണ്ട്. രാജ്യത്തു പലിശ നിലവാരം താഴ്ത്താന്‍ അതു സഹായിക്കുമെന്നാണു പ്രതീക്ഷ. ഇന്നലെ ഗവണ്മെന്റ് കടപ്പത്രങ്ങളുടെ വില കൂടുകയും അവയിലെ നിക്ഷേപനേട്ടം കുറയുകയും ചെയ്തു. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാം. കടപ്പത്രവില കൂടുന്നത് ബാങ്കുകള്‍ക്കു ലാഭം കൂട്ടുകയും ചെയ്യും.

അടുത്ത വര്‍ഷം സര്‍ക്കാര്‍ മൊത്തം 14.13 ലക്ഷം കോടി രൂപയാണ് കടപ്പത്രങ്ങള്‍ ഇറക്കി വിപണിയില്‍ നിന്നു കടമെടുക്കുക. കാലാവധിയായ കടങ്ങള്‍ തിരിച്ചു കൊടുക്കുന്നതു കിഴിച്ചാല്‍ 11.75 ലക്ഷം കോടി വിപണിയില്‍ നിന്നു സര്‍ക്കാര്‍ വലിക്കും. നടപ്പുവര്‍ഷം 15.43 ലക്ഷം കോടി രൂപയാണു മൊത്തം വായ്പ എടുക്കുന്നത്.

മൂലധന നിക്ഷേപം കാര്യമായി കൂടുന്നില്ല

മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്നതിനെപ്പറ്റി നിര്‍മല വളരെയേറെ വാചാലയായിരുന്നു. പക്ഷേ നടപ്പുവര്‍ഷ ബജറ്റ് കാണിക്കുന്ന കണക്കുകള്‍ ആ അവകാശ വാദങ്ങളെ സാധൂകരിക്കുന്നില്ല. 2023-24ല്‍ ബജറ്റ് മൂലധനച്ചെലവിനു വകയിരുത്തിയത് 9.91 ലക്ഷം കോടി രൂപ. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു ചെലവാക്കുന്നത് 8.54 ലക്ഷം കോടി രൂപ. 1.37 ലക്ഷം കോടി രൂപ കുറവ്. എട്ടര ശതമാനം വരും ഈ കുറവ്.

സംസ്ഥാനങ്ങള്‍ വഴി ചെലവാക്കുന്ന തുക കൂടി ഉള്‍പ്പെടുത്തിയുളള കണക്കെടുത്താല്‍ 13.71 ലക്ഷം കോടിയാണു മൂലധനച്ചെലവ് നടക്കേണ്ടിയിരുന്നത്. അതു പുതുക്കിയ എസ്റ്റിമേറ്റില്‍ 12.71 ലക്ഷം കോടിയായി. ഒരു ലക്ഷം കോടി രൂപ കുറവ്.

അടുത്ത വര്‍ഷത്തേക്കു മൂലധനച്ചെലവിനു വകയിരുത്തല്‍ 9.74 ലക്ഷം കോടി രൂപ. കഴിഞ്ഞ ബജറ്റിലെ വിഹിതത്തേക്കാള്‍ കുറവ്. സംസ്ഥാനങ്ങള്‍ വഴിയുള്ളതു ചേര്‍ത്താല്‍ 14.97 ലക്ഷം കോടി വരും. അപ്പോഴും കഴിഞ്ഞ ബജറ്റില്‍ നിന്ന് 9.2 ശതമാനം വര്‍ധന മാത്രം. ജി.ഡി.പി വളര്‍ച്ച (തന്നാണ്ടു വിലയില്‍) 10.5 ശതമാനം കണക്കാക്കുന്ന ബജറ്റ് ആ വളര്‍ച്ച പോലും മൂലധനച്ചെലവിനു നല്‍കിയില്ല.

മെറ്റായും ആമസോണും കുതിക്കുന്നു, ആപ്പിള്‍ പിന്നോട്ട്

വോള്‍ സ്ട്രീറ്റ് ക്ലോസ് ചെയ്ത ശേഷം ആപ്പിള്‍, ആമസോണ്‍, മെറ്റാ പ്ലാറ്റ്‌ഫോംസ് എന്നിവയുടെ റിസല്‍ട്ട് വന്നു. അനാലിസ്റ്റുകളുടെ പ്രതീക്ഷയെ മറികടന്നതായി ഒന്നാം പാദത്തില്‍ ആപ്പിളിന്റെ വിറ്റുവരവും ലാഭവും. എന്നാല്‍ ചൈനയിലെ വില്‍പന 13 ശതമാനം ഇടിഞ്ഞു. പ്രതി ഓഹരി വരുമാനം ഉയര്‍ന്ന് 2.18 ഡോളര്‍ ആയി. അടുത്ത പാദത്തിലെ വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തെ തോതില്‍ പ്രതീക്ഷിച്ചാല്‍ മതി എന്നു സി.എഫ്.ഒ ലൂക്കാ മേസ്ത്രി പറഞ്ഞത് ഫ്യൂച്ചേഴ്‌സില്‍ ആപ്പിള്‍ ഓഹരിയെ നാലു ശതമാനം താഴ്ത്തി.

മെറ്റാ പ്ലാറ്റ് ഫോംസിന്റെ റിസല്‍ട്ട് ആവേശകരമായി. കമ്പനിയുടെ നാലാം പാദ വിറ്റുവരവ് 25 ശതമാനം വര്‍ധിച്ചു. ചെലവുകള്‍ എട്ടു ശതമാനം കുറഞ്ഞു. അറ്റാദായം മൂന്നിരട്ടിയായി. കമ്പനി ഇതാദ്യമായി ലാഭവീതം പ്രഖ്യാപിച്ചു. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കമ്പനി 5,000 കോടി ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങലും പ്രഖ്യാപിച്ചു. 2024 നെപ്പറ്റി മികച്ച പ്രതീക്ഷയും കമ്പനി അവതരിപ്പിച്ചു. ഫ്യൂച്ചേഴ്‌സില്‍ മെറ്റാ ഓഹരി 14 ശതമാനം കുതിച്ചു. മെറ്റായുടെ വര്‍ച്വല്‍ റിയാലിറ്റി ഡിവിഷന്‍ 465 കോടി ഡോളര്‍ നഷ്ടം വരുത്തി.

ആമസോണ്‍ അനാലിസ്റ്റുകളുടെ പ്രതീക്ഷ മറികടന്ന നാലാം പാദ റിസല്‍ട്ട് പ്രതിദ്ധീകരിച്ചു 2024 നെപ്പറ്റി മികച്ച പ്രതീക്ഷയും അവതരിപ്പിച്ചു. ഓഹരി ഫ്യൂച്ചേഴ്‌സില്‍ ഏഴു ശതമാനം കയറി. കമ്പനിയുടെ ക്ലൗഡ് സേവനങ്ങള്‍ക്കു മികച്ച വളര്‍ച്ച ഉണ്ട്. നിര്‍മിതബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ വ്യാപകമായി എന്നും കമ്പനി പറയുന്നു.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 01, ബുധന്‍)

സെന്‍സെക്‌സ്30 71,645.30 -0.15%

നിഫ്റ്റി50 21,697.45 -0.13%

ബാങ്ക് നിഫ്റ്റി 46,188.65 +0.42%

മിഡ് ക്യാപ് 100 48,298.00 -0.56%

സ്‌മോള്‍ ക്യാപ് 100 16,127.20 +0.63%

ഡൗ ജോണ്‍സ് 30 38,519. 84 +0.97%

എസ് ആന്‍ഡ് പി 500 4906.19 +1.25%

നാസ്ഡാക് 15,361.64 +1.30%

ഡോളര്‍ ($) ?82.97 -?0.07

ഡോളര്‍ സൂചിക 103.05 -0.23.

സ്വര്‍ണം (ഔണ്‍സ്) $2055.20 +$14.50

സ്വര്‍ണം (പവന്‍) ?46,520 +?12.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.71 -$0.69

Tags:    

Similar News