വില്‍പനസമ്മര്‍ദം തുടരുന്നു; പാശ്ചാത്യ താഴ്ച ഏഷ്യയിലും ആവര്‍ത്തിക്കുന്നു; പേയ്ടിഎമ്മിനെ വാങ്ങാന്‍ ഇല്ലെന്നു ജിയോ ഫിന്‍

വിപണിമൂല്യത്തില്‍ എല്‍.ഐ.സി ആറാമത്

Update:2024-02-06 08:19 IST

പലിശ കുറയ്ക്കല്‍ വൈകുമെന്ന മുന്നറിയിപ്പില്‍ പാശ്ചാത്യ വിപണികള്‍ താഴ്ന്നു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും താഴ്ചയിലാണ്. തിങ്കളാഴ്ച വ്യാപാരാവസാനം വലിയ താഴ്ച നേരിട്ട ഇന്ത്യന്‍ വിപണി ഇന്നും വില്‍പന സമ്മര്‍ദ്ദം പ്രതീക്ഷിക്കുന്നുണ്ട്. ഉയര്‍ന്ന വിലയില്‍ ലാഭമെടുത്തു മാറാന്‍ കൂടുതല്‍ പേര്‍ ശ്രമിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,821.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,810ലേക്കു താണിട്ടു തിരിച്ചു കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. യു.എസ് ഫെഡ് ചെയര്‍മാന്‍ പലിശ കുറയ്ക്കല്‍ നീണ്ടു പോകുമെന്നു പറഞ്ഞതും വിപണിക്കു ക്ഷീണമായി

യു.എസ് വിപണി തിങ്കളാഴ്ച താഴ്ന്നു. സാവകാശം ആലോചിച്ചു മാത്രമേ പലിശ കുറയ്ക്കൂ എന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന വിപണിയെ ഇടിച്ചു താഴ്ത്തി. മേയില്‍ എങ്കിലും നിരക്കു കുറയ്ക്കും, 2024ല്‍ ഒരു ശതമാനം കുറവുണ്ടാകും എന്നൊക്കെയുള്ള നിഗമനങ്ങള്‍ക്കാണു പവലിന്റെ പ്രസ്താവന തിരിച്ചടിയായത്.

ഡൗ ജോണ്‍സ് 274.30 പോയിന്റ് (0.71%) താഴ്ന്ന് 38,380.12ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 15.80 പോയിന്റ് (0.71%) കുറഞ്ഞ് 4942.81ല്‍ അവസാനിച്ചു. നാസ്ഡാക് 31.28 പോയിന്റ് (0.20%) താഴ്ന്ന് 15,597.68ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.08ഉം എസ് ആന്‍ഡ് പി 0.02ഉം താഴ്ന്നു. എന്നാല്‍ നാസ്ഡാക് 0.06 ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.17 ശതമാനമായി ഉയര്‍ന്നു. പിന്നീട് അല്‍പം കുറഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ഓസ്‌ട്രേലിയയിലും ജപ്പാനിലും കൊറിയയിലും സൂചികകള്‍ അര ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ് കോങ് വിപണി ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ഷാങ്ഹായ് വിപണി താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിലായി.

ഇന്ത്യന്‍ വിപണി

തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ആദ്യം ഉയര്‍ന്നിട്ട് വ്യാപാരാന്ത്യത്തില്‍ കുത്തനേ താഴ്ന്നു നഷ്ടത്തിലായി. ഇന്‍ട്രാഡേയിലെ ഉയരത്തില്‍ നിന്ന് 600ല്‍ അധികം പോയിന്റ് താഴ്ന്നാണു സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 354.21 പോയിന്റ് (0.49%) നഷ്ടത്തില്‍ 71,731.42ലും നിഫ്റ്റി 82.10 പോയിന്റ് (0.38%) കുറഞ്ഞ് 21,771.70ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 145.40 പോയിന്റ് (0.32%) താഴ്ന്ന് 45,825.55ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.14 ശതമാനം താണ് 48,410.20ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.26 ശതമാനം ഉയര്‍ന്ന് 16,319.75ല്‍ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 518.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1188.68 കോടി രൂപയുടെ ഓഹരികളില്‍ വിറ്റു. നിഫ്റ്റിക്ക് 21,950-22,000 മേഖലയില്‍ കടുത്ത പ്രതിരോധം ഉണ്ടെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,730ലും 21,580ലും പിന്തുണ ഉണ്ട്. 21,795ലും 22,050ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, രൂപ, ക്രിപ്‌റ്റോ

ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 77.99 ഡോളറില്‍ എത്തി. ഇന്നു രാവിലെ 78.10 ഡോളറിലേക്കു കയറി. ഡബ്‌ള്യു.ടി.ഐ ഇനം 72.86ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 78.13ഉം ഡോളറിലായി.

സ്വര്‍ണം വീണ്ടും താഴുകയാണ്. തിങ്കളാഴ്ച ഔണ്‍സിന് 2025.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2028 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന്‍വില തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 46,360 രൂപയില്‍ എത്തി. രാജ്യാന്തര വില ഇടിഞ്ഞതിനാല്‍ ഇന്നു വീണ്ടും കുറയാം.

ഡോളര്‍ സൂചിക വെള്ളിയാഴ്ച 104.45 വരെ കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.40 ലാണ്. ഡോളര്‍ തിങ്കളാഴ്ച 83.06 രൂപയിലേക്കു കയറി. തലേ ദിവസത്തേക്കാള്‍ 14 പൈസ കൂടുതല്‍. ഡോളര്‍ സൂചിക കയറിയതാണു കാരണം. ക്രിപ്‌റ്റോ കറന്‍സികള്‍ കയറിയിറങ്ങി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 42,450 ഡോളറിനടുത്താണ്.

കമ്പനികള്‍, ഓഹരികള്‍

എല്‍.ഐ.സി ഓഹരി ഇന്നലെ ഒന്‍പതു ശതമാനം ഉയര്‍ന്ന് 1000 രൂപയ്ക്കു മുകളില്‍ എത്തി. ഇതോടെ എല്‍.ഐ.സിയുടെ വിപണിമൂല്യം 6.32 ലക്ഷം കോടി രൂപയായി. വിപണിമൂല്യത്തില്‍ കമ്പനി ആറാം സ്ഥാനത്തേക്കു കയറി. ടാറ്റാ മോട്ടോഴ്‌സ് ഓഹരി ആവേശകരമായ മൂന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് എട്ടു ശതമാനം കയറി 950 രൂപ വരെ എത്തി.

സൗത്ത് ഇന്ത്യന്‍ ബാങ്കും ധനലക്ഷ്മി ബാങ്കും ഇന്നലെ ഇടിവിലായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി 39.80 രൂപ വരെ കയറിയിട്ട് 2.33 ശതമാനം താഴ്ന്ന് 37.80 രൂപയില്‍ അവസാനിച്ചു. ഒരു മാസം കൊണ്ടു 42 ശതമാനം കയറ്റം ഓഹരിക്കുണ്ടായതാണ്. ധനലക്ഷ്മി ഓഹരി ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ് 48.70 രൂപയായി. ഈയിടെ 59 രൂപ വരെ കയറിയ ഓഹരി ഒരു മാസം കൊണ്ട് 60 ശതമാനം ഉയര്‍ന്നു. ബാങ്കിന്റെ മൂന്നാം പാദ ലാഭം കുത്തനേ വീണത് ഓഹരിയുടെ താഴ്ചയ്ക്കു കാരണമായി.

ആദായനികുതി വകുപ്പ് 4,000 കോടി രൂപയുടെ നികുതി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ശ്രീ സിമന്റ്‌സ് ഓഹരി ഇടിഞ്ഞു. മൂന്നാം പാദ റിസല്‍ട്ടിലെ തിരിച്ചടിയെ തുടര്‍ന്ന് യു.പി.എല്‍ ഓഹരി 11 ശതമാനം താണു.

പേയ്ടിഎമ്മില്‍ നോട്ടമില്ലെന്നു ജിയോ ഫിനാന്‍ഷ്യല്‍

പ്രതിസന്ധിയിലായ പേയ്ടിഎം പേമെന്റ്‌സ് ബാങ്കിനെ മൊത്തമായോ ഭാഗികമായോ ഏറ്റെടുക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വെറും ഊഹാധിഷ്ഠിതമാണ് എന്നു ജിയോ പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ ജിയോയുടെ ഓഹരിവില 14 ശതമാനം കുതിച്ച് 289 രൂപയില്‍ എത്തി. ബി.എസ്.ഇ ആവശ്യപ്പെട്ടതനുസരിച്ചാണു റിലയന്‍സ് ഗ്രൂപ്പിലെ ജിയോ ഈ വിശദീകരണം നല്‍കിയത്. പേയ്ടിഎമ്മിനോടും എക്‌സ്‌ചേഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.

പേയ്ടിഎം ഓഹരികള്‍ മൂന്നു ദിവസം കൊണ്ടു 42 ശതമാനം ഇടിഞ്ഞ് 438.50 രൂപയില്‍ എത്തി. രണ്ടു ദിവസം 20 ശതമാനം വീതം ഇടിഞ്ഞ ഓഹരി ഇന്നലെ സര്‍കീട്ട് പരിധി 10 ശതമാനം ആക്കിയതിനെ തുടര്‍ന്നു 10 ശതമാനമേ താഴ്ന്നുള്ളൂ. കമ്പനിയുടെ വിപണി മൂല്യത്തില്‍ 20,500 കോടിയുടെ ഇടിവ് വന്നു.

നിരവധി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ പേയ്ടിഎം ഓഹരിയില്‍ നിക്ഷേപിച്ചിരുന്നു. ഡിസംബര്‍ 31ലെ നിലവച്ച് 68 ഫണ്ടുകള്‍ മൊത്തം 1,994 കോടി രൂപ ഇതില്‍ നിക്ഷേപിച്ചിട്ടുണ്ട്. പല ഫണ്ടുകളും തങ്ങളുടെ ഫണ്ടിന്റെ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം ഈ ഓഹരിയിലാണു നിക്ഷേപിച്ചത്. അവയുടെ എന്‍.എവി കുറയും.

മ്യൂച്വല്‍ ഫണ്ടുകള്‍ കമ്പനിയില്‍ മൊത്തം 4.99 ശതമാനം ഓഹരി കൈയാളുന്നുണ്ട്. മറ്റ് സ്വദേശി നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 1.07 ശതമാനം ഓഹരിയാണുള്ളത്. പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) 45 ശതമാനമുണ്ട്. 18.72 ശതമാനം ഓഹരി വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) പക്കലാണ്. പെന്‍ഷന്‍ ഫണ്ടുകള്‍ അടക്കമുളള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) പക്കല്‍ 18.64 ശതമാനം ഓഹരി ഉണ്ട്.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 05, തിങ്കള്‍)

സെന്‍സെക്‌സ്30 71,731.42 -0.49%

നിഫ്റ്റി50 21,771.70 -0.38%

ബാങ്ക് നിഫ്റ്റി 45,825.55 -0.32%

മിഡ് ക്യാപ് 100 48,410.00 -0.14%

സ്‌മോള്‍ ക്യാപ് 100 16,319.75 +0.26%

ഡൗ ജോണ്‍സ് 30 38,380.12 -0.71%

എസ് ആന്‍ഡ് പി 500 4942.81 -0.32%

നാസ്ഡാക് 15,597.68 -0.20%

ഡോളര്‍ ($) ?83.06 +?0.14

ഡോളര്‍ സൂചിക 104.45 +0.53

സ്വര്‍ണം (ഔണ്‍സ്) $2025.90 -$14.80

സ്വര്‍ണം (പവന്‍) ?46,360 -?120.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $77.99 +$0.66

Tags:    

Similar News