വിപണി ആവേശത്തിൽ; ക്രൂഡ് ഓയിൽ 90 ഡോളർ ലക്ഷ്യമിടുന്നു; ഡോളർ വീണ്ടും കയറ്റത്തിൽ
അദാനി ഗ്രൂപ്പ് ഓഹരികൾ വെള്ളിയാഴ്ച തിരിച്ചു കയറി
ക്രൂഡ് ഓയിൽ വിലകയറ്റവും ഡോളർ ശക്തിപ്പെടുന്നതും ഈയാഴ്ച വിപണിഗതിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങളായി മാറുന്നു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളുടെ ബലത്തിൽ ബുൾ കുതിപ്പിന് ആഗ്രഹിക്കുന്ന വിപണിയെ ഇവ മന്ദഗതിയിലാക്കുമോ എന്ന ഭീതിയുണ്ട്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 90 ഡോളർ കടക്കും എന്ന വിലയിരുത്തലിലാണു വിപണി.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,547.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,573 ലേക്കു കയറിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. വെള്ളിയാഴ്ച യുഎസിൽ സൂചികകൾ ഭിന്നദിശകളിൽ നീങ്ങി. ഡൗ ജോൺസ് 115.80 പോയിന്റ് (0.33%) കയറി 34,837.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 8.11 പോയിന്റ് (0.18%) ഉയർന്ന് 4515.77 ൽ അവസാനിച്ചു. അതേ സമയം നാസ്ഡാക് 3.15 പോയിന്റ് (0.02%) താഴ്ന്ന് 14,031.80 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.27ഉം എസ് ആൻഡ് പി 0.11 ഉം ഉയർന്നു. നാസ്ഡാക് 0.0 ശതമാനം താഴ്ന്നു നിൽക്കുന്നു.
യു.എസ് ഓഗസ്റ്റിൽ പ്രതീക്ഷയേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കിയതായി കണക്കുകൾ കാണിച്ചു. ഒപ്പം തൊഴിലില്ലായ്മ വർധിക്കുകയും വേതന വർധന കുറയുകയും ചെയ്തു. കൂടുതൽ പേർ തൊഴിലന്വേഷകരോ ഒരു തൊഴിലിൽ നിന്നു മാറി വേറേ പണി തേടുന്നവരോ ആയതാണ് തൊഴിലില്ലായ്മ കൂടാൻ കാരണം.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്നദിശകളിലായി. ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനം ഉയർന്നു. ജപ്പാനിൽ നിക്കെെ 0.50 ശതമാനം കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആവേശത്തോടെ തുടങ്ങി, അവസാനം വരെ ആവേശം നിലനിർത്തി. ഫാർമസ്യൂട്ടിക്കൽസ് ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിലായിരുന്നു.
വെള്ളിയാഴ്ച സെൻസെക്സ് 555.75 പോയിന്റ് (0.86%) കുതിച്ച് 65,387.16 ലും നിഫ്റ്റി 181.50 പോയിന്റ് (0.94%) ഉയർന്ന് 19,435.30 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 446.95 പോയിന്റ് (1.02%) കയറി 44, 436.10 ൽ അവസാനിച്ചു.
വിശാലവിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.84 ശതമാനം കയറി 39,445.60-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.17 ശതമാനം ഉയർന്ന് 12,386.45ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 487.94 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2294.93 കോടിയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞയാഴ്ച സെൻസെക്സ് 0.77 ശതമാനവും നിഫ്റ്റി 0.88 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്. മെറ്റൽ, റിയൽറ്റി മേഖലകൾ അഞ്ചു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.
നിഫ്റ്റി 19,500 ന്റെ തടസം മറികടന്നാൽ 19,650 - 19,800 മേഖലയിലാണ് പിന്നീട് സമ്മർദം നേരിടേണ്ടി വരിക എന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നു നിഫ്റ്റിക്ക് 19,305 ലും 19,180 ലും പിന്തുണ ഉണ്ട്. 19,460 ഉം 19,585 ഉം തടസങ്ങളാകാം.
അദാനി ഗ്രൂപ്പ് ഓഹരികൾ വെള്ളിയാഴ്ച തിരിച്ചു കയറി. അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർത്താനും ജി.ഡി.പി കണക്കുകൾ ആവേശകരമാണെന്നു വരുത്താനും വിപണിയിൽ നീക്കം ഉണ്ടായതായി സംശയിക്കുന്നവർ ഉണ്ട്. വിപണിയുടെ കുതിപ്പ് നിലനിൽപ്പുള്ളതല്ല എന്ന ധാരണയും അവർക്കുണ്ട്.
ജി.എസ്.ടി പിരിവിലെ വർധനയും ഓഗസ്റ്റിലെ ഫക്ടറി ഉൽപാദനത്തിന്റെ പി.എം.ഐ സർവേ 58.6 എന്ന ഉയർന്ന നില കാണിച്ചതും ഓഗസ്റ്റിലെ വാഹന വിൽപന റെക്കോഡ് ആയതും വിപണിയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ ആയിരുന്നു.
ബി.എസ്.ഇ ലിമിറ്റഡ് ഓഹരികൾ വെള്ളിയാഴ്ച ആറു ശതമാനത്തിലധികം ഉയർന്നു. ഓഹരികൾ തിരിച്ചു വാങ്ങുന്നതിനു പ്രഖ്യാപിച്ച വില 818 രൂപയിൽ നിന്ന് 1080 രൂപയായി ഉയർത്തിയതാണ് ഒരു കാരണം. ഈയിടെ തുടങ്ങിയ സെൻസെക്സ് ഡെറിവേറ്റീവ് വ്യാപാരം ബിഎസ്ഇക്കു ഡെറിവേറ്റീവ് വ്യാപാരത്തിലെ പങ്ക് ഗണ്യമായി ഉയർത്തുമെന്ന സൂചനയുണ്ട്. ഓഹരി 1360 വരെ കയറുമെന്നു ചില ബ്രോക്കറേജുകൾ കരുതുന്നു.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച നല്ല ഉയർച്ചയിലായിരുന്നു. ചെമ്പ് 1.85 ശതമാനം കയറി ടണ്ണിന് 8513.65 ഡോളറിൽ എത്തി. അലൂമിനിയം 1.22 ശതമാനം ഉയർന്ന് ടണ്ണിന് 2238.59 ഡോളറിലായി. ടിൻ 2.41 ശതമാനവും ലെഡ് 4.13 ശതമാനവും സിങ്ക് 1.86 ശതമാനവും നിക്കൽ 1.30 ശതമാനവും ഉയർന്നു. ചെെനീസ് ഡിമാൻഡ് വർധിക്കും എന്ന നിഗമനത്തിലാണു വിപണി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ കയറ്റം തുടർന്നു. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 2.5 ശതമാനം ഉയർന്ന് 89 ഡോളറിൽ എത്തിയിട്ട് 88.55 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 85.55 ഡോളറിൽ ക്ലോസ് ചെയ്തു. 2023 ലെ ഏറ്റവും ഉയർന്ന വിലകളാണിവ. ഒപെകും മിത്രരാജ്യങ്ങളും ഉൽപാദനം കൂട്ടുകയില്ല എന്നു വ്യക്തമായതും ചെെനീസ് ആവശ്യം വർധിക്കുന്നതുമാണു വിലക്കയറ്റത്തിനു പിന്നിൽ. വില ഇനിയും ഉയരുമെന്നു പുതിയ സർവേകൾ പറയുന്നു. ഇന്നു രാവിലെ ബ്രെന്റ് ഇനം 88.80 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 85.89 ഡോളറിലേക്ക് ഉയർന്നു.
സ്വർണ്ണം ചാഞ്ചാടിയ ശേഷം പഴയ നില (1940.60) യിൽ ക്ലോസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ 1942.50 ഡോളറിലേക്കു കയറി.
കേരളത്തിൽ ഇന്നലെ പവൻവില 44,160 രൂപയിൽ എത്തി.
രൂപ വെള്ളിയാഴ്ച നേട്ടം ഉണ്ടാക്കി. ഡോളർ ആറു പൈസ താഴ്ന്ന് 82.72 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക കയറി വെള്ളിയാഴ്ച 104.24 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.21 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ ഇടിവ് തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 25,900 ഡോളറിനടുത്താണ്.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 1, വെള്ളി)
സെൻസെക്സ് 30 65,387.16 +0.86%
നിഫ്റ്റി 50 19,435.30 +0.94%
ബാങ്ക് നിഫ്റ്റി 44,436.10 +1.02%
മിഡ് ക്യാപ് 100 39,445.60 +0.84%
സ്മോൾ ക്യാപ് 100 12,386.45 +1.17%
ഡൗ ജോൺസ് 30 34,837.71 +0.33%
എസ് ആൻഡ് പി 500 4515.77 +0.18%
നാസ്ഡാക് 14,031.81 -0.02%
ഡോളർ ($) ₹82.72 -0.06
ഡോളർ സൂചിക 104.24 +0.62
സ്വർണം(ഔൺസ്) $1940.60 $00.00
സ്വർണം(പവൻ) ₹44,160 +₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $88.55 +$1.69