വിപണി ഹ്രസ്വകാല തിരുത്തലിലേക്ക്; വിദേശത്തും ടെക് മേഖല താഴ്ചയില്‍; വിദേശ സൂചനകള്‍ നെഗറ്റീവ്; ക്രൂഡ് വില താഴുന്നു; സ്വര്‍ണം കയറ്റം തുടരുന്നു
ബിറ്റ്‌കോയിന്‍ ഇന്ന് 63,400 ഡോളറിനു മുകളിലാണ്
നാലു ദിവസം തുടര്‍ച്ചയായി കയറിയ വിപണി ഇന്നലെ താഴ്ചയിലായി. താഴ്ച തുടരും എന്ന സൂചനയാണ് പാശ്ചാത്യ വിപണികള്‍ നല്‍കുന്നത്. യു.എസ് സൂചികകള്‍ ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ടെക് ഓഹരികളാണു കൂടുതല്‍ താഴ്ന്നത്. വിപണി ഒരു ഹ്രസ്വകാല തിരുത്തല്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ചാെവ്വാഴ്ച രാത്രി ഗിഫ്റ്റ് നിഫ്റ്റി 22,435ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,400 വരെ താണു. ഇന്ത്യന്‍ വിപണി താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. വ്യാഴാഴ്ച യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ കാര്യത്തില്‍ എന്തു പറയും എന്നതിലാണു വിപണിയുടെ ശ്രദ്ധ.
യു.എസ് വിപണി ഇന്നലെ വലിയ താഴ്ചയിലായി. ചൈനയില്‍ ആപ്പിളിന്റെ ഐഫോണ്‍ വില്‍പന ഇടിയുന്നതായ റിപ്പോര്‍ട്ടും ടെക് കമ്പനികളുടെ ദൗര്‍ബല്യവും വിപണിയെ ഒരു ശതമാനത്തിലധികം വലിച്ചു താഴ്ത്തി. ജര്‍മനിയിലെ ഫാക്ടറിയില്‍ തീ പിടിച്ചതടക്കമുള്ള വിപരീത വാര്‍ത്തകള്‍ ടെസ്ലയെ നാലു ശതമാനം വീഴ്ത്തി. ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ് എന്നിവ മൂന്നു ശതമാനം വീതം താണു. ഇന്റലും സെയില്‍സ് ഫോഴ്‌സും അഞ്ചു ശതമാനം വീതം ഇടിഞ്ഞു. വിപണി അമിതമായി കയറിയെന്നും ഇനി വലിയ തിരുത്തല്‍ വേണമെന്നും കരുതുന്നവര്‍ ഈ താഴ്ചയെ തിരുത്തലിന്റെ തുടക്കമായി കാണുന്നു.
ഡൗ ജോണ്‍സ് സൂചിക 404.64 പോയിന്റ് (1.04%) ഇടിഞ്ഞ് 38,585.19ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 52.30 പോയിന്റ് (1.02%) താഴ്ന്ന് 5078.65ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 267.92 പോയിന്റ് (1.65%) ഇടിവില്‍ 15,939.59ല്‍ എത്തി.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.162 ശതമാനമായി താഴ്ന്നു. പലിശ പ്രതീക്ഷ ബോണ്ട് വിപണിയിലും ചലനമുണ്ടാക്കുന്നതിന്റെ ഫലം. ചൈനയിലടക്കം ഏഷ്യയില്‍ എങ്ങും വിപണികള്‍ ഇന്നും താഴ്ചയിലാണ്.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് കുറേക്കൂടി താഴ്ന്നു ക്ലോസ് ചെയ്തു. നാലു ദിവസത്തെ കയറ്റത്തിനു ശേഷം വിപണിയുടെ മുഖ്യ സൂചികകള്‍ നഷ്ടത്തിലായി. വിപണിയുടെ കുതിപ്പിനു താല്‍ക്കാലിക വിരാമം തുടരുമെന്നാണു സൂചന.
ഐ.ടി മേഖലയുടെ ലാഭക്ഷമത കുറയുന്നു എന്ന സി.എല്‍.എസ്.എ റിപ്പോര്‍ട്ട് ഐ.ടി കമ്പനികളുടെ വിലയിടിച്ചു. എഫ്.എം.സി.ജി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് കമ്പനികളും സ്വകാര്യ ബാങ്കുകളും ധനകാര്യ കമ്പനികളും താഴ്ന്നു.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് സ്വര്‍ണപ്പണയ വിലക്കിനെ തുടര്‍ന്ന് 20 ശതമാനം ഇടിഞ്ഞു. സ്വര്‍ണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും രാവിലെ വലിയ കുതിപ്പ് നടത്തിയെങ്കിലും പിന്നീടു ചെറിയ നേട്ടത്തില്‍ ഒതുങ്ങി. സ്വര്‍ണപ്പണയ ബിസിനസ് ഗണ്യമായി ഉള്ള സി.എസ്.ബി ബാങ്ക് ഓഹരി ആറു ശതമാനത്തോളം കയറി.
ഹെല്‍ത്ത് കെയര്‍ മേഖല സുപ്രീം കോടതി വിധിയുടെ ഫലമായും പുനരുല്‍പാദന ഊര്‍ജമേഖല സര്‍ക്കാര്‍ നയം മാറ്റിയതിന്റെ പേരിലും ഇടിഞ്ഞു. സിമന്റ് വില കുറയുമെന്ന സൂചന സിമന്റ് കമ്പനികളെ താഴ്ത്തി.ടാറ്റാ മോട്ടോഴ്‌സിന്റെ കുതിപ്പിനു പിന്നാലെ ഓട്ടാേ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു.
സെന്‍സെക്‌സ് 195.16 പോയിന്റ് (0.26%) താഴ്ന്ന് 73,677.13ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 49.30 പോയിന്റ് (0.22%) കുറഞ്ഞ് 22,356.30ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 124.90 പോയിന്റ് (0.26%) ഉയര്‍ന്ന് 47,581.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.27 ശതമാനം താണ് 49,114.90ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.24 ശതമാനം താഴ്ന്ന് 15,888.10ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 574.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1834.61 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നിഫ്റ്റിക്ക് ഇന്ന് 22,290ലും 22,200ലും പിന്തുണ ഉണ്ട്. 22,370ലും 22,495ലും തടസങ്ങള്‍ ഉണ്ടാകാം.
ജെ.എം ഫിനാന്‍ഷ്യലിനു വിലക്ക്
ജെ.എം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിനെ ഓഹരികളും കടപ്പത്രങ്ങളും ഈടായി സ്വീകരിച്ചു വായ്പ നല്‍കുന്നതില്‍ നിന്നു റിസര്‍വ് ബാങ്ക് വിലക്കി. പുതിയ വായ്പ പാടില്ല. കൊടുത്ത വായ്പകളുടെ തിരിച്ചു പിടുത്തവും പലിശ ഈടാക്കലും തുടരാം. ഐ.പി.ഒ, ഡിബഞ്ചര്‍ തുടങ്ങിയവ വാങ്ങാന്‍ വായ്പ നല്‍കുന്നതിലും മറ്റും വലിയ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. മാര്‍ജിന്‍ വ്യാപാര ഇടപാടുകളിലും ക്രമക്കേട് കണ്ടു.
മാര്‍ജിന്‍ വ്യാപാരം, ഐ.പി.ഒ അപേക്ഷ തുടങ്ങിയവയില്‍ ഉയര്‍ന്നിട്ടുളള പരാതികള്‍ സെബിയുമായി സഹകരിച്ചാണു റിസര്‍വ് ബാങ്ക് കൈകാര്യം ചെയ്തത്. കൂടുതല്‍ ധനകാര്യ കമ്പനികളും ബ്രോക്കറേജുകളും അന്വേഷണ പരിധിയില്‍ വരുമോ എന്ന ആശങ്ക ഇന്നു വിപണിയില്‍ ഉണ്ടാകാം.
സ്വര്‍ണം ഉയര്‍ന്നു തന്നെ
സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ കയറ്റം തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 2,142 ഡോളര്‍ വരെ എത്തിയ സ്വര്‍ണം 2,127.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,126.30 ഡോളറിലാണ്. 2,150 ഡോളര്‍ വരെ എത്തിയ യു.എസ് ഫ്യൂച്ചേഴ്‌സ് പിന്നീട് അല്‍പം താണു.
യു.എസ് ഫെഡ് ജൂണില്‍ പലിശ കുറച്ചു തുടങ്ങും എന്നു കരുതുന്നവരാണ് വിപണിയുടെ കുതിപ്പിനു പിന്നില്‍. മാര്‍ച്ചിലും മേയ് ആദ്യവും ചേരുന്ന ഫെഡ് കമ്മിറ്റികള്‍ നിരക്കു കുറയ്ക്കില്ലെന്നു വിപണി കരുതുന്നു. ജൂണില്‍ നിരക്കു കുറയ്ക്കല്‍ സാധ്യത 40 ശതമാനം ഉണ്ടെന്നാണു സംസാരം. ഇങ്ങനെ ഊഹം ആധാരമാക്കിയുളള വിലക്കയറ്റം തകര്‍ച്ചയ്ക്കു മുന്നോടിയാണെന്നു കരുതുന്നവര്‍ വിപണിയില്‍ കേവലം പ്രേക്ഷകരായി മാറി നില്‍ക്കുകയാണ്.
ഇന്നും നാളെയും യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കുന്നുണ്ട്. അദ്ദേഹം പലിശയെപ്പറ്റി പറയുന്നതിനെ വ്യാഖ്യാനിച്ച് വിപണി കയറ്റം തുടരുകയോ ഇടിയുകയോ ചെയ്യാം.
കേരളത്തില്‍ ചൊവ്വാഴ്ച സ്വര്‍ണവില കുതിച്ചു കയറി 47,560 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. 2023 ഡിസംബര്‍ 28ലെ 47,120 ആണു മറികടന്നത്. വില ഇന്നും ഉയരുമെന്നാണു സൂചന.
ഡോളര്‍ സൂചിക ചൊവ്വാഴ്ച 103.80 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.88 ലാണ്. ഡോളര്‍ ചൊവ്വാഴ്ച കയറിയിറങ്ങിയിട്ട് തലേ ദിവസത്തെ വിലയില്‍ (82.89 രൂപ) ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ താഴുന്നു
ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് 82.08 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 78.22 ഡോളറിലേക്കും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.12 ഡോളറിലേക്കും താഴ്ന്നു.
ബിറ്റ്‌കോയിന്‍ കുതിച്ചു, കിതച്ചു
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്നലെ റെക്കോര്‍ഡ് കുറിച്ചിട്ട് ഗണ്യമായി ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 69,324 ഡോളര്‍ എന്ന റെക്കോഡില്‍ ഇന്നലെ എത്തിയ ശേഷം എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ന് 63,400 ഡോളറിനു മുകളിലാണ്. ഈഥര്‍, എക്‌സ് ആര്‍ പി, ലൈറ്റ് കോയിന്‍, സൊലാനോ, ഡോജ്, പെപെ, ബോങ്ക് തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികളും ഇടിഞ്ഞു. ചിലവ 14 ശതമാനം വരെ താഴ്ന്നു.
ക്രിപ്‌റ്റോ ഇ.ടി.എഫു (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) കള്‍ അനുവദിച്ച ശേഷം ക്രിപ്‌റ്റോകളിലേക്കു നിക്ഷേപക താല്‍പര്യം വര്‍ധിച്ചു. ഇന്നലെ ഒരു ഫണ്ടിലേക്കു വലിയ തുക വന്നു എന്നതാണു രാവിലെ കുതിപ്പിനു പ്രേരണയായത്. ബിറ്റ്‌കോയിന് ഒരു വര്‍ഷം കൊണ്ട് 210 ശതമാനം വില ഉയര്‍ന്നു. ലാഭമെടുക്കലിനായി വില്‍പന കൂടിയപ്പോള്‍ ഇന്നലെ വില 60,000 ഡോളറിനു താഴെ എത്തി. പിന്നീടു കയറി.
15 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ബിറ്റ്കായിന്‍ നാലു തവണ 75 ശതമാനം ഇടിയുകയും നാലു തവണയും മുന്‍പത്തേക്കാള്‍ ഉയരത്തിലേക്ക് തിരിച്ചു കയറുകയും ചെയ്തിട്ടുണ്ട്.
വിപണിസൂചനകള്‍ (2024 മാര്‍ച്ച് 05, ചാെവ്വ)
സെന്‍സെക്‌സ്30 73,677.13 -0.26%
നിഫ്റ്റി50 22,356.30 -0.22%
ബാങ്ക് നിഫ്റ്റി 47,581.00 +0.26%
മിഡ് ക്യാപ് 100 49,114.90 -0.27%
സ്‌മോള്‍ ക്യാപ് 100 15,888.10 -1.24%
ഡൗ ജോണ്‍സ് 30 38,585.20 -1.04%
എസ് ആന്‍ഡ് പി 500 5078.65 -1.02%
നാസ്ഡാക് 15,939.60 -1.65%
ഡോളര്‍ ($) 82.89 0.00
ഡോളര്‍ സൂചിക 103.80 -0.02
സ്വര്‍ണം (ഔണ്‍സ്) $2127.50 +$12.00
സ്വര്‍ണം (പവന്‍) 47,560 560.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.08 -$0.72